അഭയാര്‍ത്ഥികളായ ശ്രീലങ്കക്കാര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി; സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നത് പ്രാദേശികാന്വേഷണം നടത്തിയ ശേഷം

തിരുവനന്തപുരം: 1964-74 കാലത്ത് കേരളത്തില്‍ അഭയാര്‍ത്ഥികളായി വന്ന ശ്രീലങ്കക്കാര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

അഭയാര്‍ത്ഥികള്‍ വരുന്ന സമയം ഹൈക്കമ്മീഷന്‍ നല്‍കിയ ഫാമിലി കാര്‍ഡില്‍ ജാതിചേര്‍ത്തിരുന്നവര്‍ക്ക് മാത്രമേ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചിരുന്നുളളൂ. അതേസമയം, ജാതി ചേര്‍ക്കാനാവാത്തതിന്റെ പേരില്‍ മിക്കവര്‍ക്കും സര്‍ട്ടിഫിക്കറ്റ് നിഷേധിക്കപ്പെടുന്ന സ്ഥിതിയുണ്ടായി. ഇക്കാര്യത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ജാതി സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്ന മാതൃകയില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചത്.

അപേക്ഷകന്റെയും പ്രദേശത്തുളള അതേ സമുദായത്തില്‍പ്പെട്ട അഞ്ചു പേരുടെയും സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ പ്രാദേശികാന്വേഷണം നടത്തിയാണ് ജാതി സര്‍ട്ടിഫിക്കറ്റ് അനുവദിക്കുക.

എഴുന്നൂറോളം കുടുംബങ്ങളിലായി എണ്ണായിരത്തോളം പേരാണ് അഭയാര്‍ത്ഥികളായി പുനലൂരിലുളളത്. പത്തനംതിട്ട ജില്ലയിലും ഈ വിഭാഗത്തില്‍പ്പെട്ടവരുണ്ട്. ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതുകാരണം പട്ടികജാതിക്കാര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഇവര്‍ക്ക് മുടങ്ങിയിരിക്കുകയായിരുന്നു.

യോഗത്തില്‍ വനം മന്ത്രി കെ. രാജു, തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍, എസ്.സി/എസ്.ടി പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.വേണു, പട്ടികജാതി ഡയറക്ടര്‍ അലി അസ്ഗര്‍ പാഷ തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here