
കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമായപ്പോള്‍ കേരളം കടപ്പെട്ടിരിക്കുന്നത് ഈ മനുഷ്യനോടാണ്, ഏലാട്ടു വളപ്പില്‍ ശ്രീധരനോട്. ഒരു ആശയത്തെ സ്വപ്നത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് കൊണ്ടു വന്നുവെന്ന് മാത്രമല്ല അദ്ദേഹത്തിന്റെ നേട്ടം, അഴിമതിയില്‍ മുങ്ങിക്കുളിക്കുമായിരുന്ന ഒരു പദ്ധതിയെ വിടാതെ പിന്തുടര്‍ന്ന് സാധാരണക്കാരന്റെ നികുതിപ്പണം സംരക്ഷിച്ചതിന്. കൊച്ചി മെട്രോയുടെ ചരിത്രം ഇ ശ്രീധരന്റെ പോരാട്ടത്തിന്റെ ചരിത്രം കൂടിയാണ്.
1998, നിരവധി വികസനപദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ഇ ശ്രീധരന് സംസ്ഥാനത്ത് സ്വീകരണം. സ്വീകരണത്തിന് മറുപടി പറയവേ കേരളത്തിനും വേണ്ടേ ഒരു മെട്രോ എന്ന് ഇ ശ്രീധരന്‍ ചോദിക്കുന്നു. ഒരു പുത്തന്‍ ആശയം കേരളത്തിന് മുന്നില്‍ വിടരുന്നത് ചടങ്ങില്‍ പങ്കെടുത്ത നേതാക്കള്‍ അനുഭവിച്ചറിയുന്നു. ചര്‍ച്ച നടത്താനായി ഇ ശ്രീധരനെ മുഖ്യമന്ത്രി ഇകെ നായനാര്‍ നിയമസഭാ സമുച്ചയത്തിലേക്ക് ക്ഷണിക്കുന്നു. ഇ ശ്രീധരന്‍ ആശയമവതരിപ്പിക്കുന്നു. പദ്ധതി കൊള്ളാമെന്ന് എല്ലാവരും വിലയിരുത്തുന്നു. 1999 ജൂലൈ 21ലെ മന്ത്രിസഭായോഗം പദ്ധതി പഠിക്കാനായി റൈറ്റ്‌സിനെ (RITES) ചുമതപ്പെടുത്തുന്നു. തുടര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പ്. 2001ല്‍ എകെ ആന്റണിയുടെ നേതൃത്വത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നു. റൈറ്റ്‌സ് പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും പദ്ധതിയില്‍ പുരോഗതി ഉണ്ടായില്ല. ഇതിനിടെ കൊച്ചി മെട്രോക്ക് പകരം ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്‌സ് മീറ്റില്‍ പുതിയ പദ്ധതി അവതരിപ്പിക്കപ്പെടുന്നു. എന്നാല്‍ ചര്‍ച്ചകള്‍ വളഞ്ഞു തിരിഞ്ഞ് വീണ്ടും കൊച്ചി മെട്രോയില്‍. കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നത്തെത്തുടര്‍ന്ന് ആന്റണി മാറി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയാകുന്നു.
2004 ഡിസംബര്‍ 24ന് പദ്ധതിയുടെ ഫീസിബിലിറ്റി റിപ്പോര്‍ട്ടിനായി അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഡിഎംആര്‍സിയെ ചുമതലപ്പെടുത്തി. 2005ല്‍ പൂര്‍ണ റിപ്പോര്‍ട്ട് (DPR) തയ്യാറാക്കാന്‍ സര്‍ക്കാര്‍ ഡിഎംആര്‍സിക്ക് കണ്‍സള്‍ട്ടന്റ് സ്ഥാനം നല്‍കുന്നു. 2006ല്‍ തുടങ്ങി 2010ല്‍ പൂര്‍ത്തിയാക്കാനായിരുന്നു പദ്ധതി. എന്നാല്‍ പദ്ധതി പ്രാവര്‍ത്തികമാണോയെന്ന സംശയം കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു വച്ചു. തുടര്‍ന്ന് പദ്ധതി നീണ്ടു പോയി. 2008ല്‍ വിഎസ് അച്ചുതാനന്ദന്‍ സര്‍ക്കാര്‍ കൊച്ചി മെട്രോ പദ്ധതി അംഗീകാരത്തിനായി കേന്ദ്രത്തിനയക്കുന്നു. ദില്ലി മെട്രോ മാതൃകയില്‍ പദ്ധതി പൊതു മേഖലയില്‍ നടപ്പാക്കാന്‍ കേന്ദ്രം സംസ്ഥാനത്തിനൊപ്പം നില്‍ക്കുമെന്നായിരുന്നു സംസ്ഥാനസര്‍ക്കാരിന്റെ പ്രതീക്ഷ. എന്നാല്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുളള പദ്ധതിയിലായിരുന്നു കേന്ദ്രത്തിന് താത്പര്യം.
കൊച്ചി മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി വിഎസ് അച്ചുതാനന്ദനും ധനമന്ത്രി ഡോ.തോമസ് ഐസക്കും ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ മൊണ്ടേക് സിംഗ് അലുവാലിയയുമായി നിരവധി ചര്‍ച്ചകള്‍ നടത്തുന്നു.പദ്ധതി ദില്ലി മെട്രോ മാതൃകയില്‍ നടപ്പാക്കണമെന്നായിരുന്നു പ്രധാന ചര്‍ച്ചാ വിഷയം. ഡല്‍ഹി മോഡല്‍ കേരളത്തിന് പറ്റില്ലെന്നായിരുന്നു മൊണ്ടേക് സിങ് അലുവാലിയ നിലപാട് എടുത്തത്. ഇത് പദ്ധതിയെ അനന്തമായി നീട്ടി.
എന്നാല്‍ പദ്ധതിയുടെ മുന്നൊരുക്കങ്ങള്‍ നടത്തുന്നതില്‍ നിന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ പിന്നോട്ടു പോയില്ല. ഡിഎംആര്‍സിയുടെ കൊച്ചി ഓഫീസ് 2009 ജൂണില്‍ തുറന്നു. രാഷ്ട്രീയ കാരണങ്ങളാല്‍ പദ്ധതിക്ക് അംഗീകാരം നല്‍കുന്നത് കേന്ദ്ര സര്‍ക്കാര്‍ നീട്ടിക്കൊണ്ടുപോയി.
2011ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വരുന്നു, ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി. പദ്ധതിയുമായി സഹകരിച്ചു വരുന്ന ഡിഎംആര്‍സിക്ക് പകരം ആഗോള ടെണ്ടര്‍ വിളിക്കാനായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം. ആഗോള ടെണ്ടറില്ലെങ്കില്‍ പണം നല്‍കുന്ന വിദേശ കമ്പനി സഹകരിക്കില്ലെന്നായിരുന്നു ന്യായം. ഡിഎംആര്‍സി ഉണ്ടെങ്കിലും വിദേശ ഫണ്ടിനു പ്രശ്‌നമില്ലെന്ന് ഇ ശ്രീധരന്‍ പറഞ്ഞെങ്കിലും ടോം ജോസ് വഴങ്ങിയില്ല. തുടര്‍ന്ന് അനുബന്ധ വികസന പദ്ധതികളില്‍ നിന്നും പിന്മാറാന്‍ ഡിഎംആര്‍സി തീരുമാനിച്ചു. നോര്‍ത്ത് മേല്‍പ്പാലം മേല്‍നോട്ടത്തിന് മാത്രമുള്ള ഉദ്യോഗസ്ഥരെ നിലനിര്‍ത്തി ബാക്കിയുള്ളവരെ ശ്രീധരന്‍ തിരിച്ചയച്ചു.
ഡിഎംആര്‍സിക്ക് പകരം കമ്പനികളെ കണ്ടെത്താന്‍ സര്‍ക്കാരിന്റെ ഒത്താശയോടെ ടോം ജോസ് അന്വേഷണം ആരംഭിച്ചു. പരസ്യമായി ഇ ശ്രീധരനനുകൂല നിലപാട് സ്വീകരിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പോലും ടോം ജോസിനെ തിരുത്താന്‍ മുതിര്‍ന്നില്ല.
ഇതിനിടെ പദ്ധതി ഡിഎംആര്‍സിയെ ഏല്‍പ്പിക്കാനുളള തീരുമാനം രണ്ടു മന്ത്രിസഭായോഗങ്ങളില്‍ കൈക്കൊണ്ടു. എന്നാല്‍ ഇക്കാര്യം പരസ്യമാക്കുകയോ കേന്ദ്രത്തെ അറിയിക്കുകയോ ചെയ്തില്ല.
കൊച്ചി മെട്രോയുടെ പേരില്‍ കമ്മീഷന്‍ തട്ടാനാണ് ശ്രമമെന്ന സംശയം പൊതുവെ സാധൂകരിക്കപ്പെട്ടു. കൊച്ചി മെട്രോ റയില്‍ ലിമിറ്റഡിന്റെ ബാങ്ക് അക്കൗണ്ട് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ബന്ധുവിന്റെ ബാങ്കിലേക്ക് മാറ്റിയതിലൂടെ ഈ ബോധ്യം അരക്കിട്ടുറപ്പിക്കപ്പെട്ടു. ഡിഎംആര്‍സിയെ ഒഴിവാക്കി കൊച്ചി മെട്രോ പദ്ധതിയുമായി മുന്നോട്ടു പോകാനുളള നീക്കത്തിനെതിരെ അന്നത്തെ പ്രതിപക്ഷം രംഗത്തിറങ്ങി.
ഡിഎംആര്‍സി പിന്മാറിയാലും പ്രശ്‌നമില്ലെന്ന പ്രസ്താവനയുമായി അന്നത്തെ കെഎംആര്‍എല്‍ മാനേജിങ് ഡിറക്ടര്‍ ടോം ജോസ് രംഗത്തു വന്നു. ഡിഎംആര്‍സി ഇല്ലെങ്കിലും പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന വിവാദ പ്രസ്താവനയും ടോംജോസ് നടത്തി. എരിതീയില്‍ എണ്ണയൊഴിക്കുന്ന പ്രസ്താവന അന്നത്തെ മന്ത്രിയില്‍ നിന്നും ഉണ്ടായി. ഇതു മാത്രമല്ല കെഎംആര്‍എല്ലും ഡിഎംആര്‍സിയും തമ്മിലുളള ശീതയുദ്ധം കനത്തതോടെ ഒന്നുകില്‍ ആഗോള ടെണ്ടറില്‍ പങ്കെടുക്കാം അല്ലെങ്കില്‍ പിന്മാറാമെന്ന കത്ത് ടോം ജോസ് ഡിഎംആര്‍സിക്കയച്ചു. ഇ ശ്രീധരനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളും കത്തില്‍ ഇടം പിടിച്ചിരുന്നു.
പദ്ധതി ഡിഎംആര്‍സിയുടെ നേതൃത്വത്തില്‍ തന്നെ നടപ്പാക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം നിലപാട് കര്‍ക്കശമാക്കി. ‘ആഗോള ടെണ്ടര്‍ എന്ന നിബന്ധന സ്വകാര്യമേഖലയ്ക്കായുളള വാതില്‍ തുറന്നു കൊടുക്കലാണ്. ഇത് അഴിമതിക്കുളള നീക്കമാണ്. ഡിഎംആര്‍സിക്കു തന്നെ ചുമതല നല്‍കി പൊതു മേഖലയില്‍ പദ്ധതി നടപ്പാക്കണം. ഡിഎംആര്‍സിയുടേയും ഇ ശ്രീധരന്റേയും വൈദഗ്ദ്യം സര്‍ക്കാര്‍ കാണാതെ പോകരുത്. ‘അന്നത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വ്യക്തമാക്കി.
‘നഗ്‌നമായ അഴിമതി നടത്താനുളള നീക്കമാണിത്. കൊങ്കണ്‍ റെയില്‍വേയും ദില്ലി മെട്രോയും നിര്‍മ്മിച്ച ഇ ശ്രീധരനെ ഒഴിവാക്കാനുളള നീക്കം അപകടകരമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ കെഎംആര്‍എല്ലിന് ഓഫീസ് നിര്‍മ്മിക്കാന്‍ 150 കോടിയും അടിസ്ഥാനസൗകര്യവികസനത്തിന് 50 കോടിയും നല്‍കിക്കഴിഞ്ഞു. ഇത് വെളളത്തില്‍ വരച്ച വര പോലെ ആക്കരുത്. ‘അന്നത്തെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ വ്യക്തമാക്കി.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കുത്സിത നീക്കത്തിനെതിരെ അന്ന് പ്രതിപക്ഷ ഉപനേതാവായിരുന്ന കോടിയേരി ബലകൃഷ്ണനും രംഗത്തു വന്നു. അന്ന് കേന്ദ്ര മന്ത്രിയായിരുന്ന വയലാര്‍ രവിയും സര്‍ക്കാരിന്റെ വഴി വിട്ട നീക്കത്തെ അപലപിച്ചു. ‘ഞങ്ങള്‍ പദ്ധതിയുടെ ഭാഗമായിരുന്നു. ഇനിയും ആകാന്‍ താത്പര്യമുളളവരുമാണ്. ഡിഎംആര്‍സി ഈ പദ്ധതിയുമായി ബന്ധപ്പെടുന്നതു തന്നെ സര്‍ക്കാരുകളുടെ അഭ്യര്‍ത്ഥന മൂലമാണ്.’ഇതായിരുന്നു മെട്രോമാന്‍ ഇ ശ്രീധരന്റെ പ്രതികരണം.
കേരളം ഇളകി മറിഞ്ഞു. എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ മനുഷ്യ ചങ്ങല പ്രതീകാത്മക മെട്രോ സമരങ്ങളില്‍ പതിനായിരങ്ങള്‍ അണിനിരന്നു. ഒടുവില്‍ ഡിഎംആര്‍സിക്കു തന്നെയാണ് ചുമതലയെന്ന തീരുമാനം 2012 ജനുവരിയില്‍ കേരള മന്ത്രിസഭ കൈക്കൊണ്ടു. ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചു.
ഇ ശ്രീധരന്റെ നേതൃത്വത്തില്‍ പദ്ധതി മുന്നോട്ട്. ഉമ്മന്‍ചാണ്ടി മാറി പിണറായി മുഖ്യമന്ത്രിയാകുന്നു. മെട്രോ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ എല്ലാ വിധ പിന്തുണയും മെട്രോയുടെ കൂടി ചുമതലയുളള മുഖ്യമന്ത്രി ഉറപ്പു നല്‍കുന്നു.
ഒടുവില്‍ കേരളത്തിന്റെ സ്വപ്നമായിരുന്ന മെട്രോ യാഥാര്‍ത്ഥ്യമായി. അപ്പോഴും മെട്രോമാന്‍ ഇ ശ്രീധരനെതിരെ നീക്കങ്ങളുണ്ടായി. ഇത്തവണ മെട്രോ ശില്പിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ വേദിയില്‍ നിന്നു തന്നെ മാറ്റി നിര്‍ത്താനായിരുന്നു നീക്കം. ശ്രീധരന്‍ ഉദ്ഘാടന വേദിയിലുണ്ടാകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രധാനമന്ത്രിയുടെ ഓഫീസിനു കത്തെഴുതി. ഒടുവില്‍ മെട്രോമാന് ഉദ്ഘാടന വേദിയില്‍ ഇരിപ്പിടം ലഭിച്ചു. സദസില്‍ ഏറ്റവുമധികം കൈയ്യടി നേടിയത് ഇ ശ്രീധരനാണെന്നത് കേരളം ഈ മനുഷ്യനോട് എങ്ങിനെ കടപ്പെട്ടിരിക്കുന്നുവെന്നതിന്റെ അംഗീകാരമാണ്. അതേ മെട്രോമാന്‍ തന്നെയാണ് മാന്‍ ഓഫ് ദ മാച്ച്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here