
പത്തനംതിട്ട: ശ്രീവത്സം ഗ്രൂപ്പ് പത്തനംതിട്ടയില്‍ പണിതുകൊണ്ടിരിക്കുന്ന കെട്ടിടത്തെ സംബന്ധിച്ച കാണാതായ ഫയലുകള്‍ കണ്ടെത്തി. കുടുംബശ്രീ കെട്ടിടത്തിന്റെ പരിസരത്ത് നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഫയലുകള്‍ കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു നഗരസഭയില്‍ നിന്ന് കാണാതായത്.
ശ്രീവത്സം ഗ്രൂപ്പില്‍ ആദായ നികുതി വകുപ്പുദ്യോഗസ്ഥര്‍ പരിശോധന നടത്തിയപ്പോള്‍ തന്നെ പത്തനംതിട്ടയിലെ കെട്ടിടം പണിയെക്കുറിച്ചും പരാതികള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച നഗരസഭാദ്ധ്യക്ഷ രജനീ പ്രദീപ് ഫയലുകള്‍ ഉദ്യോഗസ്ഥരില്‍ നിന്ന് വാങ്ങി പരിശോധിച്ചിരുന്നു. ശനിയാഴ്ച പൊലീസ് ഉദ്യോഗസ്ഥരെത്തി പരിശോധനയ്ക്ക് ഫയല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നോക്കുമ്പോഴാണ് നഷ്ടപ്പെട്ടതറിയുന്നത്്്. മോഷണമാണെന്ന സംശയത്തെ തുടര്‍ന്ന് നഗരസഭാദ്ധ്യക്ഷ പൊലീസ് ചീഫിന് പരാതി നല്‍കുകയും ഈ പരാതിയില്‍ അന്വേഷണം ആരംഭിച്ച ഘട്ടത്തിലാണ് ഫയലുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
പൊതുമരാമത്ത് നിയമവും നഗരസഭ കെട്ടിട നിര്‍മ്മാണ നിയമവും ലംഘിച്ചാണ് കെട്ടിടം പണിയ്ക്ക് കഴിഞ്ഞ യു.ഡി.എഫ് കൗണ്‍സിലിന്റെ കാലത്ത് അനുമതി നല്‍കിയതെന്ന് പരാതിയുണ്ട്. മാത്രവുമല്ല, പണി പൂര്‍ത്തിയാകാത്ത നാല് നില കെട്ടിടത്തിന് നഗരസഭ എഞ്ചിനീയറും മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പണി പൂര്‍ത്തിയായതായി സര്‍ട്ടിഫിക്കറ്റും നല്‍കിയിരുന്നു.
റിംഗ് റോഡ് പരിസരത്ത് വയല്‍ നികത്തി കെട്ടിടം പണിയുന്നതിന് നിലവിലെ നിയമം അനുമതി നല്‍കാത്ത ഘട്ടത്തില്‍ കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് റവന്യു വകുപ്പ് പ്രതേക അനുമതി നല്‍കുകയായിരുന്നെന്നാണ് വിവരം. ഫയല്‍ കാണാതായ സംഭവത്തിനുത്തരവാദികളെ ഉടന്‍ കണ്ടെത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here