ഇന്ന് ആവേശം അതിരുകളും ആകാശങ്ങളും വിട്ട് പായും; ‘ അന്ന് വെങ്കടേഷ് ആമിര്‍ സുഹൈലിനോട് പറഞ്ഞത് ഇന്നും ഇന്ത്യന്‍ ആരാധകര്‍ മറന്നിട്ടില്ല’

കെന്‍സിങ്ട്ണ്‍ ഓവലിലെ മൈതാനത്ത് ഇന്ത്യയും പാകിസ്ഥാനും ഒരിക്കല്‍ കൂടി നേര്‍ക്കുനേര്‍ വരുമ്പോള്‍ ആവേശം അതിരുകളും ആകാശങ്ങളും വിട്ട് പായും. ക്രിക്കറ്റ് മതമായ രണ്ടു രാഷ്ട്രങ്ങള്‍. വെറുമൊരു മത്സരം എന്നതിനപ്പുറം നിലനില്‍പ്പിന്റെ പോരാട്ടമാണ് ഇന്ത്യക്കും പാകിസ്ഥാനും പരസ്പരമുള്ള ഏറ്റുമുട്ടലുകള്‍.

ജയിക്കുന്നവര്‍ രാജാക്കന്മാരായി വാഴ്ത്തപ്പെടുമ്പോള്‍ തോല്‍ക്കുന്നവരെ ദേശദ്രോഹികളെന്നും നാണംകെട്ടവരെന്നും ആരാധകരും കളിയെഴുത്തുകാരും വിധിയെഴുതും. പകയുടെ ചാരം മൂടിക്കിടക്കുന്ന കനലുകള്‍ എന്നും ഇന്ത്യ പാക് പോരാട്ടത്തിന്റെ ബാക്കിയായി അവശേഷിക്കാറുണ്ട്.

ഇന്ത്യ പാക് പകയുടെ ഇപ്പോഴും ഓര്‍മ്മ നില്‍ക്കുന്ന പോരാട്ടവീര്യങ്ങളിലൊന്ന് 1996ലെ ലോകകപ്പിലെ വെങ്കടേഷ് പ്രസാദും ആമിര്‍ സുഹൈലും തമ്മിലുണ്ടായ ചരിത്രപ്രസിദ്ധമായ വാക്‌യുദ്ധമാണ്. ഒരു ഫോര്‍ അടിച്ചതിനു ശേഷം ബൗണ്ടറിയിലേക്ക് പോയി പന്തെടുക്കൂ’ എന്നായിരുന്നു ആമിര്‍ സുഹൈലിന്റെ ആക്രോശം. എന്നാല്‍ അടുത്ത പന്തില്‍ ആമിറിന്റെ കുറ്റിപിഴുതെറിഞ്ഞ വെങ്കടേഷ് ഗാലറിയിലേക്ക് മടങ്ങാന്‍ ആമിര്‍ സുഹൈലിനോട് പറഞ്ഞത് ഇന്നും ഇന്ത്യന്‍ ആരാധകര്‍ മറന്നിട്ടില്ല.

കാര്‍ഗില്‍ യുദ്ധം കൊടുമ്പിരി കൊണ്ടിരുന്ന 1999ല്‍ ലോകകപ്പില്‍ ഇന്ത്യ പാകിസ്ഥാനെ നേരിട്ടതും ഇംഗ്ലണ്ടിലായിരുന്നു. രാഹുല്‍ ദ്രാവിഡിന്റെ മികവില്‍ പാകിസ്ഥാന്‍ ഇന്ത്യയോട് തോറ്റ് മടങ്ങി. 2003 അക്തറിന്റെ വാചകമടിക്ക് സച്ചിന്‍ ബാറ്റ് കൊണ്ട് മറുപടി പറഞ്ഞ ലോകകപ്പ്. കളിക്ക് മുന്‍പ് തന്റെ പന്ത് കാണാന്‍ സച്ചിന് കഴിയുമോയെന്നായിരുന്നു അക്തറിന്റെ പരിഹാസം. ആദ്യ ഓവറില്‍ തന്നെ അക്തറിനെ സിക്‌സറിന് പറത്തിയാണ് സച്ചിന്‍ മറുപടി നല്‍കിയത്. 75 പന്തുകളില്‍ 98 റണ്‍സുമായി സച്ചിന്‍ കത്തിക്കയറിയപ്പോള്‍ ഒരിക്കല്‍ കൂടി പാകിസ്ഥാന്‍ തോറ്റു മടങ്ങി. 2011ലായിരുന്നു ഓര്‍മ്മയില്‍ നില്‍ക്കുന്ന മറ്റൊരു പോരാട്ടം. അന്നും പ്രായം തളര്‍ത്താത്ത പോരാളിയായി സച്ചിന്‍ മുന്‍പിലുണ്ടായിരുന്നു. ഇന്ത്യയുടെയും പാകിസ്ഥാന്റെയും പ്രധാനമന്ത്രിമാര്‍ സാക്ഷിയായി ടോസ് ചെയ്ത മത്സരത്തില്‍ തോറ്റു മടങ്ങാനായിരുന്നു പാകിസ്ഥാന്റെ വിധി.

എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനായിരുന്നു ആധിപത്യം. ഇന്ത്യ ആദ്യമായി ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനെ തോല്‍പിക്കുന്നത് ഇത്തവണത്തെ ഗ്രൂപ്പ് മത്സരത്തിലായിരുന്നു.

ഇനി കാത്തിരിക്കാം, കലാശപ്പോരാട്ടത്തിനായി…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News