പുതിയ ഇന്ത്യന്‍ ടീം പരിശീലകന്‍ വീരേന്ദ്ര സെവാഗ്?; ശ്രീലങ്കന്‍ പര്യടനത്തിന് മുന്‍പ് നിയമിക്കുമെന്ന് ബിസിസിഐ

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനെ അടുത്ത മാസം നടക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിന് മുന്‍പ് തന്നെ നിയമിക്കുമെന്ന് ബിസിസിഐ. അനില്‍ കുംബ്ലെയും വിരാട് കൊഹ്ലിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നെന്നും ബിസിസിഐ ആക്ടിംഗ് പ്രസിഡന്റ് സി.കെ ഖന്ന പറഞ്ഞു.

ബിസിസിഐ ഉപദേശക സമിതി അംഗങ്ങളുടെ നേതൃത്വത്തില്‍ പുതിയ പരിശീലകനെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചെന്ന് ബോര്‍ഡ് അംഗമായ രാജീവ് ശുക്ലയും പറഞ്ഞു.

അതേസമയം, പരിശീലക സ്ഥാനത്തേക്ക് വീരേന്ദ്ര സെവാഗ് വരുമെന്നാണ് കായികലോകം റിപ്പോര്‍ട്ട് ചെയ്യുന്നത്. ബിസിസിഐ ഉപദേശക സമിതി സെവാഗിനായിരിക്കും പരിഗണന നല്‍കുകയെന്നാണ് വിലയിരുത്തല്‍. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ് ലക്ഷ്മണ്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.

സെവാഗിനെ കൂടാതെ മുന്‍ ഇന്ത്യന്‍ താരം ദോദ ഗണേഷ്, ഇന്ത്യന്‍ ടീമിന്റെ മുന്‍ മാനേജര്‍ ലാല്‍ചന്ദ് രജപുത്, ഓസ്‌ട്രേലിയന്‍ താരവും ശ്രീലങ്കയുടെ മുന്‍ പരിശീലകനുമായ ടോം മൂഡി, പാക് കോച്ചായിരുന്ന റിച്ചാര്‍ഡ് പൈബസ് എന്നിവരുടെ അപേക്ഷയും ബിസിസിഐ പരിഗണനയിലുണ്ട്. 2019ലെ ലോകകപ്പ് വരെയാകും പുതിയ കോച്ചിന്റെ കാലാവധി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here