കേരളത്തില്‍ പെയ്യുമോ കൃത്രിമ മഴ? അറിയാം ക്ലൗഡ് സീഡിങിനെ

മഴക്കാലമായിട്ടും സംസ്ഥാനത്ത് മഴയെത്താത്ത സാഹചര്യത്തിലാണ് കൃത്രിമമഴയുടെ സാധ്യതകളെപ്പറ്റി ഗൗരവമായി ചിന്തിക്കേണ്ടത്. കേരളത്തിന്റെ മഴ സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കണമെങ്കില്‍ കൃത്രിമ മഴയെപ്പറ്റി നിലനില്‍ക്കുന്ന സംശയങ്ങള്‍ സാധൂകരിക്കേണ്ടതുണ്ട്.

കൃത്രിമ മഴ പെയ്യിക്കാന്‍ ക്ലൗഡ് സീഡിങ് സാങ്കേതികവിദ്യയാണ് ലോകമെമ്പാടും ഉപയോഗപ്പെടുത്തുന്നത്. ധാരാളം മഴമേഘങ്ങളുണ്ടെങ്കിലും മഴപെയ്യാത്ത സാഹചര്യത്തിലാണ് ക്ലൗഡ് സീഡിങ് ഉപയോഗിക്കുന്നത്. പ്രത്യേക വിമാനം വഴിയോ റോക്കറ്റുകള്‍ വഴിയോ മഴമേഘങ്ങളില്‍ സില്‍വര്‍ അയഡൈഡ് പോലുള്ള ലവണങ്ങളുടെ തരികള്‍ വിതറുകയാണ് ക്ലൗഡ് സീഡിങിലൂടെ ചെയ്യുന്നത്. മേഘപടലങ്ങളിലെ നീരാവിയെ രാസവസ്തുക്കളുടെ സഹായത്തോടെ ഘനീഭവിച്ച് വെള്ളത്തുള്ളികളാക്കി മാറ്റിയാണ് കൃത്രിമമഴ പെയ്യിക്കുന്നത്.

മേഘങ്ങളെ ഖനീഭവിപ്പിച്ച് മഞ്ഞായും മഴയായും പെയ്യിക്കാനുള്ള സാങ്കേതികവിദ്യ കണ്ടുപിടിച്ചത് യു.എസ് രസതന്ത്രജ്ഞനും കാലാവസ്ഥ ശാസ്ത്രജ്ഞനുമായ വിന്‍സന്റ് ഷീഫര്‍ ആണ്.

1946ല്‍ ക്ലൗഡ് സീഡിങ് വിദ്യ കണ്ടെത്തിയ അന്നുമുതല്‍ നിരവധി രാജ്യങ്ങള്‍ കൃത്രിമ മഴ പെയ്യിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പലയിടത്തും മഴ പെയ്തിട്ടുമുണ്ട്. ഡബ്യുഎംഒയുടെ കണക്കനുസരിച്ച് ഇന്ത്യ ഉള്‍പ്പടെ ലോകത്ത് 52 രാജ്യങ്ങള്‍ ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കൃത്രിമ മഴ പെയ്യിക്കുന്നത് ചൈനയാണ്. ചൈനയില്‍ 23 തവണ ഇത്തരത്തില്‍ മഴ പെയ്യിച്ചിട്ടുണ്ട്. 2008ല്‍ ബീജിങ് ഒളിംപിക്‌സ് വേളയില്‍ മഴ പെയ്യാതിരിക്കാന്‍ ക്ലൗഡ് സീഡിങ് വഴി മുന്‍കൂട്ടി മഴ പെയ്യിച്ച് ചൈന മാധ്യമശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 2015ല്‍ മാത്രമായി 185 തവണ കൃത്രിമമഴ പെയ്യിച്ച് യുഎഇയും മുന്‍നിരയില്‍ തന്നെയുണ്ട്.

ക്ലൗഡ് സീഡിങ് നടത്തുന്നതിനായ് ഭീമമായ സാമ്പത്തികം വേണ്ടിവരും. ഒരു പ്രദേശത്ത് മാത്രം കൃത്രിമ മഴ പെയ്യിക്കാന്‍ കോടികള്‍ മുടക്കു മുതല്‍ വേണ്ടിവരും. 2015ലെ മൂന്ന് മാസങ്ങളില്‍ നൂറ് ചരുതശ്ര മൈല്‍ പ്രദേശത്ത് ക്ലൗഡ് സീഡിങ് നടത്താന്‍ ഏതാണ്ട് 30 കോടി രൂപയാണ് മഹാരാഷ്ട്ര ചെലവിട്ടത്. ലോകത്താകെ 34 സ്വകാര്യ കമ്പനികള്‍ മാത്രമാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. കോടികള്‍ മുടക്കിയാലും എത്രത്തോളം മഴ പെയ്യിക്കാനാവും എന്ന കാര്യം ഉറപ്പിച്ച് പറയാനാവില്ല എന്നത് കൃത്രിമ മഴയുടെ ന്യൂനതയാണ്.

അതുപോലെ തന്നെ രാസവസ്തുക്കളുടെ ഉപയോഗം മൂലം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. കേരളത്തില്‍ മഴ പെയ്യിക്കുക എന്നത് എത്രത്തോളം സാധ്യമാവും എന്നത് കണ്ടു തന്നെ അറിയണം.

2005ലെ വരള്‍ച്ചാ സമയത്ത് പാലക്കാട് ജില്ലയില്‍ കൃത്രിമ മഴ പെയ്യിക്കാന്‍ കളക്ടര്‍ താത്പര്യപ്പെട്ടെങ്കിലും അന്നത് നടന്നില്ല. ഇനി എന്ന് കേരളത്തിലെ കൃത്രിമ മഴയ്ക്കായി കാത്തിരിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News