‘എന്റെ ഭര്‍ത്താവിനെ രക്ഷിക്കൂ, അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുന്നു’; അഭ്യര്‍ഥനയുമായി അറ്റ്‌ലസ് രാമചന്ദ്രന്റെ ഭാര്യ ഇന്ദിര

ഭര്‍ത്താവിനെ ജയിലില്‍ നിന്ന് രക്ഷിക്കാന്‍ ഇന്ദിര രാമചന്ദ്രന്‍ ഏകാംഗ യുദ്ധം നയിക്കുകയാണ്. കൂടെ നിന്നവര്‍ ആരും ഇപ്പോഴില്ല. ചുറ്റും നിന്നവരില്‍ വലരും സമ്പത്ത് അടിച്ചു മാറ്റി. 2015 ഓഗസ്റ്റ് 23ന് അറ്റ്‌ലസ് രാമചന്ദ്രന്‍ അറസ്റ്റു ചെയ്യപ്പെട്ടതിനു ശേഷം ഇന്ദിര രാമചന്ദ്രന്‍ ആദ്യമായി മനസു തുറക്കുന്നു.

’21 മാസമായി എന്റെ ഭര്‍ത്താവ് ജയിലില്‍ കിടക്കുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില അനുദിനം വഷളാവുന്നു. കഴിഞ്ഞയാഴ്ച അദ്ദേഹത്തെ വില്‍ ചെയറിലാണ് ആശുപത്രിയില്‍ കൊണ്ടു പോയത്. ഇപ്പോള്‍ ഞാന്‍ തനിച്ചാണ്. കടുത്ത നിരാശയിലും വിഷാദത്തിലുമാണ്.’-ഇന്ദിര രാമചന്ദ്രന്‍ ഖലീജ് ടൈംസിനനുവദിച്ച അഭിമുഖത്തില്‍ പറയുന്നു.

‘മിക്കവാറും ഞാനും ജയിലിലാകും. ആ ഭയത്തിലാണ് ഇപ്പോള്‍ കഴിയുന്നത്. ചില ബാങ്കുകള്‍ എനിക്കെതിരെ നിയമ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. വീട്ടുവാടക കൊടുക്കാന്‍ പോലും ഇപ്പോള്‍ എന്റെ കൈയില്‍ പണമില്ല. എന്തു വന്നാലും എന്റെ ഭര്‍ത്താവിനെ ജയില്‍ മോചിതനാക്കാന്‍ ഞാന്‍ പരിശ്രമിക്കും.’-ഇന്ദിര രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ഭര്‍ത്താവിന്റെ ബിസിനസിനെ കുറിച്ച് യാതൊന്നും അറിയാത്ത ഭാര്യയാണ് ഇന്ദിര. ഒന്നും ചോദിച്ചുമില്ല പറഞ്ഞുമില്ല. ‘പൊലീസ് പിടിച്ചു കൊണ്ടു പോകുമ്പോള്‍ ഇത്രയും വലിയ ദുരന്തം പ്രതീക്ഷിച്ചില്ല.’- ഇന്ദിര വിതുമ്പി.

‘എല്ലാവരും ഇപ്പോള്‍ എന്നെ അന്വേഷിക്കുന്നത് പണത്തിനു വേണ്ടിയാണ്. ജീവനക്കാരില്‍ ഒരു വിഭാഗം കൂട്ടത്തോടെ വീട്ടില്‍ കയറി വന്നു. 50 ലക്ഷം ദിര്‍ഹം വിലയുളള രത്‌നങ്ങള്‍ 15 ലക്ഷം ദിര്‍ഹത്തിന് വിറ്റാണ് അവരെ പറഞ്ഞു വിട്ടത്.’- ഇന്ദിര പറഞ്ഞു.

ഇങ്ങിനെയൊക്കെയാണെങ്കിലും അറ്റ്‌ലസ് രാമചന്ദ്രനെ ജയില്‍ മോചിതനാക്കാനുളള ശ്രമങ്ങള്‍ ഇന്ദിര തുടരുകയാണ്. മസ്‌ക്കറ്റിലെ രണ്ട് ആശുപത്രികള്‍ വിറ്റ് താത്കാലിക കടങ്ങള്‍ വീട്ടും. കടമെടുത്ത 22 ബാങ്കുകളില്‍ 19 എണ്ണം താത്കാലികമായി നിയമനടപടികള്‍ നിര്‍ത്തി വച്ച് തിരിച്ചടവ് സംബന്ധിച്ച് ചര്‍ച്ചയാകാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

‘അദ്ദേഹം സത്യസന്ധനാണ്. പുറമെ കാണുന്ന മനുഷ്യന്‍ തന്നെയാണ് അദ്ദേഹം.ജയിലിലായതിനാല്‍ അദ്ദേഹത്തിന് ഒന്നും ചെയ്യാനാവുന്നില്ല’.ഇന്ദിരയുടെ കണ്ണുകള്‍ ഇപ്പോഴും സജലം.
ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത ശേഷം നല്‍കിയ ചെക്കുകള്‍ മടങ്ങിയതിനെ തുടര്‍ന്ന് 2015 ഓഗസ്റ്റ് 23നാണ് ദുബായി പൊലീസ് 75കാരനായ അറ്റ്‌ലസ് രാമചന്ദ്രനെ അറസ്റ്റു ചെയ്തത്. അന്നുമുതല്‍ അദ്ദേഹം ജയിലിലാണ്. 340 ലക്ഷം ദിര്‍ഹത്തിന്റെ ചെക്കുകളാണ് മടങ്ങിയത്. മറ്റു ബാങ്കുകളും കടുത്ത നടപടി സ്വീകരിച്ചത് തിരിച്ചടിയായി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here