രണ്ടാമൂഴത്തില്‍ മോഹന്‍ലാലിനൊപ്പം അനുഷ്‌കാ ഷെട്ടി?

എം.ടി വാസുദേവന്‍ നായരുടെ കൃതി രണ്ടാമൂഴം എന്ന നോവലിനെ ആസ്പദമാക്കി വി.എ.ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അനുഷ്‌കാ ഷെട്ടിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലേക്ക് പരിഗണിക്കുന്ന നടിമാരുടെ കൂട്ടത്തില്‍ അനുഷ്‌കയ്ക്കാണ് കൂടുതല്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബാഹുബലിയിലെ ദേവസേനയുടെ അഭിനയ മികവാണ് അനുഷ്‌കയെ ചിത്രത്തിലേയ്ക്ക് പരിഗണിക്കാന്‍ കാരണമായത്. അങ്ങനെ സംഭവിച്ചാല്‍ അനുഷ്ക നായികയായെത്തുന്ന മലയാളത്തിലെ ആദ്യ ചിത്രം കൂടിയാകും രണ്ടാമൂഴം. അതേസമയം, രണ്ടാമൂഴത്തില്‍ താരം ഏതു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്ന് വ്യക്തമല്ല.

ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമെന്ന ഖ്യാതി നേടിയ ചിത്രത്തിന്റെ നിര്‍മ്മാണം 1000 കോടി മുതല്‍മുടക്കിലാണ്. പ്രമുഖ പ്രവാസി വ്യവസായി ബി.ആര്‍.ഷെട്ടിയാണ് ചിത്രം 1000 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ ഭീമനായാണ് മോഹന്‍ലാല്‍ വേഷമിടുന്നത്.

രണ്ടാമൂഴം, മഹാഭാരതം എന്നീ രണ്ട് ഭാഗങ്ങളിലായാണ് ചിത്രം ഒരുക്കുന്നത്. അടുത്ത വര്‍ഷം സെപ്തംബറില്‍ ആദ്യ ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കും. 2020ല്‍ ചിത്രം തിയേറ്ററുകളിലുമെത്തും. ആദ്യഭാഗം പുറത്തിറങ്ങി 90 ദിവസത്തിനുള്ളില്‍ രണ്ടാം ഭാഗവും തിയേറ്ററുകളിലെത്തും. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ ഒരുക്കുന്ന ചിത്രം മറ്റ് ഇന്ത്യന്‍ ഭാഷകളിലേയ്ക്കും വിദേശ ഭാഷകളിലേയ്ക്കും ഡബ്ബ് ചെയ്യുമെന്നും സൂചനയുണ്ട്.

ഓസ്‌കാര്‍ അവാര്‍ഡ് ജേതാക്കള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ സിനിമയിലെയും ലോകസിനിമയിലെയും ഏറ്റവും പ്രഗത്ഭരായ സാങ്കേതിക വിദഗ്ദ്ധരാണ് ചിത്രത്തിനായി കൈകോര്‍ക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ വിവിധ ഭാഷകളില്‍ നിന്നുള്ള മുന്‍നിര താരങ്ങള്‍ക്കു പുറമെ ചില ഹോളിവുഡ് താരങ്ങളും ചിത്രത്തില്‍ അണിനിരക്കും. വിഎഫ്എക്‌സിന്റെയും സ്റ്റണ്ട് കൊറിയോഗ്രാഫിയുടെയും വിസ്മയ കാഴ്ച്ചകളും ചിത്രത്തില്‍ ദൃശ്യമാകാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News