സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം; ഇന്ന് അടിയന്തിര യോഗം

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ നടത്തിവരുന്ന പണിമുടക്ക് പിന്‍വലിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഇന്ന് അടിയന്തിര യോഗം ചേരും. സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്ന തീയതി വരെ സമരം നീട്ടിവെക്കണമെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍ ആവശ്യപ്പെട്ടതോടെയാണ് യൂണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ യോഗം വിളിച്ചത്. പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പണിമുടക്ക് തുടരണമോ എന്ന കാര്യത്തില്‍ യോഗത്തില്‍ ധാരണയുണ്ടാകും.

അത്യാഹിത വിഭാഗങ്ങളിലെ നഴ്‌സുമാര്‍ ശമ്പളം ഒഴിവാക്കി ഡ്യൂട്ടിക്ക് ഹാജരായെങ്കിലും സ്വകാര്യ മെഡിക്കല്‍ കോളേജ് അടക്കമുള്ള ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ആദ്യ ദിനം തന്നെ സമരം സാരമായി ബാധിച്ചു. മാനേജ്‌മെന്റ് പ്രതിനിധികളെയും സംഘടനാ പ്രതിനിധികളെയും പങ്കെടുപ്പിച്ച് സര്‍ക്കാര്‍ ഈ മാസം ഇരുപത്തിയേഴിന് ചര്‍ച്ച നടത്തുന്നുണ്ട്. ചര്‍ച്ച കഴിയുന്നതുവരെ തൃശൂര്‍ ജില്ലയില്‍ നടത്തിവരുന്ന പണിമുടക്ക് നീട്ടിവെക്കണമെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍ യു.എന്‍.എ നേതൃത്വത്തോട് ആവശ്യപ്പെട്ടു.

സമരം ആദ്യ ദിനം പിന്നിട്ടപ്പോള്‍ പകുതിയിലധികം മാനേജ്‌മെന്റുകള്‍ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ഈ ആശുപത്രികളിലെ പണിമുടക്ക് അവസാനിപ്പിക്കുന്നതിനൊപ്പം മന്ത്രിയുടെ നിര്‍ദ്ദേശം കണക്കിലെടുത്ത് ഇരുപത്തിയേഴ് വരെ സമരം നീട്ടിവെക്കുന്ന കാര്യവും ഇന്ന് ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും.

സര്‍ക്കാര്‍ ആശുപത്രികളിലേതിന് സമാനമായ വേതന വര്‍ധനവ് ആവശ്യപ്പെട്ടാണ് യൂണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സ്വകാര്യ ആശുപത്രികളില്‍ പണിമുടക്ക് പ്രഖ്യാപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News