ഇന്തോനേഷ്യന്‍ സൂപ്പര്‍ സീരിസ് ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് സന്തോഷവും നിരാശയും; ശ്രീകാന്ത് ഫൈനലില്‍, പ്രണോയ് സെമിയില്‍ പുറത്ത്

ലോക ഒന്നാം നമ്പര്‍ റാങ്കുകാരന്‍ സണ്‍ വാന്‍ ഹുവിനെ അട്ടിമറിച്ചാണ് ഇന്ത്യന്‍ താരം കെ. ശ്രീകാന്ത് ഇന്തോനേഷ്യന്‍ സൂപ്പര്‍ സീരിസ് ഫൈനലിലെത്തിയത്. മൂന്ന് ഗെയിം നീണ്ട വാശിയേറിയ മത്സരത്തിനൊടുവിലായിരുന്നു ശ്രീകാന്തിന്റെ ജയം. സ്‌കോര്‍ 21-15,14-21,24-22.

ഇന്തോനേഷ്യന്‍ സൂപ്പര്‍ സീരിസ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമെന്ന റെക്കോഡ് ശ്രീകാന്തിനാണ്. ലോക 22ാം റാങ്കുകാരനായ ശ്രീകാന്ത് ഒരു സൂപ്പര്‍ സീരീസ് ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തുന്നത് ഇത് നാലാം തവണയാണ്. 2014ല്‍ ചൈന ഓപ്പണും തൊട്ടടുത്ത വര്‍ഷം ഇന്ത്യന്‍ ഓപ്പണും നേടിയ ശ്രീകാന്ത് ഈ വര്‍ഷം നടന്ന സിംഗപ്പൂര്‍ ഓപ്പണ്‍ ഫൈനലില്‍ സായ് പ്രണീതിനോട് പരാജയപ്പെട്ടിരുന്നു.

മലയാളിയായ എച്ച്എസ് പ്രണോയിയെ പരാജയപ്പെടുത്തി ഫൈനലിലെത്തിയ കസുമാസ സകായിയാണ് ഫൈനലില്‍ ശ്രീകാന്തിന്റെ എതിരാളി. ഞായറാഴ്ചയാണ് ഫൈനല്‍. ടൂര്‍ണമെന്റില്‍ സ്വപ്നക്കുതിപ്പ് നടത്തിയ പ്രണോയ് ആദ്യം ഗെയിം നേടുകയും രണ്ടാം ഗെയിമില്‍ അഞ്ച് മാച്ച് പോയിന്റുകള്‍ നേടുകയും ചെയ്ത ശേഷമാണ് പരാജയം സമ്മതിച്ചത്.

ഒന്നാം റാങ്കുകാരന്‍ ലീ ചോങ് വെയിയെയും ഒളിമ്പിക്, ലോക ചാമ്പ്യന്‍ ചെന്‍ ലോങ്ങിനെടയും അട്ടിമറിച്ചെത്തിയ പ്രണോയിക്ക് ആ പ്രകടനം സെമിയില്‍ ജപ്പാനീസ് താരത്തിനെതിരെ ആവര്‍ത്തിക്കാനായില്ല. ഒരു മണിക്കൂറും 16 മിനിറ്റും നീണ്ടുനിന്ന മത്സരത്തില്‍ 17-21, 28-26, 21-18 എന്ന സ്‌കോറിനാണ് പ്രണോയ് കീഴടങ്ങിയത്. 2013ലെ ഇന്തോനേഷ്യന്‍ ഓപ്പണില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോഴും വിജയം സകായിക്കൊപ്പമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News