കുമ്മനം മോദിയുടെ പരിപാടിയില്‍ പങ്കെടുത്തത് എംഎല്‍എ എന്ന പേരില്‍; പഞ്ചായത്ത് അംഗം പോലുമല്ലാത്ത കുമ്മനത്തെ പട്ടികയില്‍പ്പെടുത്തിയത് പ്രധാനമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രധാനമന്ത്രി പങ്കെടുത്ത പരിപാടികളില്‍ പ്രോട്ടോകോള്‍ ലംഘിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷനെ പങ്കെടുപ്പിച്ചത് എംഎല്‍എ എന്ന നിലയില്‍.

പ്രധാനമന്ത്രിയുടെ ഓഫീസാണ് തൃക്കാക്കര എംഎല്‍എ പി ടി തോമസിനെ ഒഴിവാക്കി എംഎല്‍എ എന്ന നിലയില്‍ കുമ്മനം രാജശേഖരന് പ്രധാനമന്ത്രിയ്‌ക്കൊപ്പം പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കിയത്. പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ സ്വീകരിക്കുന്ന ചടങ്ങിലും സെന്റ് തെരേസാസിലെ പരിപാടിയിലുമാണ് എംഎല്‍എ എന്ന നിലയില്‍ കുമ്മനത്തിനെ ഉള്‍പ്പെടുത്തിയത്.

പതിനാറാം തീയതിയാണ് പ്രധാനമന്ത്രിയുടെ ഒഫീസിലെ അണ്ടര്‍ സെക്രട്ടറി പുഷ്‌പേന്ദ്രകൗര്‍ ശര്‍മ്മ എസ്പിജി ഐജി യ്ക്ക് പരിപാടികളില്‍ പങ്കെടുക്കുന്നവരുടെ പട്ടിക കൈമാറിയത്. ഈ പട്ടികയിലാണ് കുമ്മനത്തെ എംഎല്‍എ എന്ന നിലയില്‍ തിരികി കയറ്റിയത്.

സുരക്ഷയുടെ ഭാഗമായി എസ്പിജി ആവശ്യപ്പെടുന്ന വാഹനങ്ങള്‍ കൈമാറുകമാത്രമാണ് സംസ്ഥാന പൊലീസ് ചെയ്യുക. ഇതില്‍ യാത്ര ചെയ്യുന്നവരെ നിശ്ചയിക്കുന്നത് സുരക്ഷ ചുമതലയുള്ള എസ്പിജിയാണ്. രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ സുരക്ഷ സംബന്ധിച്ച വിഷയത്തില്‍ സുരക്ഷസേനയ്ക്ക് തെറ്റായ വിവരം കൈമാറിയെന്ന ഗുരുതര വീഴ്ചയാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ഉണ്ടായത്.

ബിജെപി നേതാവ് കൂടിയായ പ്രധാനമന്ത്രിയുടെ പരിപാടിയില്‍ സംസ്ഥാനത്തെ ബിജെപി അദ്ധ്യക്ഷനെക്കൂടി പങ്കെടുപ്പിക്കുകയെന്ന രാഷ്ട്രീയ ലക്ഷ്യത്തിനായി പ്രധാനമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നെന്ന ആക്ഷേപമാണ് ഇപ്പോള്‍ ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News