ജനങ്ങളെ ഭീതിപ്പെടുത്താനാണ് ചെന്നിത്തലയുടെ ശ്രമമെന്ന് മന്ത്രി ശൈലജ ടീച്ചര്‍; കുറ്റപ്പെടുത്തലിന് പകരം ഒന്നിച്ചുള്ള പ്രവര്‍ത്തനമാണ് ആവശ്യം; പനി തടയാന്‍ ഫലപ്രദമായ നടപടി സ്വീകരിച്ചത് ഇടതുസര്‍ക്കാര്‍

തിരുവനന്തപുരം: പകര്‍ച്ചപ്പനിയില്‍ ആരോഗ്യവകുപ്പിനെ കുറ്റപ്പെടുത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം എന്ന ചെന്നിത്തലയുടെ പ്രസ്താവന ജനങ്ങളെ ഭീതിയിലാക്കാനാണെന്നും ഇത്തരം പ്രസ്താവനകള്‍ ശരിയല്ലെന്നും മന്ത്രി പറഞ്ഞു.

പരസ്പരം കുറ്റപ്പെടുത്താതെ ഒരുമിച്ച് പ്രവര്‍ത്തനമാണ് ആവശ്യം. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് 3000ത്തോളം ആരോഗ്യപ്രവര്‍ത്തകരെ ഇടതുസര്‍ക്കാര്‍ അധികമായി നിയമിച്ചെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു. രാഷ്ട്രീയമുതലെടുപ്പിനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും പനിമരണത്തില്‍ പോരായ്മ ഈ സര്‍ക്കാരിന്റെ കാലത്തുണ്ടായതല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പനി പടര്‍ന്നുപിടിക്കുന്നത് തടയുന്നതില്‍ ആരോഗ്യവകുപ്പ് പരാജയമാണെന്നാണ് ചെന്നിത്തലയുടെ ആരോപണം. പനി വിഷയത്തില്‍ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ വന്‍വീഴ്ചയുണ്ടായി. സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ല, മരുന്നില്ല തുടങ്ങിയ കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി ചെന്നിത്തല പറഞ്ഞു. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായും രമേശ് ചെന്നിത്തല വ്യക്തമാക്കി.

സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപകമാകുന്ന പശ്ചാത്തലത്തിലും ഡെങ്കി ഉള്‍പ്പെടെയുള്ള പനി ബാധിച്ച് നിരവധി പേര്‍ മരണമടയുന്ന സാഹചര്യത്തിലുമാണ് സര്‍ക്കാരിന്റെ അടിയന്തര ഇടപെടലിനായി ചെന്നിത്തല മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here