ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയും പാകിസ്ഥാനും ഇന്ന് ഏറ്റുമുട്ടാനിരിക്കെ, സോഷ്യല്‍ മീഡിയയിലെ വൈറലാകുന്നത് ധോണി ഒരു കൈക്കുഞ്ഞിനെയും എടുത്തു നില്‍ക്കുന്ന ചിത്രമാണ്. പാകിസ്ഥാന്‍ ഏകദിന ടീം ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദിന്റെ മകനാണ് ധോണിയുടെ കൈകളിലുള്ളത്.

രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളും ആരാധകരുടെ കോലാഹലങ്ങളും കളിക്കാരുടെ സൗഹൃദത്തില്‍ വിള്ളല്‍ വീഴ്ത്തിയിട്ടില്ലെന്നതിന്റെ തെളിവാണ് ചിത്രമെന്നാണ് വിലയിരുത്തപ്പെടുന്നത്.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ചിത്രം പങ്കുവച്ചത്. ‘ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് മുന്നോടിയായി മനോഹരമായ ഒരു ചിത്രം. സര്‍ഫറാസ് അഹമ്മദിന്റെ മകനൊപ്പം ധോണി. അതിരുകള്‍ മറികടക്കുന്ന കളി’ എന്നാണ് രാജ്ദീപ് ചിത്രത്തിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.


കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ സെമിയില്‍ കടന്നപ്പോള്‍ ഇന്ത്യയുടെ മുതിര്‍ന്ന താരങ്ങളുള്‍പ്പടെ ടീമിന് ആശംസകള്‍ നേര്‍ന്നിരുന്നു. ഇന്ത്യ സെമിയില്‍ കടന്നപ്പോള്‍ ഷൊയിബ് അക്തര്‍, ഷാഹിദ് അഫ്രീദി തുടങ്ങിയവരും ആശംസകള്‍ നേര്‍ന്നിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ ക്രിക്കറ്റ് പരമ്പരകള്‍ വേണമെന്ന് അഫ്രീദി ആവശ്യപ്പെട്ടിരുന്നു.

ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിക്കാണ് ചാമ്പ്യന്‍സ് ട്രോഫി കലാശപ്പോരാട്ടം.