പുതുവൈപ്പ് പ്രശ്‌നം പരിഹരിക്കപ്പെടുമ്പോള്‍ നിരാശരാകുന്നതാര്?

ഒരു പിടി ചോദ്യങ്ങള്‍ ഉയര്‍ത്തിയാണ് പുതുവൈപ്പിനിലെ ഐഒസി വിരുദ്ധ സമരത്തിന് താല്‍ക്കാലികമായെങ്കിലും തിരശ്ശീല വീഴുന്നത്. കൊച്ചി നഗരത്തില്‍ ക്രമാസമാധാന പ്രശ്‌നമായും സംസ്ഥാനത്ത് ആകമാനം രാഷ്ട്രീയ വിഷയമായും മാറിയ സമരം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. സമരക്കാര്‍ക്കോ ഐഒസിക്കോ കീഴടങ്ങാതെ തന്നെ സമരം ഒത്തു തീര്‍പ്പിലെത്തിക്കുന്നതില്‍ സര്‍ക്കാര്‍ ജാഗ്രത കാണിച്ചു.

സുരക്ഷ ഉറപ്പാക്കി കൊണ്ട് മാത്രമേ പദ്ധതി നടപ്പാക്കൂ എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പുതുവൈപ്പിന്‍ നിവാസികള്‍ക്ക് നല്‍കുന്നത് വലിയ പ്രതീക്ഷകളാണ്. പദ്ധതി ഉപേക്ഷിക്കില്ലന്ന നിലപാട് ഐഒസിക്ക് മാത്രമല്ല, പ്ലാന്റിനെ ഭാവിയിലേക്കള്ള കരുതലായി കാണുന്നവരും, വികസിത കേരളം സ്വപ്നം കാണുന്നവരുമായ, വലിയൊരു വിഭാഗത്തിനും ആശ്വാസമായി.

എന്നാല്‍ നിരാശരായ ഒരു കൂട്ടരുണ്ട്. പ്രദേശത്തെ സാധാരണക്കാരന്റെ ആശങ്കകളെ സര്‍ക്കാര്‍ വിരുദ്ധ സമരത്തിന് ഇന്ധനമാക്കാന്‍ ശ്രമിച്ചവരാണ് അവര്‍. അവരില്‍ ലത്തീന്‍ സഭ മുതല്‍ അതിതീവ്രവര്‍ഗീയതയെ പ്രതിനിധാനം ചെയ്യുന്ന എസ്ഡിപിഐ വരെയുണ്ട്. അതി വിപ്ലവം പറയുന്ന എസ്‌യുസിഐ മുതല്‍ പിണറായി വിരുദ്ധതയുടെ ആള്‍രൂപമെന്ന് വിമര്‍ശനം പതിവായി കേള്‍ക്കുന്ന സിആര്‍ നീലകണ്ഠന്‍ വരെയുണ്ട്. ചെറുപ്രതിഷേധങ്ങളെ ഊതിപ്പെരുപ്പിക്കാനും ഹൈജാക്ക് ചെയ്ത് തങ്ങളുടേതാക്കാനും വിരുതുള്ള വെല്‍ഫെയര്‍ പാര്‍ട്ടി മുതല്‍ രാഷ്ട്രീയ ലാഭം മാത്രംനോക്കുന്ന മുഖ്യ പ്രതിപക്ഷം വരെയുണ്ട്. പിണറായി സര്‍ക്കാരിനെതിരെ സമീപകാലത്ത് ഉയര്‍ത്തിക്കൊണ്ടു വന്ന സമരങ്ങള്‍ക്കൊക്കെയും പിന്നില്‍ ഈ മഴവില്‍ മഹാസഖ്യം തന്നെയായിരുന്നു എന്ന് കേരളം കണ്ടതാണ്.

മൂന്നാര്‍ സമരത്തിലും, ജിഷ്ണു പ്രണോയ് വിഷയത്തിലും ഇവര്‍ നടത്തിയ പിന്നാമ്പുറ ഇടപെടലുകളില്‍ ഇടതു വിരുദ്ധതയുടെ രാഷ്ട്രീയമായിരുന്നു മുന്നില്‍. എന്നാല്‍ പുതുവൈപ്പിനിലെ ഈ മഴവില്‍ മഹാ സഖ്യത്തിന് പിന്നില്‍ വികസന വിരുദ്ധതയുടെ ഒരു രാഷ്ട്രീയമുണ്ടായിരുന്നു. കാരണം നാടിന്റെ വികസനത്തിന് മുതല്‍കൂട്ടാക്കുമായിരുന്ന ഒരു പദ്ധതിക്കാണ് ഇക്കൂട്ടര്‍ തുരങ്കം വയ്ക്കാന്‍ ശ്രമിച്ചത്.

കേരളത്തിലെയും തമിഴ്‌നാട്ടിലെയും പാചകവാതക ക്ഷാമം ശാശ്വതമായി പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ കൊച്ചിയിലെ പുതുവൈപ്പില്‍ എല്‍പിജി ടെര്‍മിനല്‍ നിര്‍മ്മിക്കുന്നത്. ലോകത്തെ ഏറ്റവും സുരക്ഷിതമായ ‘മൗണ്ടഡ് എല്‍.പി.ജി ടെര്‍മിനല്‍’ ആണ് ഇവിടെയും സ്ഥാപിക്കുന്നത്.

വിദേശത്തുനിന്ന് കപ്പലില്‍ എത്തിക്കുന്ന എല്‍.പി.ജി ഇവിടത്തെ പടുകൂറ്റന്‍ സംഭരണിയില്‍ സൂക്ഷിച്ച് പൈപ്പ് വഴി കേരളത്തിലെയും തമിഴ്‌നാട്ടിലെയും ബോട്ട്‌ലിംഗ് കേന്ദ്രങ്ങളില്‍ എത്തിക്കും. മൂന്ന് സംഭരണികളാണ് നിര്‍മ്മിക്കുന്നത്. ഇവയില്‍ 15,000 ടണ്‍ വാതകം സംഭരിക്കാം. പ്രതിവര്‍ഷ സംഭരണശേഷി ആറു ലക്ഷം ടണ്‍.

45 മില്ലീമീറ്റര്‍ കനമുള്ള ബോയ്‌ലര്‍ ക്വാളിറ്റി സ്റ്റീല്‍ പ്ലേറ്റുകള്‍ ഉപയോഗിച്ചാണ് ടാങ്കുകള്‍ നിര്‍മ്മിക്കുന്നത്. ഇതിന് മുകളില്‍ രണ്ടു മീറ്റര്‍ കനത്തില്‍ മണല്‍ കവചമുണ്ട്. അതിനും മുകളില്‍ 1.25 മീറ്റര്‍ കനത്തില്‍ കോണ്‍ക്രീറ്റ് കവചവും നിര്‍മ്മിക്കും. ഓയില്‍ ഇന്‍ഡസ്ട്രി സേഫ്റ്റി ഡയറക്ടറേറ്റിന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് നിര്‍മ്മാണം.

സുനാമി, ബോംബ് സ്‌ഫോടനം തുടങ്ങിയ ഏത് അത്യാഹിതത്തെയും അതിജീവിക്കുന്ന ലോകനിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങളാണ് ഇവിടെയും. വിദേശത്തും ഇന്ത്യയിലുമുള്ള ഇത്തരം സംഭരണികള്‍ക്ക് അപകടങ്ങള്‍ സംഭവിച്ചിട്ടില്ല. നിലവില്‍ കൊച്ചിയിലും കൊല്ലത്തും സിലണ്ടറില്‍ എല്‍.പി.ജി നിറയ്ക്കുന്ന യൂണിറ്റുകളില്‍ തന്നെ ഇത്തരം ടാങ്കുകള്‍ ഉണ്ട്.

പുതുവൈപ്പ് പ്ലാന്റില്‍ നിന്ന് എല്‍പിജി പൈപ്പ് ലൈനിലൂടെ സേലം വരെ എത്തിക്കും. 498 കിലോമീറ്ററാണ് ഈ പൈപ്പ്‌ലൈന്‍. അമ്പലമുകളിലെ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ (ബിപിസിഎല്‍), ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ (ഐഒസി ) അമ്പലമുകള്‍, ഉദയംപേരൂര്‍ ബോട്ട്‌ലിംഗ് പ്ലാന്റുകള്‍, പാലക്കാട്ട് ബി.പി.സി.എല്‍ നിര്‍മ്മിക്കുന്ന പ്ലാന്റ് എന്നിവിടങ്ങളിലേക്കും ഇവിടെ നിന്ന് പൈപ്പ് കണക്ഷനുണ്ട്. ഐഒസിയുടെ കോയമ്പത്തൂര്‍, ഈറോഡ്, സേലം പ്ലാന്റുകള്‍ക്കും പുതുവൈപ്പില്‍ നിന്നാണ് എല്‍പിജി നല്‍കുക.

കേരളത്തിന് പ്രതിവര്‍ഷം 300 കോടി രൂപ നികുതി വരുമാനം നല്‍കുന്ന പദ്ധതിക്കെതിരെ നടന്ന നീക്കത്തിന് പിന്നില്‍ ചില സാമ്പത്തിക ശക്തികളുടെ നിക്ഷിപ്ത താല്‍പര്യങ്ങളുമുണ്ടെന്ന് വ്യക്തം. മംഗലാപുരത്തുനിന്ന് കേരളത്തിലേക്ക് ദിവസവും റോഡിലൂടെ വാതകവുമായി എത്തുന്ന 100 കണക്കിന് ബുള്ളറ്റ് ടാങ്കറുകളുണ്ട്. ഇവയുടെ ഉടമകളും അവരുടെ സംഘടനയും വലിയൊരു ലോബിയാണ്. ഇവരുടെ പ്രലോഭനങ്ങളും സമ്മര്‍ദ്ദങ്ങളും സമരത്തിന് പിന്നിലുണ്ടെന്ന ആരോപണവും ഉണ്ട്.

എല്ലാം മറന്ന് പദ്ധതിക്കെതിരെ ഇറങ്ങിയ സാധാരണക്കാരെ ഇവര്‍ വിലക്കെടുത്തു എന്നല്ല. സമരത്തെ പിന്നില്‍ നിന്ന് നയിച്ചവരുടെ സ്ഥാപിത താല്‍പര്യങ്ങള്‍ തിരിച്ചറിയാന്‍ അന്നാട്ടില്‍ ഒരു പക്ഷത്തിന് കഴിയാതെ പോയി. ഇവിടെയാണ് സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും സമയോചികമായ ഇടപെടലിന്റെ വിജയം. പക്ഷേ നിക്ഷിപ്ത താല്‍പര്യക്കാര്‍ പിന്തിരിയുമെന്ന് കരുതാന്‍ വയ്യ. അത് കൊണ്ടാണ് സമാധാനം താല്‍ക്കാലികം മാത്രമെന്ന് ചിലരെങ്കിലും ആശങ്കപ്പെടുന്നത്. എന്നാല്‍ ചര്‍ച്ചക്ക് ശേഷം സമരപന്തലില്‍ കാഴ്ചകള്‍ ശുഭസൂചകമാണ്. പാട്ട് പടിയും മുദ്രാവാക്യം വിളിച്ചും അവര്‍ തലസ്ഥാനത്ത് നിന്നും വന്ന നല്ല വാര്‍ത്തയെ വരവേറ്റു.

എങ്കിലും പുതുവൈപ്പ് സമരം ചില പാഠങ്ങള്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്. ഇത്തരം പദ്ധതികള്‍ വരുമ്പോള്‍ ലോകത്ത് എവിടെയായാലും ആശങ്കകളും പ്രതിഷേധങ്ങള്‍ പതിവാണ്. എന്നാല്‍ ഇത് മുതലെടുക്കാനെത്തുന്ന ആള്‍ക്കൂട്ടമില്ലാത്ത ഒറ്റപ്പെട്ട ശബ്ദങ്ങളെ നാം നിരീക്ഷിച്ചേ മതിയാകൂ. കാരണം ഇവരുടെ നയം ജനാധിപത്യ പ്രതിഷേധമല്ല. മറിച്ച് ഒരു കൂട്ടം പാവങ്ങളെ കരുവാക്കി നടത്തുന്ന ചില ഹിഡന്‍ അജണ്ടകളാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News