പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ പട്ടികയില്‍ കുമ്മനത്തിന്റെ പേരില്ല; യാത്രാ സൗകര്യമൊരുക്കിയത് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് മോദിയുടെ സുരക്ഷാ വിഭാഗം

തിരുവനന്തപുരം: കൊച്ചി മെട്രോ ഉദ്ഘാടനയാത്രയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം യാത്ര ചെയ്യുന്നവര്‍ക്കായി പ്രത്യേക പട്ടിക ഉണ്ടായിരുന്നില്ല. സംസ്ഥാനം പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ഒരു പട്ടിക അയച്ചിരുന്നെങ്കിലും പ്രധാനമന്ത്രിയുടെ ഓഫീസ് അത് ക്ലിയര്‍ ചെയ്തിരുന്നില്ല.

പാലാരിവട്ടം മെട്രോ സ്റ്റേഷനില്‍ പ്രധനമന്ത്രിയെ സ്വീകരിക്കാന്‍ വരുന്നവരുടെ ലിസ്റ്റാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചത്. ആ പട്ടികയില്‍ പേരുള്ളവര്‍ക്ക് പ്രധാനമന്ത്രിക്കൊപ്പം മെട്രോയില്‍ യാത്ര ചെയ്യാമെന്ന് നിര്‍ദ്ദേശിച്ചു. എന്നാല്‍ ആ പട്ടികയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പേരുണ്ടായിരുന്നില്ല.

തുടര്‍ന്ന് എസ്പിജിയുടെ സഹായത്തോടെയാണ് കുമ്മനം മെട്രോ യാത്രയില്‍ ഇടം നേടിയത്. കുമ്മനത്തെ ഉള്‍പ്പെടുത്താന്‍ വാക്കാലുള്ള പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് യാതൊരു സുരക്ഷാ പരിശോധനയും കൂടാതെയാണ് കുമ്മനത്തെ മെട്രോയില്‍ കയറ്റിയത്. വാക്കാല്‍ നല്‍കിയ നിര്‍ദേശം സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാത എസ്പിജി മറച്ചുവച്ചു. പ്രതിപക്ഷ നേതാവിനും , സ്ഥലം എംപി, എംഎല്‍എ, മേയര്‍ എന്നിവര്‍ക്കില്ലാത്ത പ്രത്യേക പരിഗണനയുമാണ് ബിജെപി അധ്യക്ഷന് ലഭിച്ചത്. അതായത് പ്രധാനമന്ത്രിക്കു സുരക്ഷ ഒരുക്കേണ്ട എസ്പിജി തന്നെ സുരക്ഷാ വീഴ്ചക്ക് അവസരം ഒരുക്കി.

പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ പട്ടികയില്‍ ഏഴുപേരുടെ പേരാണ് ഉണ്ടായിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ജസ്റ്റിസ് പി .സദാശിവം, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, കേന്ദ്ര നഗര വികസന മന്ത്രാലയ സെക്രട്ടറി രാജീവ് ഗൗബ, ചീഫ് സെക്രട്ടറി നളിനി നെറ്റോ,
കെഎംആര്‍എല്‍ എം.ഡി ഏലിയാസ് ജോര്‍ജ്, ഡിഎംആര്‍സി പ്രത്യേക ഉപദേഷ്ട്ടാവ് ഇ. ശ്രീധരന്‍ എന്നിവരാണ് ആ പട്ടികയില്‍ ഉണ്ടായിരുന്നത്.

യാത്രാ വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here