രാംനാഥിനെ സ്ഥാനാര്‍ത്ഥിയാക്കിയതിന്റെ പിന്നിലെ പ്രധാനലക്ഷ്യം യുപി പിടിച്ചെടുക്കല്‍; ബിജെപിയുടെ നീക്കം മഹാസഖ്യം രൂപപ്പെടാനുള്ള സാധ്യത മുന്നില്‍ കണ്ട്

ദില്ലി: ഉത്തര്‍പ്രദേശില്‍ നിന്നുള്ള ദളിത് നേതാവ് രാംനാഥ് കോവിന്ദിനെ ബിജെപി രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി രംഗത്തിറക്കിയത് 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുപി പിടിക്കുക എന്ന പ്രധാന ലക്ഷ്യം കൂടി മൂന്നില്‍ കണ്ട്. അടുത്ത തെരഞ്ഞെടുപ്പില്‍ എസ്പി ബിഎസ്പി കോണ്‍ഗ്രസ് മഹാസഖ്യം രൂപപ്പെടാനുള്ള സാധ്യത കൂടി പരിഗണിച്ചാണ് ബിജെപിയുടെ നീക്കം.

പാര്‍ട്ടിക്കും കേന്ദ്ര സര്‍ക്കാറിനുമെതിരെ അനുദിനം വര്‍ദ്ധിച്ചു വരുന്ന ദളിത് രോഷം ദളിത് വിഭാഗത്തില്‍പ്പെട്ടയാളെ രാഷ്ട്രപതിയാക്കുക വഴി മറികടക്കാനാകുമെന്നും ബിജെപി പ്രതീക്ഷിക്കുന്നു

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തിലെത്തിക്കാന്‍ പ്രധാനമായും സഹായിച്ചത് ഉത്തര്‍പ്രദേശില്‍ നേടിയ മുന്നേറ്റമാണ്. പിന്നീട് നടന്ന നിയമസഭ തെരഞ്ഞെടുപ്പിലും ഭരണം പിടിക്കാനായെങ്കിലും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പാകുമ്പോഴേക്കും യുപിയിലെ രാഷ്ട്രീയ ചിത്രം മാറിയേക്കുമെന്ന് ബിജെ ി ഭയക്കുന്നു.

എസ്പിയും ബിഎസ്പിയും കോണ്‍ഗ്രസും ചേര്‍ന്ന് മഹാസഖ്യം രൂപീകരിക്കാനുള്ള സാധ്യതയാണ് ബിജെപി മുന്‍കൂട്ടി കാണുന്നത്. ഉത്തര്‍പ്രദേശില്‍ ബിജെപിക്കെതിരായ ദളിത് രോഷം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്നതായും നേതൃത്വം നിരീക്ഷിട്ടിട്ടുണ്ട്. ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ഭീം ആര്‍മി ദളിതര്‍ക്കിടയിലെ വലിയ സ്വാധീന ശക്തിയായി ഉയര്‍ന്നു വരുന്നതും ബിജെപിയെ ഭയപ്പെടുത്തുന്നു.

ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ചു കൊണ്ടാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ദളിത് നേതാവ് രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ബിജെപി അവതരിപ്പിച്ചത്. ഇതുവരെ വിവാദങ്ങളില്‍ ഉള്‍പ്പെടാത്ത രാംനാഥ് കോവിന്ദ് യുപിയില്‍ നിന്നും തുടര്‍ച്ചയായി രണ്ടുതവണ രാജ്യസഭാംഗമായയാളാണ്.

ഒരു കാലത്ത് മായാവതിയുടെ ദളിത് രാഷ്ട്രീയത്തിന് പകരക്കാരനായി യുപിയില്‍ ബിജെപി ഉയര്‍ത്തി കൊണ്ടുവന്ന ദളിത് നേതാവ് കൂടിയാണ് കോവിന്ദ്. ഭരണത്തുടര്‍ച്ച പ്രധാന ലക്ഷ്യമായി മുന്നില്‍ കാണുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി രാംനാഥ് കോവിന്ദിനെ രംഗത്തിറക്കുക വഴി യുപിയില്‍ പ്രതീക്ഷിക്കുന്ന രാഷ്ട്രീയ നേട്ടം വളരെ വലുതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here