തലതൊട്ടപ്പന്‍മാരില്ലാതെ എങ്ങനെ പ്രിയനായകനായി; ആരേയും അമ്പരപ്പിക്കുന്ന ജീവിതകഥയുമായി വിജയ് സേതുപതി

ഇന്ത്യന്‍ വെള്ളിത്തിരയില്‍ തന്നെ ഇപ്പോള്‍ താരപുത്രന്‍മാരുടെ ആധിപത്യമാണ്. ഹൃതിക് റോഷനും അഭിഷേക് ബച്ചനുമടങ്ങുന്ന ബോളിവുഡ് താരനിര അച്ഛന്റെ കൈപിടിച്ച് വെള്ളിത്തിരയിലെത്തിയവര്‍ തന്നെ. തമിഴിലും കന്നഡയിലും തെലുഗിലുമെല്ലാം താരപുത്രന്‍മാര്‍ അരങ്ങുതകര്‍ക്കുകയാണ്. മലയാളത്തിന്റെ കാര്യവും വ്യത്യസ്തമല്ല. പൃഥിരാജും ഫഹദും ദുല്‍ഖറും നടന്നവഴിയെ അച്ഛന്റെ കൈപിടിച്ചെത്തുവാന്‍ പ്രണവ് മോഹന്‍ലാലും തയ്യാറായി നില്‍ക്കുകയാണ്.

താരപുത്രന്‍മാര്‍ക്കിടയില്‍ മറ്റുള്ളവര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ പോലും സാധിക്കുന്നില്ല. അതിനിടയിലാണ് തമിഴകത്ത് ആരാധകരുടെ പ്രിയതാരമായി വിജയ് സേതുപതിയെന്ന യുവനടന്‍ പ്രകമ്പനം സൃഷ്ടിക്കുന്നത്. തലതൊട്ടപ്പന്മാരൊന്നുമില്ലാതെ തമിഴ് വെള്ളിത്തിരയില്‍ വിസമയിപ്പിക്കുന്ന വിജയ് സേതുപതിയുടെ ജീവിത കഥ ആവേശം നിറയ്ക്കുന്നതാണ്.

നാളെയിന്‍ യേര്‍കുനാര്‍ എന്ന സണ്‍ ടി വിയിലെ പരിപാടിയില്‍ നിന്നാണ് വെള്ളിത്തിരയിലെ സുവര്‍ണതാരമായി വിജയ് സേതുപതി പടര്‍ന്നു പന്തലിച്ചത്. ആദ്യഘട്ടത്തില്‍ വെല്ലുവിളികള്‍ നേരിട്ട സേതുപതി പിന്നീട് പതിയെ വിജയം പിടിച്ചെടുക്കുകയായിരുന്നു. സുന്ദരപാണ്ടിയിലെ നെഗറ്റീവ് വേഷം അവിസ്മരണീയമാക്കിയതോടെയാണ് സേതുപതിയുടെ വിജയഗാഥ തുടങ്ങുന്നത്. സുന്ദരപാണ്ടിയില്‍ നിന്ന് തമിഴ് സിനിമയിലെ താരസിംഹാസനത്തിലേക്ക് സേതുപതി ഉയര്‍ന്നെങ്കില്‍ അത് സ്വന്തം കഴിവ് കൊണ്ട് മാത്രമായിരുന്നു.

സിനിമയെക്കാളും അവിശ്വസനീയത തോന്നുന്ന ജീവിതവിജയമാണ് സേതുപതിയുടേത്. 16 വര്‍ഷങ്ങള്‍ക്കു മുന്‍പ് ജോലി തേടി നാട് വിട്ടിടത്തുന്നിന്നാണ് ആ കഥ തുടങ്ങുന്നത്. ദുബായിയില്‍ ഒരു അക്കൗണ്ടന്റ് ആയി 3 വര്‍ഷം ജോലി നോക്കി. എന്നാല്‍ പണ്ട്മുതലേയുള്ള സിനിമാ ഭ്രാന്ത് മൂത്തതോടെ മണലാരണ്യത്തില്‍ നിന്നും വണ്ടികയറി നാട്ടിലെത്തി. പരിഹാസ ശരങ്ങളുമായാണ് വീട്ടുകാരും നാട്ടുകാരും കുടുബക്കാരും സുഹൃത്തുക്കളുമൊക്കെ വരവേറ്റത്.

അതിനിടയില്‍ പ്രണയ സാഫല്യത്തിനും സേതുപതിയുടെ ജീവിതം സാക്ഷ്യം വഹിച്ചു. പ്രിയസഖി ജെസ്സിയെ ജീവിത പങ്കാളിയാക്കി. പിന്നീട് ഓരോ ദിവസവും വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. ജീവിതവും ജീവിതപ്രതിസന്ധികളുടെയും മുന്നിലും സിനിമാ മോഹം ഉപേക്ഷിക്കാന്‍ സേതുപതിയ്ക്കായില്ല. ഒടുവില്‍ കൂത്ത് പാട്ടാരൈ എന്ന നാടകസംഘത്തില്‍ അക്കൗണ്ടന്റായി ജോലിക്ക് കയറി. ജീവിക്കാനുള്ള വകയും ഒപ്പം സിനിമയെന്ന സ്വപനത്തോടുള്ള അഭിനിവേശമായിരുന്നു ആ നാടകസംഘത്തിലെ ജോലി.

ചെറിയ ചെറിയ റോളുകള്‍ നടന്മാരെ ലഭിക്കാത്ത അവസരങ്ങളില്‍ ചെയ്തു തുടങ്ങി. തമിഴ്‌നാട് മുഴുവനും കൂത്ത് പാട്ടാരൈയുടെ കൂടെ ചുറ്റി നാടകങ്ങളില്‍ അഭിനയിച്ചു. ഇതിനിടെ സിനിമയിലും തലകാണിക്കാന്‍ സാധിച്ചു. ചുറ്റിലും വിമര്‍ശനവുമായി ബന്ധുക്കളും സുഹൃത്തുക്കളും നിറഞ്ഞപ്പോള്‍ ആവേശവും ആശ്വാസവുമായ ഭാര്യ ജെസ്സിയുടെ പിന്തുണ സേതുപതിയുടെ ജീവിതത്തില്‍ നിര്‍ണായകമായി.

സണ്‍ ടി വി യില്‍ നടന്ന ഹ്രസ്വ ചിത്ര മത്സരമായ നാളെയിന്‍ യേര്‍കുനാര്‍ എന്ന പരിപാടിയിലെ വിവിധ ഹ്രസ്വ ചിത്രങ്ങളില്‍ അഭിനയിച്ചതോടെ സേതുപതി വിജയപടവുകള്‍ കയറുകയായിരുന്നു. വെള്ളിത്തിരയിലെ താരമാകാനുള്ള വിളി പിന്നാലെയെത്തി. സീനു രാമസ്വാമിയുടെ തേന്മെര്‍ക്ക് പരുവകാറ്റു എന്ന ചിത്രത്തിലെ വേഷം മികവുറ്റതാക്കിയതോടെ താരം ദേശീയ ശ്രദ്ധ നേടി. ചിത്രം ദേശീയ അവാര്‍ഡ് നേടുകകൂടി ചെയ്തത് സേതുപതിയുടെ രാശി മാറ്റി. നായക വേഷത്തിലെത്തിയ കാര്‍ത്തിക് സുബരാജിന്റെ പിസ വമ്പന്‍ ഹിറ്റായതോടെ തമിഴകത്ത് നിന്നും സേതുപതിയുടെ ഖ്യാതി മലയാളക്കരയിലും ദക്ഷിണേന്ത്യയിലാകെയുമെത്തി.

തന്റെ വിജയകഥയെക്കുറിച്ച് വിജയ് സേതുപതി പറയുന്നതിങ്ങനെയാണ്. ‘നമ്മുടെ തിരിച്ചറിവുകളാണ് നമ്മുടെ നാളെയെ തീരുമാനിക്കുന്നത്. എനിക്ക് പ്ലാനിംഗ് എന്നൊരു സംഗതി ഇഷ്ടമല്ല അത്‌കൊണ്ട് തന്നെയാണ് ഞാന്‍ വലിയ ബജറ്റ് ചിത്രങ്ങള്‍ ചെയ്യാത്തത്, ഞാന്‍ ജൂനിയര്‍ ആര്ടിസ്‌റ് ആയിരുന്ന ഒരാളാണ് പ്ലാനിംഗ് എന്നെ ബോര്‍ അടിപിക്കും. ഞാന്‍ റോളുകള്‍ക്ക് അസോസിയെട്‌സിന്റെ കാലുപിടിച്ചിട്ടുണ്ട് ഒന്നല്ല രണ്ടല്ല ആറു വര്‍ഷം, പലരും തിരിഞ്ഞ് പോലും നോക്കിയിട്ടില്ല. നാട്ടുകാരുടെയും ബന്ധുക്കളുടെയും പുച്ഛം ആവോളം കിട്ടിട്ടുണ്ട്. സിനിമ നിനക്കും നിന്റെ രൂപത്തിനും ചേരുന്ന ഒന്നല്ല എന്ന് കളിയാക്കിയവരുണ്ട്. പട്ടിയെ പോലെ അങ്ങോട്ടുമിങ്ങോട്ടും നടത്തിച്ചവരുമുണ്ട്. ഞാന്‍ ഒറ്റയ്ക്ക് പഠിച്ച പാഠങ്ങളാണ് ഇന്നു എന്നെ ഇവിടെ എത്തിച്ചത്. ഇന്നും എന്റെ ലൊക്കേഷനിലെ ലൈറ്റ് ബോയിയോടും സ്റ്റണ്ട് മാനോടും ഒക്കെ അവരുടെ ജീവിതത്തെ പറ്റി ചോദിക്കാറുണ്ട് ഞാന്‍. എന്റെ അറിവിനുമപ്പുറമാണ് അവരുടെ ജീവിതങ്ങള്‍, എനിക്ക് അവരിലൂടെ എന്നെ കാണാന്‍ കഴിയും, രണ്ട് ദിവസം ലൊക്കേഷനില്‍ ഒന്ന് നിര്‍ത്താമോ എന്ന് ചോദിച്ചു കരഞ്ഞ പഴയ വിജയ് സേതുപതിയെ. ‘

ഇന്ന് തമിഴകത്ത് മാത്രമല്ല ഇന്ത്യന്‍ സിനിമയില്‍ തന്നെ വിജയ് സേതുപതി വിസ്മയമാണ്. നാനും റൗഡി താന്‍, കടലും കടന്ത് പോഗും, കവാന്‍ തുടങ്ങിയ ചിത്രങ്ങള്‍ വമ്പന്‍ ഹിറ്റായി മാറിയത് സേതുപതിയുടെ താരമൂല്യത്തെ കുത്തനെ വര്‍ദ്ദിപ്പിച്ചിട്ടുണ്ട്. കഥാപാത്രങ്ങളിലൂടെ നമ്മെ വിസ്മയിപ്പിക്കുമ്പോള്‍ ഈ നടന്‍ വിളിച്ചുപറയുന്നൊരു സത്യമുണ്ട്. സ്വപ്നങ്ങള്‍ക്ക് വേണ്ടി അധ്വാനിക്കുകയും കഷ്ടപ്പെടുകയും ചെയ്താല്‍ വിജയം നമ്മുടെ വഴിയില്‍ താനെ പൂക്കുമെന്ന സത്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News