ബുര്‍ഖ ധരിച്ചാല്‍ ഈ പള്ളിയില്‍ പ്രവേശനമില്ല; സ്ത്രീക്കും പുരുഷനും ഭിന്നലിംഗക്കാര്‍ക്കും ഒരുമിച്ച് പ്രാര്‍ത്ഥിക്കാം; ഇതരമതസ്ഥര്‍ക്കും പ്രവേശനം

ബുര്‍ഖ ധരിച്ചാല്‍ ഈ പള്ളിയില്‍ പ്രവേശനമില്ല. സ്ത്രീക്കും പുരുഷനും ഭിന്നലിംഗക്കാര്‍ക്കും ഷിയക്കും സുന്നിക്കുമെല്ലാം ഒരുമിച്ചിരുന്ന് പ്രാര്‍ത്ഥിക്കാം. മുസ്ലിങ്ങള്‍ക്ക് മാത്രമല്ല, ഇതരമതസ്ഥര്‍ക്കും പള്ളിയില്‍ എപ്പോഴും പ്രവേശനമുണ്ട്. ലോകത്തെ തന്നെ ആദ്യത്തെ ലിബറല്‍ മുസ്ലീം പള്ളി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ പള്ളി സ്ഥിതി ചെയ്യുന്നത് ജര്‍മ്മനിയിലാണ്.

മതത്തിന്റെ യാഥാസ്ഥിതികത്വത്തിനെതിരെയുള്ള മുന്നേറ്റമെന്ന നിലയിലാണ് പള്ളി തുടങ്ങിയത്. വനിതാവകാശ പ്രവര്‍ത്തകയും അഭിഭാഷകയുമായ സെയ്‌റന്‍ ഏറ്റ്‌സ് പള്ളിയുടെ ആസൂത്രക. ബെര്‍ളിനിലെ പ്രശസ്തമായ സെന്റ് ജോണ്‍സ് പള്ളിക്കു സമീപമാണ് പള്ളി. സാധാരണ പള്ളികളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും നമസ്‌ക്കരിക്കുന്നതിന് പ്രത്യേക സ്ഥലങ്ങളാണെങ്കില്‍ ഈ പള്ളിയില്‍ സ്ത്രീകളും പുരുഷന്‍മാരും ഒരുമിച്ചാണ് നമസ്‌ക്കാരവും പ്രാര്‍ത്ഥനയും.

ബുര്‍ഖയ്ക്ക് നിരോധനമുള്ള പള്ളിയില്‍ ഇതര മതസ്ഥര്‍ക്കും പ്രവേശിക്കാം. ഒരു സ്ത്രീയും ഒരു പുരുഷനുമടക്കം നമസ്‌ക്കാരത്തിന് നേതൃത്വം നല്‍കാന്‍ പള്ളിയില്‍ രണ്ട് ഇമാമുമാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. എല്‍ജിബിടി കമ്മ്യൂണിറ്റിക്കും പള്ളിയില്‍ പ്രവേശനമൊരുക്കിയിട്ടുണ്ട്. നമസ്‌ക്കാരത്തിനെത്തുന്നവര്‍ സുന്നിയാണോ ശിയയാണോ എന്ന വേര്‍തിരിവൊന്നും ഈ പള്ളിയിലില്ല.

ഇസ്ലാമിന്റെ പേരില്‍ നടക്കുന്ന തീവ്രവാദത്തിനെതിരേയുള്ള നിലപാടാണിതെന്നും സെയ്‌റന്‍ ഏറ്റ്‌സ് പറയുന്നു. അറബിക്ക് തത്വ ചിന്തകനും എഴുത്തുകാരനുമായ ഇബ്‌നു റുഷ്ദ് ഗോയിതെയുടെ പേരിലാണ് പള്ളി ഒരുക്കിയിരിക്കുന്നത്. വിശുദ്ധമാസത്തില്‍ സകലമതസ്ഥരും സ്ത്രീകളും പുരുഷന്മാരുമെല്ലാം ഒരുമിച്ചെത്തി നമസ്‌കരിക്കുന്ന പള്ളി മനുഷ്യ സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും ഉദാത്തമാതൃകയായി നിലകൊള്ളുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News