ലോകകപ്പിന് മുമ്പൊരു ചാമ്പ്യന്‍പോരാട്ടം; കോണ്‍ഫെഡറേഷന്‍ കപ്പിന് ഇന്ന്‌ പന്തുരുളും

മോസ്‌കോ: ലോകകപ്പിനു മുമ്പൊരു ഫുട്‌ബോള്‍വിരുന്നിന് റഷ്യ ഇന്ന് കണ്‍തുറക്കും. വന്‍കരകളിലെ വമ്പന്‍മാരുടെ പോരാട്ടമായ കോണ്‍ഫെഡറേഷന്‍സ് കപ്പിന് മോസ്‌കോയിലെ ലുഷ്‌നികി സ്റ്റേഡിയത്തില്‍ തുടക്കമാകുന്നു. ലോകകപ്പിന് ഒരുവര്‍ഷത്തില്‍ താഴെമാത്രം ശേഷിക്കെ ഞങ്ങള്‍ ഒരുങ്ങിയെന്ന് റഷ്യക്ക് തെളിയിക്കാനുള്ള അവസരമാണിത്. എട്ട് ടീമുകള്‍ പങ്കെടുക്കും. ആകെ നോക്കിയാല്‍ 30 രാജ്യങ്ങളിലെ 118 ക്‌ളബ്ബുകളില്‍ കളിക്കുന്ന കളിക്കാരുടെ മേള.

എട്ട് ടീമുകള്‍ രണ്ട് ഗ്രൂപ്പാകും. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമിയിലേക്ക് മുന്നേറും. 28നും 29നും ആണ് സെമി മത്സരങ്ങള്‍. ജൂലൈ രണ്ടിനാണ് ഫൈനല്‍. അന്നുതന്നെ മൂന്നാം സ്ഥാനക്കാര്‍ക്കുള്ള മത്സരവും നടക്കും.

ഓരോ മേഖലയിലെയും ചാമ്പ്യന്‍മാര്‍ക്കൊപ്പം ലോകകപ്പ് ജേതാക്കളും ആതിഥേയരും ഉള്‍പ്പെട്ടതാണ് കോണ്‍ഫെഡറേഷന്‍ കപ്പ്. 10ാം പതിപ്പാണിത്. ജര്‍മനി (ലോകകപ്പ് ജേതാക്കള്‍), ചിലി (ലാറ്റിനമേരിക്ക), പോര്‍ച്ചുഗല്‍ (യൂറോപ്പ്), ഓസ്‌ട്രേലിയ (ഏഷ്യ), കാമറൂണ്‍ (ആഫ്രിക്ക), ന്യൂസിലന്‍ഡ് (ഓഷ്യാനിയ), മെക്‌സിക്കോ (കോണ്‍കാകാഫ്), റഷ്യ (ആതിഥേയര്‍) എന്നിവയാണ് കിരീടത്തിനായി ഏറ്റുമുട്ടുന്നത്. യൂറോപ്പില്‍നിന്ന് ഒരേസമയം മൂന്ന് ടീമുകള്‍ ഉള്‍പ്പെട്ടു. റഷ്യയും പോര്‍ച്ചുഗലും ജര്‍മനിയും. ഇതാദ്യമാണ് ഒരേ മേഖലയില്‍നിന്ന് മൂന്നു ടീമുകള്‍ ടൂര്‍ണമെന്റില്‍ കളിക്കുന്നത്.

മെക്‌സിക്കോ മാത്രമേ ഇതിനുമുമ്പ് കിരീടം നേടിയിട്ടുള്ളൂ. മെക്‌സിക്കോ ഏഴാം തവണയാണ് കോണ്‍ഫെഡറേഷന്‍സ് കപ്പിനെത്തുന്നത്. ഓസ്‌ട്രേലിയ, കാമറൂണ്‍ ടീമുകള്‍ ഓരോതവണ രണ്ടാം സ്ഥാനക്കാരായിട്ടുണ്ട്. ജര്‍മനി ഒരുതവണ മൂന്നാം സ്ഥാനം നേടി. നാലുതവണ കിരീടംചൂടിയ ബ്രസീലിന്റെ പേരിലാണ് റെക്കോഡ്. ഗ്രൂപ്പ് ബിയിലാണ് ജര്‍മനി.

ലോകകപ്പ് ചാമ്പ്യന്‍മാരായ ജര്‍മനിക്ക് ഇത്തവണ യുവനിരയാണ്. പിഎസ്ജി താരം ജൂലിയന്‍ ഡ്രാക്സ്ലര്‍ ആണ് ടീമിലെ പരിചയസമ്പന്നന്‍. ജോഷ്വ കിമ്മിച്ച്, ടിമോ വെര്‍ണെര്‍, നിക്‌ളാസ് സുലെ, ജൂലിയന്‍ ബ്രാന്‍ഡ്റ്റ് എന്നിവരാണ് ജര്‍മന്‍ യുവനിരയിലെ ശ്രദ്ധേയ കളിക്കാര്‍. അടുത്തവര്‍ഷത്തെ ലോകകപ്പിനുള്ള മികച്ച കളിക്കാരെ കണ്ടെത്തല്‍കൂടിയാണ് ജര്‍മനിക്ക് ഈ വേദി. യുവനിരയാണെങ്കിലും സാധ്യതയില്‍ മുമ്പിലാണ് ജര്‍മനി. ഗ്രൂപ്പ് ബിയിലാണ് ജര്‍മനി. കാമറൂണ്‍, ചിലി, ഓസ്‌ട്രേലിയ ടീമുകളും ബി ഗ്രൂപ്പിലുണ്ട്. 19ന് ഓസ്‌ട്രേലിയയുമായാണ് ജര്‍മനിയുടെ ആദ്യ മത്സരം.

യൂറോ ചാമ്പ്യന്‍മാരായ പോര്‍ച്ചുഗലിന്റെ ആദ്യ കോണ്‍ഫെഡറേഷന്‍സ് കപ്പ് പ്രവേശമാണിത്. ഏറ്റവും മികച്ച നിരയാണ് പോര്‍ച്ചുഗലിന്റേത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സാന്നിധ്യമാണ് ടീമിന്റെ കരുത്തും ആവേശവും. യൂറോ കപ്പ് നേടിയ ടീമില്‍ വലിയ മാറ്റങ്ങളൊന്നുമില്ല. ഏദെറും റെനാറ്റോ സാഞ്ചെസും ഒഴിവാക്കപ്പെട്ടു. ഗ്രൂപ്പ് എയിലാണ് പോര്‍ച്ചുഗല്‍. ആദ്യകളി നാളെ മെക്‌സിക്കോയുമായി.

കോണ്‍കാകാഫിലെ മിന്നുന്ന പ്രകടനവുമായാണ് മെക്‌സിക്കോ ടൂര്‍ണമെന്റിനെത്തുന്നത്. ലോകകപ്പ് മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് അവരുടേത്. ഹാവിയര്‍ ഹെര്‍ണാണ്ടസിന്റെ ഗോളടിമികവില്‍ സെമി ഉറപ്പിക്കാമെന്ന് മെക്‌സിക്കോ കണക്കുകൂട്ടുന്നു.

ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ചാമ്പ്യന്‍മാരായ കാമറൂണ്‍ അട്ടിമറിക്ക് കെല്‍പ്പുള്ള സംഘമാണ്. സ്പാനിഷ് ക്‌ളബ് സെവിയ്യയുടെ ഗോളിയായ ഫാബ്രിസെ ഒന്‍ഡോയയാണ് ടീമിലെ പ്രധാന കളിക്കാരന്‍. മികച്ച പ്രതിരോധമാണ് ആഫ്രിക്കന്‍ ചാമ്പ്യന്‍മാരുടെ കരുത്ത്. ലാറ്റിനമേരിക്കന്‍ ചാമ്പ്യന്‍മാരായ ചിലി ഇപ്പോള്‍ മികച്ച പ്രകടനത്തിലല്ല. സന്നാഹമത്സരത്തില്‍ റുമേനിയയോട് തോറ്റു. അര്‍ട്യൂറോ വിദാല്‍, അലെക്‌സി സാഞ്ചെസ്, ചാള്‍സ് അരാന്‍ഗ്വിസ് എന്നീ വമ്പന്‍മാരുള്‍പ്പെട്ട സംഘം കപ്പടിക്കാന്‍ കെല്‍പ്പുള്ളവരാണ്.

ആതിഥേയരായ റഷ്യ തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്. പല മുന്‍നിരതാരങ്ങളും കളമൊഴിഞ്ഞു. പുതിയ പരിശീലകന്‍സ്റ്റാനിസ്‌ളാവ് ചെര്‍കെസോവിനുകീഴില്‍ യുവതാരങ്ങള്‍ ഉയര്‍ന്നുവന്നു. മുന്നേറ്റക്കാരന്‍ ഫെദെര്‍ സ്‌മോലൊവില്‍ റഷ്യ പ്രതീക്ഷിക്കുന്നു. ഇന്ന് ന്യൂസിലന്‍ഡിനെ കീഴടക്കി മികച്ച തുടക്കംകുറിക്കാമെന്ന് ആത്മവിശ്വാസമുണ്ട് റഷ്യക്ക്. ന്യൂസിലന്‍ഡിന്റെ നാലാം കോണ്‍ഫെഡറേഷന്‍സ് കപ്പാണിത്. ഓഷ്യാനിയ ചാമ്പ്യന്‍മാര്‍ക്ക് മുന്നേറ്റത്തില്‍ മികച്ച കളിക്കാരുണ്ട്. റ്യാന്‍ തോമസ്, മാര്‍കോ റോജാസ് എന്നിവരാണ് മുന്നേറ്റത്തില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News