റോബിന്‍ ഉത്തപ്പ കേരളത്തിലേക്ക്

പാതി മലയാളിയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരവുമായ റോബിന്‍ ഉത്തപ്പ 2017 – 18 സീസണില്‍ കേരളത്തിന് വേണ്ടി രഞ്ജി ക്രിക്കറ്റില്‍ കളിക്കുമെന്ന് ധാരണയായി. ഇതിനുള്ള എന്‍ഒസി കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ഉത്തപ്പയ്ക്ക് നല്‍കിയതായി കെ എസ് സി എ സെക്രട്ടറി സുധാകര്‍ റാവു അറിയിച്ചു.

സഞ്ജു സാംസണ്‍, സച്ചിന്‍ ബേബി, ബേസില്‍ തമ്പി, വിഷ്ണു വിനോദ്, സന്ദീപ് വാര്യര്‍ തുടങ്ങിയവര്‍ക്കൊപ്പം ഉത്തപ്പയും കൂടി കേരളത്തിനായി പാഡണിയുന്നതോടെ രഞ്ജിയില്‍ കേരളത്തിന് വലിയ പ്രതീക്ഷകളാണ് ഉള്ളത്. ഓസ്ട്രേലിയക്കാരനായ ഡേവ് വാട്‌മോറാണ് കേരളത്തിന്റെ കളിക്കാരെ കളിപഠിപ്പിക്കുന്നതെന്നതും കേരളത്തിന് പ്രതീക്ഷകള്‍ നല്‍കുന്നു.

കര്‍ണാടകത്തിന് വേണ്ടിയാണ് ഉത്തപ്പ ആഭ്യന്തര ക്രിക്കറ്റില്‍ ഇത് വരെ കളിച്ചത്. ഇതാദ്യമായിട്ടാണ് ഉത്തപ്പ ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകം വിടുന്നത്. കോച്ച് ഡേവ് വാട്ട്മോറിന്റെ നിര്‍ദ്ദേശ പ്രകാരമാണ് കേരള ടീമില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രമുഖരെ ഉള്‍പ്പെടുന്നത്.

അബ്ദുള്ള, ജലജ് സക്സേന, ഭവിന്‍ തക്കര്‍ എന്നിവരെയാണ് കഴിഞ്ഞ സീസണില്‍ കേരള ടീം ഉള്‍പ്പെടുത്തിയിരുന്നത്. ഇതില്‍ ഒരാളെ വരും സീസണിലും നിലനിര്‍ത്തിയേക്കും എന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള മൂന്നു താരങ്ങളെയാണ് നിയമപ്രകാരം ടീമിലുള്‍പ്പെടുത്താന്‍ സാധിക്കുക.

മലയാളിയായ റോസിലിനാണ് ഉത്തപ്പയുടെ അമ്മ. അച്ഛന്‍ വേണു ഉത്തപ്പ കര്‍ണാടക സ്വദേശിയാണ്. മികച്ച ഫോമില്‍ കളിക്കുന്ന ഉത്തപ്പ കേരള ടീമിലെത്തുന്നത് കേരള ക്രിക്കറ്റിന് വലിയ മെച്ചമുണ്ടാക്കും. സഞ്ജുവും സച്ചിന്‍ ബേബിയും ഒക്കെ അടങ്ങിയ കേരള ബാറ്റിംഗ് നിരയില്‍ ഉത്തപ്പ കൂടിയായാല്‍ വലിയ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. 38 ഏകദിനങ്ങളില്‍ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുളള ഉത്തപ്പ വലംകൈയ്യന്‍ ബാറ്റ്‌സ്മാനും വലംകൈയ്യന്‍ ഓഫ് ബ്രേക്ക് ബൗളറും വിക്കറ്റ് കീപ്പറുമാണ്. ഐ പി എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി മികച്ച പ്രകടനവും ഉത്തപ്പ നടത്തിയിരുന്നു. .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News