നാടിന്റെ അഭിമാനമായി ഇ.ശ്രീധരന്‍; മനപൂര്‍വ്വം മറന്ന് പ്രധാനമന്ത്രി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യമുണ്ടായിരുന്നെങ്കിലും കൊച്ചി മെട്രോ ഉദ്ഘാടനച്ചടങ്ങില്‍ തിളങ്ങിയത് മെട്രോമാന്‍ ഇ.ശ്രീധരന്‍ തന്നെയായിരുന്നു. മോദിക്ക് പോലും ലഭിക്കാത്ത രീതിയിലുള്ള കൈയ്യടിയുമാണ് ശ്രീധരന് ലഭിച്ചത്. കൊച്ചിക്കാരുടെ മനസില്‍ നിറഞ്ഞുനിന്ന ശ്രീധരനെ പക്ഷേ, മോദി മനപൂര്‍വ്വം മറക്കുകയും ചെയ്തു.

മലയാളികള്‍ക്കൊപ്പം സന്തോഷത്തില്‍ പങ്കുചേരുന്നുവെന്ന് മലയാളത്തില്‍ പറഞ്ഞുകൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്. കൊച്ചി മെട്രോയ്ക്കായുള്ള പകുതി കേരളവും പകുതി കേന്ദ്രവുമാണ് വഹിച്ചതെന്നും മോദി ഓര്‍മിപ്പിച്ചു. മെട്രോ യാഥാര്‍ത്ഥ്യമാകുന്നതിലൂടെ കൊച്ചിയുടെ വികസനത്തിന് വേഗം പകരുമെന്നും മോദി പറഞ്ഞു.

റെയില്‍വെ, റോഡ്, ഊര്‍ജ്ജം എന്നീ മേഖലകള്‍ക്ക് പ്രാധാന്യം നല്‍കിയാണ് കേന്ദ്രം വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നത്. കൊച്ചിയുടെ തിരക്കില്‍ മെട്രോ അനിവാര്യമാണെന്നും മോദി പറഞ്ഞു. ഏറ്റവും ആധുനിക സൗകര്യങ്ങള്‍ ഒരുക്കിയ കൊച്ചി മെട്രോയില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ് ജെന്‍ഡേഴ്‌സിനും പ്രാതിനിധ്യം നല്‍കിയതും മോദി പ്രസംഗത്തില്‍ പരാമര്‍ശിച്ചു. എന്നാല്‍ മെട്രോയുടെ കുതിപ്പില്‍ നിര്‍ണായക പങ്കുവഹിച്ച ശ്രീധരനെ മോദി മറന്നു.

മോദി മിണ്ടിയില്ലെങ്കിലും കൊച്ചിയിലെ ജനം സ്‌നേഹം നിറഞ്ഞ സ്വീകരണമാണ് ശ്രീധരന് നല്‍കിയത്. മോദിയും കേന്ദ്രമന്ത്രിയുമടക്കമുള്ള വിശിഷ്ട വ്യക്തികള്‍ പോലും അമ്പരന്നുപോയ സ്വീകരണമാണ് ജനം നല്‍കിയത്. സ്വാഗതപ്രസംഗം തുടരാന്‍ പോലും കഴിയാത്ത വിധത്തിലായിരുന്നു കരഘോഷം. എന്നാല്‍ ഈ സമയത്തും യാതൊരു ഭാവഭേദവുമില്ലാതെ പതിവ് വിനയത്തില്‍ തന്നെയാണ് ശ്രീധരന്‍ വേദിയില്‍ ഇരുന്നതും.

ഉദ്ഘാടനച്ചടങ്ങില്‍ നിന്നും പ്രധാനമന്ത്രിയുടെ ഓഫീസ് ശ്രീധരനെ ഒഴിവാക്കിയതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്നീട് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചതിനെ തുടര്‍ന്നാണ് ശ്രീധരനെയും പ്രതിപക്ഷ നേതാവിനെയും വേദിയില്‍ ഉള്‍പ്പെടുത്തിയത്. ഈ സാഹചര്യത്തിലും ശ്രീധരനെക്കുറിച്ച് മോദി ഒരു വാക്ക് എങ്കിലും പറയുമെന്ന് സദസ് പ്രതീക്ഷിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News