റൊണാള്‍ഡോ റയല്‍ മാഡ്രിഡില്‍ തുടരുമെന്ന് ക്ലബ് പ്രസിഡന്റ്; ഇപ്പോഴത്തെ വാര്‍ത്തകളൊക്കെ വിചിത്രമെന്നും ക്ലബ്

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രീഡ് വിടില്ലെന്ന് ക്ലബ് പ്രസിഡന്റ് ഫ്ളോറെന്റനോ പെരസ്. റൊണാള്‍ഡോയെ വില്‍ക്കാന്‍  ഉദ്ദേശമില്ലെന്നും റൊണാള്‍ഡോ ക്ലബ് വിടുമെന്ന് മാഡ്രിഡിലെ ഒരാള്‍ പോലും സ്വപ്നം കണ്ടിട്ടില്ലെന്നും പെരസ് പറഞ്ഞു. കോണ്‍ഫെഡറേഷന്‍സ് കപ്പിന്റെ ഭാഗമായി പോര്‍ച്ചുഗല്‍ ടീമിനൊപ്പം റഷ്യയിലുള്ള റൊണാള്‍ഡോയുമായി ടൂര്‍ണമെന്റിന് ശേഷം ചര്‍ച്ച നടത്തുമെന്നും പെരസ് സ്പാനിഷ് റേഡിയോ സ്റ്റേഷന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

കാര്‍ഡിഫിലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് ശേഷം താന്‍ റൊണാള്‍ഡോയുമായി സംസാരിച്ചിട്ടില്ലെന്നും ഇപ്പോഴത്തെ വാര്‍ത്തകളൊക്കെ വിചിത്രമായി തോന്നുന്നുവെന്നും പെരസ് പറയുന്നു. 14.7 കോടി യൂറോയുടെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസ് നേരിടുന്ന റൊണാള്‍ഡോ സ്പെയിന്‍ വിടാന്‍ ആഗ്രഹിക്കുന്നുവെന്നും മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് പോര്‍ച്ചുഗീസ് താരം തിരിച്ചുപോകുമെന്നുമുള്ള റിപ്പോര്‍ട്ടുകളോടായിരുന്നു പെരസിന്റെ പ്രതികരണം.

2011-14 കാലയളവില്‍ വരുമാനം മറച്ചുവെച്ച് റൊണാള്‍ഡോ നികുതി വെട്ടിച്ചുവെന്നാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫീസിന്റെ കേസ്. ഈ കേസില്‍ ക്ലബില്‍ നിന്ന് വേണ്ട സഹായം കിട്ടുന്നില്ലെന്ന പരിഭവമാണ് ക്രിസ്റ്റ്യാനോ റയല്‍ വിടുമെന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനം. റയല്‍ ടീം വിടരുതെന്ന് കോച്ച് സിനദന്‍ സിദാനും റൊണാള്‍ഡോയോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മാസം അവസാനിച്ച സീസണില്‍ സ്പാനിഷ് ലാ ലിഗയ്ക്ക് പുറമെ ചാമ്പ്യന്‍സ് ലീഗ് കിരീടവും റൊണാള്‍ഡോ റയലിന് നേടിക്കൊടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News