കോഴിക്കോട്: കൊച്ചി മെട്രോയില്‍ മോദിക്കൊപ്പം യാത്ര ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. യാത്രയ്ക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് തനിക്ക് അനുമതി ലഭിച്ചിരുന്നു. വ്യക്തമായ അറിയിപ്പ് കിട്ടിയതിനാലാണ് പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്തതെന്നും കുമ്മനം വിശദീകരിച്ചു.

പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പങ്കെടുക്കുന്ന ചടങ്ങിലേക്ക് ഒരു അറിയിപ്പും കിട്ടാതെ കയറിച്ചെല്ലാനാവില്ലെന്ന് തനിക്ക് അറിയാം. പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ പട്ടികയില്‍ തന്റെ പേരും ഉണ്ടായിരുന്നതായും കുമ്മനം അവകാശപ്പെട്ടു. പേരുണ്ടായിരുന്നത് കൊണ്ടാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്നെ തടയാതിരുന്നതെന്നും കുമ്മനം പറഞ്ഞു.
മെട്രോയുടെ ഉദ്ഘാടനയാത്രയില്‍ മോദിക്കൊപ്പം യാത്ര ചെയ്ത കുമ്മനത്തെ സോഷ്യല്‍മീഡിയ രൂക്ഷ പരിഹാസങ്ങള്‍ കൊണ്ടാണ് സ്വീകരിച്ചത്. സുരക്ഷാ ക്രമീകരണങ്ങളെ അട്ടിമറിച്ച്, വലിഞ്ഞുകയറിയാണ് കുമ്മനം മെട്രോയില്‍ യാത്ര ചെയ്തതെന്നും സോഷ്യല്‍മീഡിയ ചൂണ്ടിക്കാണിക്കുന്നു. കുമ്മനത്തിന്റെ ആളാകല്‍ ശ്രമത്തെ ‘കുമ്മനംപ്രാഞ്ചി’ എന്ന ഹാഷ് ടാഗ് സഹിതമാണ് പരിഹസിക്കുന്നത്.

കുമ്മനത്തിന്റെ ഇത്തരം ആളാകല്‍ ശ്രമം പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്ക് എന്ത് കാര്യമെന്ന പഴഞ്ചെല്ല് ഓര്‍മ്മിക്കുന്നതാണെന്നും വിമര്‍ശനമുണ്ട്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള ജനപ്രതിനിധികളെ വരെ ഒഴിവാക്കിയുള്ള യാത്രയിലാണ് പട്ടികയില്‍ പേരില്ലാതിരുന്നിട്ടും കുമ്മനത്തിന്റെ ഇടിച്ചുകയറ്റം.

ഗവര്‍ണര്‍ പി സദാശിവം, പ്രധാനമന്ത്രി മോദി, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു എന്നിവരുടെ നിരയിലാണ് കുമ്മനം ഇരിപ്പുറപ്പിച്ചത്. പാലാരിവട്ടം മുതല്‍ പത്തടിപ്പാലം വരെയാണ് പ്രധാനമന്ത്രി മെട്രോയില്‍ യാത്ര ചെയ്തത്. ഈ യാത്രയില്‍ ഷെഡ്യൂളില്‍ ഇല്ലാതെ കടന്നുകൂടിയ ഏക ആള്‍ കുമ്മനം രാജശേഖരന്‍ മാത്രമാണ്. കുമ്മനം വലിഞ്ഞുകയറിയതോടെ ഇ ശ്രീധരന് ലഭിക്കേണ്ട അവസരമാണ് നഷ്ടമായത്.