പൊലീസ് ഉത്തരവാദിത്വം നിറവേറ്റി; ചെയ്തതില്‍ തെറ്റില്ലെന്ന് ഡിജിപി സെന്‍കുമാര്‍

കൊച്ചി: പുതുവൈപ്പിലായാലും ഹൈക്കോടതി ജങ്ഷനിലായാലും പൊലീസ് നിറവേറ്റിയത് അവരുടെ ഉത്തരവാദിത്വമാണെന്ന് ഡിജിപി ടി പി സെന്‍കുമാര്‍. ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ യതീഷ്ചന്ദ്ര ചെയ്തതില്‍ തെറ്റില്ലെന്നും ഡിജിപി പറഞ്ഞു.

കൊച്ചി മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോഡി വരുമ്പോള്‍ കൊച്ചിയില്‍ തീവ്രവാദ ഭീഷണിയുണ്ടായിരുന്നു. ക്രമസമാധാന പ്രശ്‌നം ഒഴിവാക്കാനാണ് പൊലീസ് ശ്രമിച്ചത്. പ്രധാനമന്ത്രി വരുന്നതിന്റെ തലേന്ന് വാഹനവ്യൂഹം കടന്നുപേകേണ്ട വഴിയിലായിരുന്നു പ്രതിഷേധം നടന്നത്. എസ്പിജി അടക്കമുള്ളവര്‍ സുരക്ഷ പരിശോധന കര്‍ശനമാക്കുന്നതിനിടെ ഇത്തരം ഒരു പ്രതിഷേധം അനുവദിക്കാനാവില്ല. അതുകൊണ്ടാണ് നടപടി വേണ്ടിവന്നത്.

മുന്‍കൂട്ടി അനുമതി വാങ്ങാതെ പ്രതിഷേധത്തിന് എത്തിയവരെ ഹൈക്കോടതി ജങ്ഷനില്‍ നിന്ന് യതീഷ് ചന്ദ്ര ഒഴിവാക്കുകയായിരുന്നു. എന്നാല്‍ ഈ ദൃശ്യങ്ങള്‍ പുതുവൈപ്പിലേത് എന്ന വിധത്തില്‍ മാധ്യമങ്ങള്‍ തെറ്റിദ്ധരിപ്പിക്കാന്‍ കാണിക്കുകയായിരുന്നു. പുതുവെയ്പ്പിലെ ജനങ്ങളുടെ ആകുലതകള്‍ സര്‍ക്കാരിന് മുന്നില്‍ പറഞ്ഞാണ് പരിഹാരം തേടേണ്ടത്.

സമരത്തിന് പിന്നില്‍ തീവ്രവാദശക്തികളുണ്ട്. ഐഒസിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പരിരക്ഷ നല്‍കാന്‍ കോടതി ഉത്തരവുണ്ട്. അതാണ് പൊലീസ് നിറവേറ്റിയത്. പൊലീസ് നടപടികളുടെ രണ്ട് വീഡിയോകളും താന്‍ കണ്ടുവെന്നും ഡിജിപി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here