ഇതാണ് മുഖ്യമന്ത്രി പിണറായി; വേദിയില്‍ പിന്നിലായി പോയ ഇ.ശ്രീധരനെ ഒപ്പം ചേര്‍ത്തുനിര്‍ത്തി; ‘മെട്രോ ഉദ്ഘാടനവേദിയില്‍ പിന്നില്‍ നില്‍ക്കേണ്ട ആളല്ല ശ്രീധരന്‍’

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇ.ശ്രീധരനെ അവഗണിച്ചപ്പോള്‍, ഒപ്പം ചേര്‍ത്തുനിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി മെട്രോ ഉദ്ഘാടനവേദിയില്‍ നിന്നാണ് ആ സ്‌നേഹക്കാഴ്ച.

നാട മുറിച്ച് മോദി ഉദ്ഘാടനം നിര്‍വഹിക്കുന്ന സമയത്ത് ഇ.ശ്രീധരന്‍ പിന്നിലായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രി പിണറായി അദ്ദേഹത്തെ വിളിച്ച് മുന്നോട്ടു കൊണ്ടുവരുകയായിരുന്നു. തുടര്‍ന്നാണ് നാട മുറിച്ച് മെട്രോ ഉദ്ഘാടനം മോദി നിര്‍വഹിച്ചത്.

കൊച്ചി മെട്രോ ഉദ്ഘാടനവേദിയില്‍ ഒരിക്കിലും പിന്നില്‍ നില്‍ക്കേണ്ട ആളല്ല മെട്രോമാന്‍ ശ്രീധരന്‍. അക്കാര്യം അറിയാവുന്ന മുഖ്യമന്ത്രി പിണറായി, മോദിയുടെയും പരിവാരങ്ങളുടെയും തിരക്കുകളില്‍ പിന്നിലായി പോയ ആ മഹത് വ്യക്തിയെ ചേര്‍ത്തുനിര്‍ത്തുകയായിരുന്നു.


ആദ്യം ഉദ്ഘാടനച്ചടങ്ങില്‍ നിന്നും പ്രധാനമന്ത്രിയുടെ ഓഫീസ് ശ്രീധരനെ ഒഴിവാക്കിയിരുന്നു. പിന്നീട് മുഖ്യമന്ത്രി പിണറായി കത്തയച്ചതിനെ തുടര്‍ന്നാണ് ശ്രീധരനെയും പ്രതിപക്ഷ നേതാവിനെയും വേദിയില്‍ ഉള്‍പ്പെടുത്തിയത്.

മാത്രമല്ല, മെട്രോ യാഥാര്‍ഥ്യമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ശ്രീധരന് കൊച്ചിയിലെ ജനം സ്‌നേഹം നിറഞ്ഞ സ്വീകരണമാണ് നല്‍കിയത്. മോദിയും കേന്ദ്രമന്ത്രിയുമടക്കമുള്ള വിശിഷ്ട വ്യക്തികള്‍ പോലും അമ്പരന്നുപോയ സ്വീകരണമാണ് ജനം നല്‍കിയത്. സ്വാഗതപ്രസംഗം തുടരാന്‍ പോലും കഴിയാത്ത വിധത്തിലായിരുന്നു ശ്രീധരന്റെ പേര് പറഞ്ഞപ്പോള്‍ ലഭിച്ച കരഘോഷം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here