ലോകകപ്പിന് ഡ്രസ് റിഹേഴ്‌സല്‍; കോണ്‍ഫെഡറേഷന്‍ കപ്പിന് കളമൊരുങ്ങി

2018 ലോകകപ്പിന് മുമ്പൊരു ഫുട്‌ബോള്‍ വിളംബരത്തിന് റഷ്യയില്‍ തുടക്കമായി. വന്‍കരകളിലെ വമ്പന്മാരുടെ പോരാട്ടമായ കോണ്‍ഫെഡറേഷന്‍ കപ്പിന് മോസ്‌കോയിലെ ലുഷ്‌കിനി സ്റ്റേഡിയം വേദിയാവും. ലോകകപ്പിന് ഒരു വര്‍ഷത്തില്‍ താഴെ മാത്രം ശേഷിക്കെ ഞങ്ങള്‍ ഒരുങ്ങി എന്ന് റഷ്യയ്ക്ക് തെളിയിക്കാനുള്ള അവസരമാണ് കോണ്‍ഫെഡറേഷന്‍ കപ്പ്.

എട്ട് വമ്പന്‍ ടീമുകളാണ് പോരാട്ടത്തിലെ നായകര്‍. എട്ട് ടീമുകളെ രണ്ട് ഗ്രൂപ്പാകും.ഓരോ ഗ്രൂപ്പിലേയും ആദ്യ രണ്ട് സ്ഥാനാക്കാര്‍ സെമിയിലേക്ക് മുന്നേറും. ജൂണ്‍ 28നും 29നുമാണ് സെമിഫൈനലുകള്‍. ജൂലൈ 2നാണ് ഫൈനല്‍ പോരാട്ടം. അന്നു തന്നെ മൂന്നാം സ്ഥാനക്കാര്‍ക്കുള്ള മത്സരവും നടക്കും. വന്‍കര ജേതാക്കളുടെ പോരാട്ടത്തിന്റെ പത്താം പതിപ്പിനാണ് റഷ്യ ഇക്കുറി വേദിയാവുന്നത്. 1992ല്‍ കിങ് ഫഹദ് കപ്പായി സൗദി അറേബ്യയില്‍ ആരംഭിച്ച ചാമ്പ്യന്‍ഷിപ്പ് 1997ലാണ് ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പായി മാറിയത്.

സൗദി അറേബ്യ തന്നെയായിരുന്നു അന്നും വേദി. 1999ല്‍ മെക്‌സികോയും വേദിയായി. തുടര്‍ന്നാണ് ലോകകപ്പ് വേദിതന്നെ കോണ്‍ഫെഡറേഷന്‍സ് കപ്പിന്റെയും വേദിയായി മാറിയത്. അങ്ങനെ 2002 ലോകകപ്പ് വേദിയായ ദക്ഷിണ കൊറിയ-ജപ്പാന്‍ 2001ലെ വന്‍കര പോരാട്ടത്തിന്റെ മണ്ണായി മാറി. തുടര്‍ന്ന് ഈ പതിവ് തെറ്റാതെ ഇക്കുറി റഷ്യയും വേദിയായി. ഓരോ മേഖലയിലേയും ചാമ്പ്യന്മാര്‍ക്കൊപ്പം ലോകകപ്പ് ജേതാക്കളും ആതിഥേയരും ഉള്‍പ്പെട്ടതാണ് കോണ്‍ഫെഡറേഷന്‍ കപ്പ്.

ജര്‍മനി (ലോകകപ്പ് ജേതാക്കള്‍), ചിലി (ലാറ്റിനമേരിക്ക), പോര്‍ച്ചുഗല്‍ (യൂറോപ്പ്), ഓസ്‌ട്രേലിയ (ഏഷ്യ), കാമറൂണ്‍ (ആഫ്രിക്ക), ന്യുസിലാന്‍ഡ് (ഓഷ്യാനിയ), മെക്‌സികോ (കോണ്‍കാകാഫ്), റഷ്യ (ആതിഥേയര്‍), എന്നിവരാണ് കിരീടത്തിനായി ഏറ്റുമുട്ടുന്നത്. യൂറോപ്പില്‍ നിന്ന് ഒരേ സമയം മൂന്ന് ടീമുകള്‍ ഉള്‍പ്പെടുന്നത് ഈ തവണ ആദ്യമായി. റഷ്യയും, പോര്‍ച്ചുഗലും, ജര്‍മനിയും ടൂര്‍ണ്ണമെന്റില്‍ ഏറ്റുമുട്ടുന്നു. മെക്‌സികോ മാത്രമേ ഇതിനു മുമ്പ് കിരീടം നേടിയിട്ടുള്ളു. മെകസികോ ഏഴാം തവണയാണ് കോണ്‍ഫെഡറേഷന്‍ കപ്പിനെത്തുന്നത്. നിലവിലെ ജേതാക്കളായ ബ്രസീലാണ് കൂടുതല്‍ തവണ കോണ്‍ഫെഡറേഷനില്‍ മുത്തമിട്ടത്. അതും നാലുതവണ 1997ലും, 2005ലും, 2009ലും, 2013ലും ബ്രസീല്‍ തന്നെ മുത്തമിട്ടു. ഫ്രാന്‍സ് രണ്ടും അര്‍ജന്റീന, മെക്‌സികോ, ഡെന്‍മാര്‍ക്ക് എന്നിവര്‍ ഓരോ തവണയും കപ്പില്‍ മുത്തമിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here