മനുഷ്യജീവനാണ് വില; രാഷ്ട്രപതിയുടെ വാഹനം തടഞ്ഞ് ആംബുലന്‍സ് കടത്തിവിട്ട പൊലീസുകാരന് അഭിനന്ദനപ്രവാഹം

ബംഗളൂരു: ഇന്ത്യന്‍ രാഷ്ട്രപതിയുടെ വാഹനവ്യൂഹം തടയുകയെന്നാല്‍ ഗുരുതരമായ കുറ്റകൃത്യമാണ്. പഴുതടച്ച സുരക്ഷാവീഥിയിലൂടെ മുന്നേറുന്ന രാഷ്ട്രപതിയുടെ വാഹനവൂഹം തടയാനെന്നല്ല അതിന് മുന്നിലെത്താന്‍ പോലും ആരും ഭയപ്പെടും. എന്നാല്‍ ബംഗളൂരുവിലെ ട്രാഫിക് പോലീസുകാരന് തെല്ലും ഭയമില്ലായിരുന്നു.

രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിനെക്കാളും പ്രധാനം മുന്നില്‍ കിടക്കുന്ന ആംബുലന്‍സില്‍ പിടയ്ക്കുന്ന മനുഷ്യജീവനാണെന്ന ഉത്തമബോധ്യം അയാള്‍ക്കുണ്ടായിരുന്നു. ആംബുലന്‍സിന് കടന്നുപോകാന്‍ ഇന്ത്യന്‍ രാഷ്ട്രപതിയുടെ വാഹനവ്യൂഹം തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥന് അഭിനന്ദന പ്രവാഹം. ബെംഗളൂരുവിലെ ട്രിനിറ്റി സര്‍ക്കിളിലാണ് സംഭവം.

തിരക്കേറിയ ജംക്ഷനിലൂടെ മെട്രോ ഗ്രീന്‍ ലൈന്‍ ഉദ്ഘാടനത്തിനെത്തിയ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വാഹനവ്യൂഹം ട്രാഫിക് പൊലീസ് സബ് ഇന്‍സ്‌പെകടര്‍ എം.എല്‍.നിജലിംഗപ്പ തടയുകയായിരുന്നു. വിവരം സമൂഹമാധ്യമങ്ങളില്‍ തരംഗമായതോടെ നിജലിംഗപ്പയ്ക്ക് വിവിധയിടങ്ങളില്‍നിന്ന് അഭിനന്ദന പ്രവാഹമാണ്.

രാഷ്ട്രപതിയുടെ വാഹനവ്യൂഹം രാജ്ഭവന്‍ ലക്ഷ്യമാക്കി പോകുമ്പോഴാണ് ഒരു ആംബുലന്‍സ് വരുന്നത് ട്രാഫിക് പൊലീസുകാരന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍തന്നെ ആംബുലന്‍സിനു കടന്നുപോകാന്‍ കഴിയുന്ന തരത്തില്‍ ഗതാഗതം നിയന്ത്രിച്ച് അതു കടത്തിവിടുകയായിരുന്നു. എച്ച്എഎല്‍ ആശുപത്രി ലക്ഷ്യമാക്കിയായിരുന്നു ആംബുലന്‍സിന്റെ യാത്ര.

കൃത്യസമയത്ത് പ്രവര്‍ത്തിച്ച ഇന്‍സ്‌പെക്ടറിന്റെ കഴിവിനെ പ്രശംസിച്ച് ട്രാഫിക് ഈസ്റ്റ് ഡിവിഷന്‍ ഡപ്യൂട്ടി കമ്മിഷണര്‍ അഭേയ് ഗോയലും കമ്മിഷണര്‍ പ്രവീണ്‍ സൂദും ട്വീറ്റ് ചെയ്തിട്ടുണ്ട്. മനുഷ്യസ്‌നേഹത്തിന്റെ ഉദാത്തമാതൃകയാണ് നിജലിംഗപ്പയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News