തിരുവനന്തപുരം: പുതുവൈപ്പിലെ ഐഒസി പ്ലാന്റിനെതിരെ പ്രതിഷേധിക്കുന്ന സമരസമിതി സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്ക് തയാറാകണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ചര്‍ച്ചയ്ക്ക് അവസരം നല്‍കില്ലെന്ന സ്ഥിതി സമരസമിതി പുനഃപരിശോധിക്കണം. പൊലീസ് നടപടിയില്‍ തെറ്റ് സംഭവിച്ചിട്ടുണ്ടോ എന്നത് സര്‍ക്കാര്‍ പരിശോധിക്കണമെന്ന് കോടിയേരി പറഞ്ഞു.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ പദ്ധതി എന്‍ഡിഎ സര്‍ക്കാരും മുന്നോട്ടുകൊണ്ടുപോവുകയാണ്. കേന്ദ്രമന്ത്രി നേരിട്ടെത്തി പദ്ധതി വേഗം പൂര്‍ത്തിയാക്കണമെന്നാണ് ആവശ്യപ്പെട്ടത്. സംസ്ഥാന സര്‍ക്കാരിന് പദ്ധതിക്ക് ആവശ്യമായ സഹായം ഒരുക്കി നല്‍കേണ്ടതുണ്ട്. പദ്ധതി വേണോ വേണ്ടയോ എന്ന് തീരുമാനിക്കാനാകുന്നത് കേന്ദ്രസര്‍ക്കാരിന് മാത്രമാണെന്ന് കോടിയേരി ചൂണ്ടിക്കാട്ടി.
പദ്ധതി നിര്‍മ്മാണം തടസപ്പെടുത്തില്ലെന്ന് സമരസമിതി ഹൈക്കോടതിയില്‍ നല്‍കിയ ഉറപ്പ് ലംഘിച്ചാണ് പ്രതിഷേധം ഉണ്ടായത്. പദ്ധതിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കോടിയേരി പറഞ്ഞു.
കൊച്ചി മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തിയ ദിവസം മുന്‍കൂട്ടി അറിയിക്കാതെ നടന്ന പ്രതിഷേധ പരിപാടി വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ്. മെട്രോ ഉദ്ഘാടനവേദിയിലേക്ക് സംഘര്‍ഷം എത്തിയിരുന്നെങ്കില്‍ സുരക്ഷാ വീഴ്ച എന്നനിലയില്‍ സംസ്ഥാനം വിമര്‍ശിക്കപ്പെടുമായിരുന്നുവെന്ന് കോടിയേരി പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.