ഭിന്നശേഷി കുട്ടികള്‍ക്കും അന്തേവാസികള്‍ക്കും ആകാശക്കാഴ്ചയുടെ വിരുന്നൊരുക്കി കൊച്ചി മെട്രോ; കുട്ടികള്‍ക്കൊപ്പം ആടിയും പാടിയും മന്ത്രി ഷൈലജ ടീച്ചര്‍

കൊച്ചി: ഭിന്നശേഷി കുട്ടികള്‍ക്കും അഗതി മന്ദിരത്തിലെ അന്തേവാസികള്‍ക്കും ആകാശക്കാഴ്ചയുടെ വിരുന്നൊരുക്കി കൊച്ചി മെട്രോ. സംസ്ഥാനത്തെ വിവിധ സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികളടക്കമുളളവരാണ് കൊച്ചി മെട്രോയില്‍ കന്നിയാത്ര നടത്തിയത്. ആരോഗ്യമന്ത്രി കെ കെ ഷൈലജയും ഇവര്‍ക്കൊപ്പം യാത്ര ചെയ്തു.

ഒരിക്കലും നടക്കാത്ത സ്വപ്നം യാഥാര്‍ത്ഥ്യമായതിന്റെ മുഖഭാവമായിരുന്നു എല്ലാവര്‍ക്കും. ഉയരത്തില്‍ നിന്നുളള നഗരക്കാഴ്ചകള്‍ കണ്ട് നീങ്ങുമ്പോള്‍ എല്ലാം കീഴടക്കിയതുപോലെയുളള അഹങ്കാരം.

സ്വന്തം മെട്രോയിലെ കന്നിയാത്ര അതുകൊണ്ട് തന്നെ ആടിയും പാടിയും അവര്‍ ആഘോഷമാക്കി. യാത്രയെക്കുറിച്ച് ചോദിച്ചപ്പോള്‍ എല്ലാം മറന്ന് അവര്‍ വാചാലരായി

.

സംസ്ഥാനത്തെ 43 സ്‌കൂളുകളില്‍ നിന്നുളള 45ഓളം ഭിന്നശേഷി കുട്ടികളും വിവിധ അനാഥാലയങ്ങളിലെയും അഗതി മന്ദിരങ്ങളിലെയും അന്തേവാസികളും രാവിലെ മുതല്‍ തന്നെ എത്തിയിരുന്നു. ആരോഗ്യമന്ത്രി കെ കെ ഷൈലജയും ഇവരോടൊപ്പം അണിചേര്‍ന്നപ്പോള്‍ ഇരട്ടിമധുരമായി.

വിവിധ സ്‌കൂളുകളില്‍ നിന്നുളള കുട്ടികള്‍ മന്ത്രിക്ക് സമ്മാനവും നല്‍കാന്‍ മറന്നില്ല. കളമശ്ശേരിയില്‍ നിന്നും ആലുവ വരെയും തിരിച്ചുമായിരുന്നു യാത്ര. പൊതുജനങ്ങള്‍ക്കായ സര്‍വ്വീസ് ആരംഭിക്കുന്നതിന് മുമ്പ് ഇത്തരമൊരു കാരുണ്യ പ്രവര്‍ത്തി കൂടി ചെയ്ത് കൊച്ചി മെട്രോ മറ്റൊരു മാതൃകയും കാണിച്ചു കൊടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here