റാണാ അയ്യൂബിനെതിരെ വീണ്ടും ബിജെപി; രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പരിഹസിച്ചെന്ന് പരാതി

മുംബൈ: എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദയെ പരിഹസിച്ച മാധ്യമപ്രവര്‍ത്തക റാണാ അയ്യൂബിനെതിരെ പരാതിയുമായി ബിജെപി വക്താവ് നുപൂര്‍ ശര്‍മ. റാണാ അയ്യൂബിന്റെ ട്വീറ്റിനെതിരെയാണ് നുപൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.

റാണയുടെ ട്വീറ്റ് ഇങ്ങനെ: ‘പ്രതിഭാ പാട്ടിലാണ് എറ്റവും മോശം രാഷ്ട്രപതിയെന്നാണ് നിങ്ങള്‍ വിചാരിച്ചിരുന്നത് എന്ന് പന്തയം വയ്ക്കാം’. പരാമര്‍ശം അപകീര്‍ത്തികരവും വിലകുറഞ്ഞതും വെറുപ്പുളവാക്കുന്നതുമാണെന്നാണ് ബിജെപി ആരോപണം. റാണക്കെതിരെ പരാതി നല്‍കിയ വിവരം നുപുര്‍ തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

റാണയുടെ ട്വീറ്റ് പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുമുള്ള ഒരാളുടെ കഴിവിനെയും പദവിയെയും അപകീര്‍ത്തിപ്പെടുത്തുന്നതും ജാതീയമായ അധിക്ഷേമാണെന്നും ബിജെപി ആരോപിക്കുന്നു. എസ്ടിഎസ്‌സി വിഭാഗങ്ങള്‍ക്ക് എതിരായ അതിക്രമം തടയുന്ന നിയമപ്രകാരം റാണക്കെതിരെ കേസെടുക്കണമെന്നാണ് ബിജെപിയുടെ ആവശ്യം.

2002ലെ ഗുജറാത്ത് കലാപത്തിലെ ബിജെപിയുടെ പങ്ക് വെളിപ്പെടുത്തുന്ന അന്വേഷണ പരമ്പര റാണ അയ്യൂബ് പ്രസിദ്ധീകരിച്ചിരുന്നു. മോദി, അമിത് ഷാ എന്നിവര്‍ക്ക് കലാപത്തില്‍ പങ്കുണ്ടെന്നും റാണ ആരോപിച്ചിരുന്നു. ഇതോടെയാണ് റാണ, ബിജെപിയുടെ പ്രഖ്യാപിത ശത്രുവായി മാറിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News