ദുല്‍ഖറിനൊപ്പമുള്ള താരസുന്ദരി ആര്; ഉത്തരമിതാ

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന പുതിയ ചിത്രമായ സോളോയിലെ നായിക നേഹ ശര്‍മ്മയുമൊത്തുള്ള ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. നേഹ തന്നെയാണ് ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്ത് വിട്ടത്. മുംബൈയിലെ പ്രകൃതിരമണീയമായ ലോണാവാലയിലാണ് ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍. ഇവിടെനിന്നുള്ള ചിത്രങ്ങളാണ് വൈറലായത്.

ദുല്‍ഖറിന് പുറമെ, സംവിധായകന്‍ ബിജോയ് നമ്പ്യാര്‍, ക്യാമറാമാന്‍ ഗിരീഷ് ഗംഗാധരന്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും നേഹ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ബോളിവുഡ് സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് സോളോ. 5 ഹ്രസ്വ ചിത്രങ്ങളടങ്ങിയ ആന്തോളജിയാണ് സോളോ. മലയാളം കൂടാതെ തമിഴിലും ഒരുങ്ങുന്ന ചിത്രം ജൂണ്‍ 23ന് തീയേറ്ററുകളിലെത്തും. ചിത്രത്തില്‍ ഒന്നിലേറെ ലുക്കിലാണ് ദുല്‍ഖര്‍ പ്രത്യക്ഷപ്പെടുന്നത്.

ബോളിവുഡ് താരം ഡിനോ മോറിയ, പാര്‍ത്ഥിപന്‍, സുഹാസിനി, നാസര്‍, ആന്‍ അഗസ്റ്റിന്‍, ആര്‍തി വെങ്കിടേഷ്, ധന്‍സിക, ദീപ്തി സതി, ശ്രുതി ഹരിഹരന്‍, മനോജ് കെ ജയന്‍, സതീഷ്, സൗബിന്‍ തുടങ്ങിയവരും ചിത്രത്തിലെത്തുന്നു.

ബിജോയുടെ ഹോം ബാനറായ ഗേറ്റ്‌വേ ഫിലിംസും അബാം മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2005ല്‍ മോഹന്‍ലാല്‍ നായകനായ ഷോര്‍ട്ട് ഫിലിം ‘റിഫല്‍ക്ഷന്‍സ്’ ആണ് ബിജോയ് ആദ്യമായി സംവിധാനം ചെയ്തത്. പിന്നീടു 2011ല്‍ സെയ്ത്താന്‍ എന്ന ബോളിവുഡ് സിനിമയും വിക്രത്തെ നായകനാക്കി ഡേവിഡ് എന്ന സിനിമയും സംവിധാനം ചെയ്തു.

തേരി മേരി കഹാനി, ക്യാ സൂപ്പര്‍ കൂള്‍ മേം ഹും, യങ്ങിസ്ഥാന്‍ എന്നീ ചിത്രങ്ങളില്‍ നേഹ വേഷമിട്ടിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like