പൊതുവിദ്യാലയങ്ങളില്‍ മക്കളെ ചേര്‍ക്കുന്നത് പാപമോ?! സ്വകാര്യസ്‌കൂള്‍ അധ്യാപികയുടെ അനുഭവം ഇങ്ങനെ

കോട്ടയം: മകളെ പൊതുവിദ്യാലയത്തില്‍ ചേര്‍ത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഭാര്യയായ സ്വകാര്യ സ്‌കൂള്‍ അധ്യാപികയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി പരാതി. കോട്ടയം മണ്ണാര്‍ക്കുന്നം സെന്റ് ജോര്‍ജ് സ്‌കൂളിലെ അധ്യാപിക സുഷമയെയാണ് മകളെ പൊതുവിദ്യാലയത്തില്‍ ചേര്‍ത്തതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പുറത്താക്കിയത്. നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സുഷമ വിദ്യാഭ്യാസ മന്ത്രിയ്ക്ക് പരാതി നല്‍കി.

ഏറ്റുമാനൂര്‍ വിദ്യാഭ്യാസ ഉപജില്ലയില്‍പ്പെട്ട അതിരമ്പുഴ 22ാം വാര്‍ഡിലെ സെന്റ് ജോര്‍ജ് സ്‌കൂളിലെ അധ്യാപിക എസ് സുഷമയെയാണ് മാനേജ്‌മെന്റ് പിരിച്ചുവിട്ടത്. സുഷമയുടെ ഭര്‍ത്താവ് പി ഡി പൊന്നപ്പന്‍ കോട്ടയം ഗവണ്‍മെന്റ് കോളജിലെ ലൈബ്രറി അസിസ്ന്റും എന്‍ജിഒ യൂണിയന്‍ ജില്ലാ കൗണ്‍സിലംഗവുമാണ്.

സര്‍ക്കാര്‍ ആഹ്വാനപ്രകാരം ഇവരുടെ മകളെ തൊട്ടടുത്തുള്ള പൊതുവിദ്യാലയത്തില്‍ ചേര്‍ത്തതിനാണ് മാനേജ്‌മെന്റ് സുഷമയെ പിരിച്ചുവിട്ടത്. തനിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സുഷമ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കി.

15 വര്‍ഷമായി ഈ സ്‌കൂളിലെ സംഗീതാധ്യാപികയാണ് സുഷമ. മകളെ തിരികെ കൊണ്ടുവന്നാല്‍ മാത്രമെ സ്‌കൂളില്‍ കയറ്റുവെന്നാണ് സ്‌കൂള്‍ അധികൃതരുടെ നിലപാട്. സ്‌കൂളിന് എല്‍ പി തലം വരെ മാത്രമെ അംഗീകാരമുള്ളുവെന്നും സുഷമ ആരോപിക്കുന്നു. അതേസമയം അധ്യാപിക സ്വയം പിരിഞ്ഞുപോയതാണെന്നാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here