കൊച്ചി മെട്രോ വമ്പന്‍ ഹിറ്റ്; ആദ്യദിനം ജനം ഒഴുകിയെത്തി; കരുതലോടെ പൊലീസ്

കൊച്ചി: ആദ്യദിനം മെട്രോ സര്‍വ്വീസില്‍ കയറിപ്പറ്റാന്‍ വന്‍ ജനതിരക്കാണുണ്ടായത്. സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങളുടെ റിലീസിംഗ് ദിനത്തില്‍ തിയേറ്ററുകള്‍ക്ക് മുന്നില്‍ കാണുന്ന അതേ തിരക്കും ആരവവുമാണുണ്ടായത്. ഇത് പൊലീസിനാണ് കൂടുതല്‍ തലവേദന സൃഷ്ടിച്ചത്. തിരക്കും ബഹളവും മുന്നില്‍ കണ്ട് കടുത്ത നിയന്ത്രണങ്ങളാണ് പൊലീസ് ഏര്‍പ്പെടുത്തിയിരുന്നത്.

ആലുവ ബൈപാസില്‍ പുലര്‍ച്ചെ 5 30 മുതല്‍ തന്നെ ഗതാഗത നിയന്ത്രണമേര്‍പെടുത്തി. മെട്രോയില്‍ കയറാനെത്തുന്നവര്‍ സ്വന്തം വാഹനങ്ങളൊഴിവാക്കി പൊതു വാഹനങ്ങളെ ആശ്രയിക്കണമെന്ന് റൂറല്‍ എസ്.പി എ വി ജോര്‍ജ് ആവശ്യപ്പെട്ടിരുന്നു. ആലുവ നഗരത്തിലും ദേശീയപാതക്ക കരികിലും വാഹന പാര്‍ക്കിങ്ങിന് നിരോധനമേര്‍പെടുത്തിയിട്ടുണ്ട്.

മെട്രോയില്‍ കയറാന്‍ എത്തുന്നവരുടെ വാഹന പാര്‍ക്കിംഗാണ് ഒരു പ്രധാന പ്രശ്‌നം. മെട്രോ സ്റ്റേഷനുകള്‍ക്ക് സമീപം പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സ്ഥലം പരിമിതമാണ്. ആലുവ മെട്രോ സ്റ്റേഷനില്‍ കേവലം 40 കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലം മാത്രമാണുള്ളത്. എന്നാല്‍ 900 പേര്‍ കയറാവുന്ന ഒരോ ടെയിനിലും കയറാനെത്തുന്ന യാത്രക്കാരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സ്റ്റേഷനുകള്‍ക്ക് സമീപം സൗകര്യമില്ലെന്നും ജനങ്ങള്‍ സ്വന്തം വാഹനങ്ങള്‍ ഒഴിവാക്കി പൊതുവാഹനങ്ങള്‍ ഉപയോഗിക്കണമെന്നും പൊലീസ് അഭ്യര്‍ത്ഥിക്കുന്നു.

ആലുവയില്‍ ദേശീയ പാതയ്ക്കരികിലും ബൈപാസിലും വാഹന പാര്‍ക്കിങ്ങ് അനുവദിക്കില്ല. ഓട്ടോറിക്ഷകളും ടാക്‌സികളും യാത്രക്കാരെ സ്റ്റേഷനില്‍ ഇറക്കാന്‍ മാത്രമേ അനുവദിക്കൂ. ആലുവ നഗരത്തില്‍ നിന്ന് അങ്കമാലി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ മെടോസ്‌റ്റേഷനു മുന്നിലെ സമാന്തരറോഡ് വഴി മേല്‍പാലത്തിനടിയിലുടെ കടന്നു വേണം മാര്‍ത്താണ്ഡവര്‍മ പാലത്തിലേക്ക് പ്രവേശിക്കേണ്ടത്. ഇങ്ങനെ നീളുന്നു ഗതാഗത നിയന്ത്രണങ്ങള്‍ .

മെട്രോ സ്‌റ്റേഷനുകള്‍ക്കകത്ത് ടിക്കറ്റിനായി നിര നില്‍ക്കുന്ന പൊതു ജനങ്ങള്‍ സ്വയം നിയന്ത്രണ മേര്‍പെടുത്തണമെന്നും പൊലീസ് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. ആദ്യദിനം പൊല്ലാപ്പുകളില്ലാതെ കടന്നു പോയാലും വരും ദിനങ്ങള്‍ മെട്രോ യാത്ര ആസ്വദിക്കാന്‍ എത്തുന്നവരുടെ തിരക്ക് പൊലീസിന് തലവേദനയാകുമെന്ന് ഉറപ്പ്

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like