അബ്ദുള്‍ കലാമിനെ ‘വെറും’ മിസൈല്‍മാനെന്നു വിളിച്ചോ; സംഘികളെ തകര്‍ത്ത് തരിപ്പണമാക്കി എം ബി രാജേഷ്

തിരുവനന്തപുരം: മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാമിനം അപമാനിച്ചെന്നതടക്കമുള്ള വിമര്‍ശനങ്ങള്‍ക്ക് എണ്ണിയെണ്ണ മറുപടി പറഞ്ഞാണ് എം ബി രാജേഷ് എം പി രംഗത്തെത്തിയത്. ഫേക്ക് ഐഡികളിലൂടെയുള്ള സംഘപരിവാറിന്റെ കള്ളപ്രചരണങ്ങള്‍ രാജേഷ് പൊളിച്ചടിക്കിയിട്ടുണ്ട്. സംഘികളുടെ ആശയ ദാരിദ്രത്തേയും അദ്ദേഹം പരിഹസിച്ചു.

അബ്ദുള്‍ കലാമിനെ മിസൈല്‍ മാനെന്ന് വിളിക്കുന്നത് ബഹുമാനപൂര്‍വ്വമാണെന്ന് തിരിച്ചറിയാനുള്ള ബുദ്ധി സംഘികള്‍ക്കില്ലെന്ന് പരിഹസിച്ച എം ബി രാജേഷ് വെറും മിസൈല്‍ മാനെന്ന പ്രയോഗം സംഘികളുടെ കള്ളപ്രചരണമാണെന്നും ചൂണ്ടികാട്ടിയിട്ടുണ്ട്. മാത്രമല്ല അബ്ദുള്‍ കലാമിനോട് തികഞ്ഞ ബഹുമാനം മാത്രമെയുള്ളുവെന്നും വ്യക്തമാക്കി.

എം ബി രാജേഷ് എം പി യുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഫേക്ക് ഐഡിയുടെ പ്രയോഗം പുതിയതല്ല. മാരീചനും പൂതനയും ഫേക്ക് ഐഡിയിലാണ് ചതിപ്രയോഗം നടത്തിയത്. രാക്ഷസന്‍ പുള്ളിമാനായി വന്ന് മോഹിപ്പിച്ച് സീതയെ അപകടത്തിലേക്ക് നയിച്ചപ്പോള്‍ മോഹിനിവേഷത്തിലെത്തിയ രാക്ഷസി മുലക്കണ്ണില്‍ വിഷം പുരട്ടിയാണ് പൈതങ്ങളെ മുലയൂട്ടിക്കൊന്നത്.

കാലം മാറിയെങ്കിലും സംഘി മാരീചന്‍മാരും പൂതനമാരും ഫേക്ക് ഐഡി പാരമ്പര്യം കാത്തു സൂക്ഷിക്കുന്നുണ്ട്. നുണപ്രചരണത്തിനും തെറിപ്രയോഗത്തിനുമുള്ള മറയാണവര്‍ക്കത്. മുസ്ലീം, കൃസ്ത്യന്‍ പേരുകളില്‍ പ്രച്ഛന്ന നാമധാരികളായാണ് പലപ്പോഴും രംഗപ്രവേശം. അത്തരക്കാരുടെ ഒരു സംഘടിത പ്രചരണം ഇപ്പോള്‍ എനിക്കെതിരെ നടക്കുന്നുണ്ട്. തെറിവിളി പതിവാണ്. അത് ഞാന്‍ പരമപുച്ഛത്തോടെ അവഗണിക്കലും പതിവാണ്.

മനോനില തെറ്റിയവര്‍ നിങ്ങളെ എന്തെല്ലാം വിളിച്ചാലും ബോധമുള്ള ആരും ചോദ്യം ചെയ്യാന്‍ സമയം കളയില്ലല്ലോ. അത്രയേയുള്ളൂ. എന്നാല്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പ്രചരണമാവുമ്പോള്‍ ഒരു തവണ ഒന്നു വ്യക്തത വരുത്താമെന്നു തോന്നി.

ശ്രീ. ഏ.പി.ജെ. അബ്ദുള്‍കലാമിനെ മിസൈല്‍ എഞ്ചിനീയറെന്നു വിളിച്ചു ഞാന്‍ പരിഹസിച്ചുവത്രേ!. അദ്ദേഹം മിസൈല്‍ എഞ്ചീനീയറായിരുന്നില്ലേ? ‘വെറും’ എന്നത് സംഘികള്‍ കൂട്ടിച്ചേര്‍ത്തതാണ്. അത് കൂട്ടി ചേര്‍ക്കുക വഴി അദ്ദേഹത്തെ അപമാനിച്ചതും അവരാണ്. മിസൈല്‍മാന്‍ എന്ന വിശേഷണം അദ്ദേഹത്തിന് ലഭിച്ചത് മിസൈല്‍ എഞ്ചിനീയറിങ്ങ് പ്രാഗത്ഭ്യം കൊണ്ടായിരുന്നില്ലേ ? പ്രഗത്ഭനായ മിസൈല്‍ എഞ്ചീനീയറായിരുന്ന അദ്ദേഹത്തെ അങ്ങനെ വിശേഷിപ്പിക്കുന്നത് എങ്ങിനെ തെറ്റാവും.

മിസൈല്‍ എഞ്ചിനീയര്‍ എന്നത് എന്നു മുതലാണാവോ തെറിയായത്? അദ്ദേഹത്തെ ഞാന്‍ സംഘി എന്നൊന്നും വിശേഷിപ്പിച്ചിട്ടില്ലല്ലോ. എങ്കില്‍ ഞാന്‍ ചെയ്തത് മാപ്പര്‍ഹിക്കാത്ത അധിക്ഷേപവും പരിഹാസവും തന്നെയാകുമായിരുന്നു. അവരവരുടെ മേഖലയില്‍ കഴിവു തെളിയിച്ച ടെക്‌നോക്രാറ്റുകള്‍ എന്ന നിലയിലുള്ള മതിപ്പ് ശ്രീ. കലാമിനോടും ശ്രീ.ഇ.ശ്രീധരനോടുമൊക്കെ പുലര്‍ത്തുന്ന ഒരാളാണ് ഞാന്‍.

ശ്രീ.കലാമിന്റെ ഒരു പുസ്തകംഅഗ്‌നിച്ചിറകുകള്‍വായിച്ചിട്ടുമുണ്ട്. വേറെയും ചില പുസ്തകങ്ങളും കൈവശം ഉണ്ടെങ്കിലും ഇതു മാത്രമേ വായിച്ചിട്ടൂള്ളൂ. കൂട്ടത്തില്‍ പറയട്ടെ, വിചാരധാര, നാം അഥവാ നമ്മുടെ രാഷ്ട്രം നിര്‍വ്വചിക്കപ്പെടുന്നു എന്നിവയും വായിച്ചിട്ടുണ്ട്. ഒന്നല്ല, ഒന്നിലേറെ തവണ. സംഘികള്‍ക്കു സന്തോഷമായിട്ടുണ്ടാവുമല്ലോ. പക്ഷേ, ഗോള്‍വാള്‍ക്കര്‍ജിയെയൊക്കെ വായിച്ചപ്പോഴാണ് ഈ പ്രത്യയശാസ്ത്രത്തോട് കലിപ്പു തോന്നിയത്. വ്യക്തിവിദ്വേഷമല്ല, പ്രത്യയശാസ്ത്രപരമായ കട്ടക്കലിപ്പ്. പിന്നെ, വടക്കേകൂട്ടാല നാരായണന്‍ നായരേം (അതാരാണെന്ന് കണ്ടെത്താന്‍ ബൗദ്ധിക പ്രമുഖന്‍മാര്‍ കുറച്ച് വിയര്‍ക്കും. ശീലമില്ലല്ലോ) അസാരം വായിച്ചു.

അതുകൊണ്ടാണോ എന്തോ സംഘി തോഴന്മാരായ കാഷായ വേഷക്കാര്‍ ‘കളഞ്ഞുപോയ ആത്മന്‍ തേടുകയാണെന്ന വ്യാജേന…’നടക്കുന്നത് കണ്ടാലും അവരുടെ ഉദീരണങ്ങള്‍ കേട്ടാലുമൊക്കെ ‘ചിരിച്ച് ചിരിച്ച് മണ്ണുകപ്പി കപ്പിയ മണ്ണ് തുപ്പിക്കളഞ്ഞ് വീണ്ടും ചിരിക്കാന്‍’ തോന്നുന്നത്.
മഹാത്മാഗാന്ധിയെ ‘സൂത്രക്കാരനായ ബനിയ’ എന്നാക്ഷേപിച്ച ആളുടെ പേര്അമിത് ഷാ എന്ന് തന്നെയല്ലേ? അയാള്‍ തന്നെയല്ലേ ബി.ജെ.പി.യുടെ ദേശീയ പ്രസിഡന്റ്? ഗാന്ധിജിയെക്കുറിച്ച് പറഞ്ഞതു പറഞ്ഞതു തന്നെ എന്ന മട്ടില്‍ പറഞ്ഞതൊന്നും അമിത്ഷാ ഒന്നു നിഷേധിക്കുക പോലും ചെയ്തില്ലെന്നോര്‍ക്കണം.

അതുകൊണ്ട് രാഷ്ട്രപിതാവിനെക്കുറി്ച്ച് ഇങ്ങിനെയൊന്നും പറയരുതെന്ന് സ്വന്തം നേതാവിനെ ഉപദേശിച്ചു നന്നാക്കൂ. ഗാന്ധിജിയെ അല്ല നെഹ്രുവിനെയാണ് കൊല്ലേണ്ടിയിരുന്നത് എന്ന അമിത്ഷായുടെ കേരള അനുയായി ലേഖനമെഴുതിയപ്പോള്‍ ആത്മരോഷം സിക്ക് ലീവിലായിരുന്നോ ? അതോ ശാഖയില്‍ മറന്നു വച്ചോ? ഗാന്ധിയല്ല ഗോഡ്‌സേയാണ് യഥാര്‍ത്ഥ ദേശഭക്തന്‍ എന്ന് സാക്ഷിമഹാരാജ് എന്ന സന്യാസി വേഷം ധരിച്ച ക്ഷുദ്രരാഷ്ട്രീയക്കാരന്‍ വിഷം ചീറ്റിയപ്പോള്‍ ‘യഥാര്‍ത്ഥ രാജ്യസ്‌നേഹികളുടെ’ നാവിറങ്ങിപ്പോയിരുന്നോ.? ഓ…അതിന് ഇവര്‍ക്ക് ഗോഡ്‌സേ തന്നെയാണല്ലോ ഉത്തമ രാജ്യസ്‌നേഹി അല്ലേ?

ശ്രീ. കലാമിനെതിരെ ഇടതുപക്ഷം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് വലിയ അനാദരവായിരുന്നത്രേ. ആരായിരുന്നു സ്ഥാനാര്‍ത്ഥി എന്നു മാത്രം പറയുന്നില്ല. പറയുകയുമില്ല. ആ പേരുച്ചരിക്കാനുള്ള യോഗ്യതയുള്ള ഒരാളും സംഘിപക്ഷത്തില്ലതാനും. നേതാജിയുടെ അനുയായി, സ്വാതന്ത്ര്യത്തിനായി തോക്കേന്തി പൊരുതിയ ധീരദേശാഭിമാനി, ലോക സൈനിക ചരിത്രത്തിലാദ്യത്തെ വനിതാ റെജിമെന്റിനെ നയിച്ച വീറുറ്റ പോരാളി. ഡോക്ടറുദ്യോഗവും സുഖസൗഭാഗ്യങ്ങളും ഉപേക്ഷിച്ച് സ്വാതന്ത്ര്യസമരത്തിന്റെയും കമ്മ്യൂണിസ്റ്റ് പാതയുടെയും തീക്ഷ്ണ പാതകള്‍ തെരഞ്ഞെടുത്തവള്‍. അങ്ങനെയൊരാളായിരുന്നു ഇടതുപക്ഷത്തിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി എന്നു പറഞ്ഞാല്‍ സംഘപരിവാരത്തിന്റെ രാജ്യസ്‌നേഹ വാചകമടികള്‍ വെറും കുമ്മനടികളായിത്തീരില്ലേ.

അതുകൊണ്ട് ക്യാപ്റ്റന്‍ ലക്ഷ്മിയെന്നു മാത്രം ഉച്ചരിക്കില്ല. എന്നിട്ട് എത്ര വോട്ട് കിട്ടിയെന്ന് ജനാധിപത്യ ബോധം തരിമ്പുമില്ലാത്തവരുടെ അഹന്ത നിറഞ്ഞ ചോദ്യം. ഡോ.ക്യാപ്റ്റന്‍ ലക്ഷ്മി സൈഗാള്‍ ഐ.എന്‍.എ യില്‍ തോക്കേന്താനിറങ്ങിപുറപ്പെട്ടത് ജയിക്കുമെന്നു പോയിട്ട് ജീവനോടെ തിരിച്ചുവരുമെന്ന് പോലും കരുതിയ ഒരു യുദ്ധത്തിനായിരുന്നില്ല. പിന്നല്ലേ തോല്‍ക്കുമെന്നുറപ്പുള്ള രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ പോരാട്ടം! ഒരു നിലപാടിനും ആദര്‍ശത്തിനും വേണ്ടിയുള്ള പോരാട്ടങ്ങള്‍ മനസ്സിലാക്കാന്‍ എന്നാണിവര്‍ക്കു കഴിയുക? അതിനു കഴിയുന്നവര്‍ ഒരിക്കലും സംഘികളാവുകയുമില്ലല്ലോ. മല്‍സരിച്ചിട്ട് എന്തു നേടി എന്ന് ചോദിക്കുന്നവരറിയുക, എണ്ണത്തില്‍ കുറഞ്ഞാലും പരാജയം ഉറപ്പായാലും മാപ്പെഴുതി കീഴടങ്ങലല്ല, തുടരുന്ന പോരാട്ടമാണ് ഇടതുപക്ഷ രാഷ്ട്രീയമെന്ന് ചരിത്രത്തില്‍ മായ്ച്കളയാനാവാത്ത വിധം രേഖപ്പെടുത്തി എന്നതു തന്നെയാണ് യഥാര്‍ത്ഥ വിജയം.

അത് രേഖപ്പെടുത്താന്‍, ആ പോരാട്ടം നയിക്കാന്‍ ക്യാപ്റ്റന്‍ ലക്ഷ്മിയോളം യോഗ്യയായ മറ്റാരുണ്ടായിരുന്നു അന്ന് ഇന്ത്യയില്‍? സംഘികളേ, ക്യാപ്റ്റന്‍ ലക്ഷ്മിക്കൊപ്പം പറയാവുന്ന സ്വാതന്ത്ര്യപോരാളികളുടെ പേര്, ഒരൊറ്റ പേര് നിങ്ങളുടെ കൂട്ടത്തില്‍ നിന്നു പറയാമോ? (അതു മാത്രം അവരോട് ചോദിക്കരുത്. അതിന് മുമ്പില്‍ അവര്‍ തെറിവിളിച്ചു തളര്‍ന്നു പോകും. അങ്ങിനെയാരും ഇല്ലാത്തതുകൊണ്ടാണ്, പ്ലീസ്…)
പിന്നെ സംഘികളുടെ മുനതേഞ്ഞ, ദ്രവിച്ച പഴയ പല്ലവികള്‍. ഉത്തരേന്ത്യയിലേക്ക് മാത്രം നോക്കിയിരിക്കുന്നു….അട്ടപ്പാടി….പി.ബി.യിലെ ദളിതന്‍….’പുതിയതൊന്നും പഠിക്കുകയുമില്ല, പഠിച്ചതൊന്നും മറക്കുകയുമില്ല’ എന്ന് പണ്ടാരോ പറഞ്ഞത് ഇവരെക്കുറിച്ചാവാനേ തരമുള്ളൂ.

ആശയങ്ങളുടെ കാര്യത്തില്‍ ഇവര്‍ ‘പട്ടിണിപ്പാവങ്ങള്‍’ തന്നെ. ആ അനുകമ്പയോടെ തന്നെ പറയട്ടെ, ഉത്തരേന്ത്യയില്‍ നിങ്ങളുടെ കൗ ബെല്‍റ്റില്‍ നിന്നു വരുന്ന വിചിത്രവും ഭയാനകവുമായ വാര്‍ത്തകളാണ് വെളിവുള്ളവര്‍ക്കെല്ലാം അങ്ങോട്ട് നോക്കി ‘ഇതെന്തൊരു നാട്…’ എന്ന അമ്പരപ്പുളവാക്കുന്നത്. ആണ്‍മയിലിന്റെ കണ്ണീര്‍ക്കഥകളും പശു ഓക്‌സിജന്‍ ബഹിര്‍ഗമനം നടത്തുന്ന ശാസ്ത്രമഹാസത്യങ്ങളും ഗണേശ വിഗ്രഹത്തിന്റെ പ്ലാസ്റ്റിക് സര്‍ജറി വിസ്മയങ്ങളും ഗോമാതാവിന് ഐ.സി.യു ആംബുലന്‍സും ദരിദ്രന് ഉറ്റവരുടെ മൃതശരീരം തലച്ചുമടായി എടുക്കേണ്ടിവരുന്നതും വംശ മഹിമയുള്ള വെളുത്തു നീണ്ട സന്താനസൃഷ്ടിക്കുള്ള സൂത്രങ്ങളുമൊക്കെ പോലുള്ള എണ്ണിയാലൊടുങ്ങാത്ത കറുത്ത ഫലിതങ്ങളും കൂട്ടമാനഭംഗങ്ങളുടെ ദുരന്തവൃത്താന്തങ്ങളുമെല്ലാം ഇപ്പോള്‍ ദിനേന വന്നു കൊണ്ടിരിക്കുന്നത് നിങ്ങളുടെ മധുരമനോഹര മനോജ്ഞമായ ആര്യവര്‍ത്തത്തില്‍ നിന്നല്ലേ ഭാരതപുത്രന്മാരേ?

ഈ സോമാലിയ പോലുള്ള കേരളത്തിലൊക്കെ എന്താണുള്ളത് ഇതിനോട് കിടപിടിക്കാന്‍? എല്ലാവരുടെയും വീട്ടില്‍ വര്‍ദ്ധിപ്പിച്ച പെന്‍ഷന്‍ എത്തുന്നതോ? സര്‍ക്കാര്‍ സ്‌ക്കൂളില്‍ കൂട്ടത്തോടെ കുട്ടികള്‍ ചേരുന്നതോ? നാടു മുഴുവന്‍ വൈദ്യുതി വെളിച്ചമെത്തിയതോ? ഉത്തരേന്ത്യയിലൊക്കെ ഭാജപ സര്‍ക്കാരുകള്‍ കര്‍ഷകര്‍ക്ക് നല്ല വെടിയുണ്ടപ്പതക്കം സമ്മാനിച്ചപ്പോള്‍ പിണറായി സര്‍ക്കാര്‍ ഇവിടെ കൃഷിക്കാരന് കൊടുക്കുന്നതോ വെറും പെന്‍ഷന്‍ മാത്രം. ഉത്തരേന്ത്യയിലൊക്കെ എത്ര അനായാസമാണ് ആത്മഹത്യ ചെയ്ത് സ്വര്‍ഗ്ഗം പൂകാന്‍ കര്‍ഷകര്‍ക്ക് സൗകര്യമൊരുക്കിയിട്ടുള്ളത്. ഇവിടെയാണെങ്കില്‍ പിണറായി വിജയന്‍ ഒരൊറ്റ കര്‍ഷകനെയും, പ്രത്യേകിച്ച് ഹിന്ദുക്കളായവരെ സ്വര്‍ഗ്ഗത്തില്‍ പോകാന്‍ അനുവദിക്കാതെ ദ്രോഹിക്കുകയല്ലേ? ഛെ…ഉത്തരേന്ത്യന്‍ സംഘഗാഥക്കു മുമ്പില്‍ ഇതൊക്കെ എന്ത്? ഈ പാവം സോമാലിയക്കാരന്‍ പിന്നെങ്ങനെ ഉത്തരേന്ത്യയിലേക്ക് നോക്കാതിരിക്കും സംഘപുത്രരേ?
ഇനി പൊളിറ്റ്ബ്യൂറോയിലെ ദളിതരില്ലാത്ത സങ്കടത്തെക്കുറിച്ച്. ദശരഥ് ദേബ് സി.പി.എം. പി.ബി. അംഗം മാത്രമായിരുന്നില്ല, ത്രിപുര മുഖ്യമന്ത്രി കൂടിയായിരുന്നു. ഇതറിയാന്‍ മിനിമം പത്ര വായനയെങ്കിലും ശീലമാക്കണം. അതെങ്ങിനെയാ, സാത്വികനെന്നും വിവരമുള്ളയാളെന്നുമൊക്കെ കരുതപ്പെടുന്ന രാജേട്ടന്‍ വരെ ഒരു സാദാ സംഘിയെപ്പോലെ കെ.ആര്‍.നാരായണനെ രാഷ്ട്രപതിയാക്കിയത് താനാണെന്നും വാജ്‌പേയിയുടെ കാലത്താണെന്നും ദളിതനായ കെ.ആര്‍. നാരായണനെ സി.പി.എം. എതിര്‍ത്തെന്നും ഒക്കെയുള്ള കല്ലുവച്ച നുണ ഒരു കൂസലുമില്ലാതെ തട്ടിവിടുകയല്ലേ! കെ.ആര്‍.നാരായണന്‍ ഉപരാഷ്ട്രപതിയും പിന്നീട് രാഷ്ട്രപതിയും ആയത് സി.പി.എം. പിന്തുണയോടെയായിരുന്നെന്നും സ്ഥാനാര്‍ത്ഥിയായത് വാജ്‌പേയിയുടെ കാലത്തല്ല, ഐ.കെ. ഗുജ്‌റാളിന്റെ കാലത്തായിരുന്നെന്നും മൂക്ക് കീഴ്‌പോട്ടായ ആളുകള്‍ക്കെല്ലാം അറിയാമെന്നിരിക്കെയാണ് കാരണവര്‍ തന്നെ ഒട്ടും മടിയില്ലാതെ നുണപറയുന്നത്.

ബംഗാരു ലക്ഷ്മണ്‍ എന്നൊരു ദളിതന്‍ ബി.ജെ.പി.യുടെ പ്രസിഡന്റായിരുന്നില്ലേ വാജ്‌പേയി ഭരണകാലത്ത്. ജഗ്ജീവന്‍ റാം മുതല്‍ മകള്‍ മീരാകുമാര്‍ വരെ കോണ്‍ഗ്രസില്‍ നേതൃപദവിയില്‍ വിരാജിച്ച ദളിതര്‍ക്കു വല്ല കുറവുമുണ്ടായിരുന്നോ? രാഷ്ട്രപതിയായും മുഖ്യമന്ത്രിമാരായും മറ്റുമൊക്കെ ദളിതരുണ്ടായിട്ടുണ്ടല്ലോ. എന്നിട്ടും രാജ്യത്തെ ദളിതര്‍ക്കെന്തേ ഇപ്പോഴും ദുരിതജീവിതം? പദവികളിലൊക്കെ ദളിതര്‍ വരണം. പക്ഷേ, ദളിത് ജനസാമാന്യത്തിന് അന്തസ്സുള്ള ജീവിതം ഇല്ലാത്തതെന്തേ എന്ന കാതലായ ചോദ്യത്തിനെ മറക്കാന്‍ ഏതെല്ലാം പദവിയില്‍ ദളിതരുണ്ട് എന്ന കണക്ക് മതിയാവില്ല.

അവസാനം സംഘികള്‍ എപ്പോഴും കൊട്ടിപ്പാടുന്ന അട്ടപ്പാടി. ഏതാനും ദിവസം മുമ്പ് ഞാന്‍ റിപ്പോര്‍ട്ട് കാര്‍ഡ് എഫ്.ബിയിലിട്ടപ്പോള്‍ അട്ടപ്പാടിയില്‍ ചെയ്ത കാര്യങ്ങള്‍ അക്കമിട്ടു നിരത്തിയിരുന്നു. തെറ്റുണ്ടെങ്കില്‍ അന്ന് ചൂണ്ടിക്കാണിക്കാമായിരുന്നു. അന്നിവരെവിടെപ്പോയിരുന്നു? പഞ്ചഗവ്യം സേവിക്കാന്‍ പോയിരുന്നിരിക്കും. കേന്ദ്രമന്ത്രിയുടെ അഭിനന്ദന കത്ത് സംഘികള്‍ക്കായിട്ടു മാത്രം പോസ്റ്റ് ചെയ്തതാണെന്ന് ഞാന്‍ പോസ്റ്റില്‍ പ്രത്യേകം പറഞ്ഞിരുന്നു. അത് വീട്ടിലൊട്ടു ചില്ലിട്ടു സൂക്ഷിച്ചിട്ടുമില്ല. ഇപ്പോ കേള്‍ക്കണേ കഥ….സംഘിമന്ത്രിയുടെ കത്തിന് സംഘികള്‍ക്കും ഒരു വിലയില്ലത്രേ! ശരിയായിരിക്കും. ഞാന്‍ തര്‍ക്കിക്കുന്നില്ല. ‘കൂടെക്കിടക്കുന്നവര്‍ക്കെ രാപ്പനിയറിയൂ’ എന്നാണല്ലോ ചൊല്ല്.’പഴഞ്ചൊല്ലില്‍ പതിരില്ല’ എന്ന് കോപ്പിയെഴുതി പഠിച്ചിട്ടുമുണ്ട്.

സംഘികള്‍പോലും വിലകല്‍പ്പിക്കാത്ത സംഘിമന്ത്രിയുടെ കത്ത് മുന്‍കാല പ്രാബല്യത്തോടെ റദ്ദ് ചെയ്തതായി അറിയിക്കുന്നു. മന്ത്രിമാരെക്കുറിച്ചും കേന്ദ്രഭരണത്തെക്കുറിച്ചുമുള്ള സംഘികളുടെ മതിപ്പ് എന്തായാലും കേമം തന്നെ! നിങ്ങളുടെ മന്ത്രിക്കൂട്ടത്തില്‍ വിലവെക്കാന്‍ കൊള്ളാവുന്നവരെന്ന് നിങ്ങള്‍ക്ക് തോന്നുന്ന ആരെങ്കിലുമുണ്ടെങ്കില്‍ അറിയിക്കാനപേക്ഷ.

ഫേക്ക്‌ഐഡികളില്‍ മുഖം മറച്ചിരുന്നു ആക്രമിക്കുന്ന വ്യാജ ഹിന്ദുക്കളോടും വ്യാജ കാഷായക്കാരോടും വ്യാജ ദേശ സ്‌നേഹികളോടുമൊന്നും ഒരു ഒത്തുതീര്‍പ്പുമില്ല. വിവേകാനന്ദ സ്വാമികളേപ്പോലുള്ള യഥാര്‍ത്ഥ സന്യാസികളോട് അളവറ്റ ആദരവുണ്ട്. അതു കൊണ്ടു തന്നെ സ്വാമിജിയുടെ ബേലൂര്‍ മഠത്തില്‍ ഞാന്‍ പോയിട്ടുമുണ്ട്. ഭഗത് സിങ്ങിനെപ്പോലുള്ള ധീരദേശാഭിമാനികളോടും ആദരവുണ്ട്. അതുകൊണ്ട് കട്കട്കലാനിലെ അദ്ദേഹത്തിന്റെ ജന്മഗൃഹത്തിലും പോയിട്ടുണ്ട്. ജന്മദിനാചരണ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്ത ഭീരുക്കളോട് അതശേഷമില്ലതാനും. തല്‍ക്കാലം ഇവിടെ നിര്‍ത്തുന്നു. സംഘികള്‍ തെറിവിളിച്ചു തളരട്ടെ….

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News