ഇത് നമ്മ മെട്രോ; ആദ്യദിനം കൊച്ചി മെട്രോയ്ക്ക് ലഭിച്ചത് 20 ലക്ഷം രൂപ; യാത്ര ചെയ്തത് 62,000 പേര്‍

കൊച്ചി: കൊച്ചി മെട്രോ സര്‍വീസിനെ ആവേശത്തോടെ സ്വീകരിച്ചത് കൊച്ചിക്കാര്‍. ആദ്യ ദിന യാത്രയില്‍ മെട്രോയ്ക്ക് ലഭിച്ചത് 20,42,740 രൂപയാണ്. വൈകിട്ട് ഏഴുമണി വരെ 62,320 പേരും യാത്ര ചെയ്തു.

രാവിലെ 6.10ന് തന്നെ മെട്രോ സര്‍വ്വീസ് ആരംഭിച്ചു. ആദ്യദിനം തന്നെ മെട്രോയില്‍ യാത്ര ചെയ്യാന്‍ സ്റ്റേഷനുകളില്‍ നീണ്ട നിര തന്നെയായിരുന്നു. ഉത്സവ ലഹരിയിലായിരുന്നു മലയാളികള്‍ സ്വന്തം മെട്രോയിലെ യാത്ര ആസ്വദിച്ചത്. പുലര്‍ച്ചെ അഞ്ച് മണി മുതല്‍ നീണ്ട വലിയ ക്യൂവില്‍ ക്ഷമയോടെ ചിലര്‍ കാത്തിരുന്നു. മെട്രോയെന്ന സ്വപ്നം അനുഭവിക്കാനെത്തിയവരാകട്ടെ ഉത്സവലഹരിയിലും. നഗരത്തിന്റെ ആകാശക്കാഴ്ചകള്‍ കണ്ട് നീങ്ങുന്ന യാത്രക്കാര്‍ സ്വന്തം മെട്രോയെ നെഞ്ചിലേറ്റി സ്വീകരിച്ചു. വാക്കുകളില്‍ ഒതുങ്ങാത്ത ആസ്വാദന ലഹരിയിലായിരുന്നു അവര്‍.

ആലുവ മുതല്‍ പാലാരിവട്ടം വരെ 11 സ്റ്റേഷനുകളിലൂടെ ദിവസേന 9 മിനിറ്റ് ഇടവിട്ട് 219 സര്‍വ്വീസുകളാണ് നടത്തുക. ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 10 രൂപയാണ്. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13.26 കിലോമീറ്ററിന് 40 രൂപ.

യാത്രക്കാര്‍ക്കായി ആലുവയിലും ഇടപ്പളളിയിലും കളമശേരിയിലും കെഎസ്ആര്‍ടിസിയുടെ ഫീഡര്‍ സര്‍വ്വീസും ആരംഭിച്ചിട്ടുണ്ട്. എന്തായാലും ഇനി കൊച്ചിയിലെത്തുന്നവര്‍ക്ക് മെട്രോയുടെ യാത്രാ സൗന്ദര്യവും ആസ്വദിച്ച് മടങ്ങാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News