മഴയിലും മെലിഞ്ഞൊഴുകുന്ന കല്ലാര്‍

വര്‍ഷകാലത്ത് ഉഗ്രരൂപിണിയാകുന്ന കല്ലാര്‍ ഇപ്പോള്‍ പഴമക്കാരുടെ ഓര്‍മ്മകളില്‍ മാത്രം. വെള്ളാരംകല്ലുകളുടെ കൂനയില്‍ മെലിഞ്ഞൊഴുകുന്ന ചെറുനദിയാണ് അവശേഷിക്കുന്നത്. ചതി ഒളിപ്പിച്ചുവെച്ച ആഴക്കയങ്ങളും കുത്തൊഴുക്കും അപ്രത്യക്ഷമായിക്കഴിഞ്ഞു. മലവെള്ളത്തിന്റെ കുത്തൊഴുക്ക് ഈ വര്‍ഷം ഉണ്ടായിട്ടേയില്ലെന്ന് പഞ്ചായത്തംഗം ഷാഹുല്‍ ഹമീദ് ഞങ്ങളോട് പറഞ്ഞു.

മനുഷ്യരുണ്ടാക്കുന്ന പ്രശ്‌നങ്ങളാണ് കല്ലാറിന്റെ മരണത്തിന് കാരണമാകുന്നതെന്ന് നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. നദിയിലാകെ അനധികൃത മണലെടുപ്പാണ്. മണല്‍മാഫിയയെ നിയന്ത്രിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും പാഴാണ്. തീരത്ത് പുതുതായി രൂപപ്പെട്ട റിസോര്‍ട്ടുകളുടെ മാലിന്യങ്ങളും പൂര്‍ണ്ണമായും കല്ലാറിലേക്കാണ് തള്ളപ്പെടുന്നത്.

കാട്ടിനകത്ത് വൈഡൂര്യമുണ്ടെന്ന പേരില്‍ നടക്കുന്ന രഹസ്യഖനനങ്ങളും കല്ലാറിന്റെ മരണത്തിന് കാരണമാകുന്നു. കല്ലാറിന്റെ വൃഷ്ടിപ്രദേശങ്ങളിലാണ് പാതിരാഖനനങ്ങളെന്ന് നാട്ടുകാര്‍ പറഞ്ഞു. വര്‍ഷകാലത്ത് പത്രത്താളുകളിലെ സ്ഥിരം വാര്‍ത്തയായിരുന്നു കല്ലാറിലെ അപകട മരണങ്ങള്‍.

കുളിക്കാനിറങ്ങിയ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളെ കുതിച്ചൊഴുകിയെത്തിയ മലവെള്ളം കൊണ്ടുപോയതുപോലുള്ള ഒട്ടേറെ അപകടങ്ങളും ആളുകളുടെ മനസ്സിലുണ്ട്. ഇന്ന് മലവെള്ളപ്പാച്ചിലില്ല. ദുരൂഹമായ കയങ്ങളില്ല. ആ കല്ലാര്‍ മരിച്ചു കഴിഞ്ഞു. മണല്‍മാത്രം അവശേഷിക്കുന്ന ഭാരതപ്പുഴപോലെ വെള്ളാരം കല്ലുകള്‍ക്കുള്ളിലൊളിച്ച കല്ലാര്‍ മാത്രം ബാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News