
വാച്ചര്‍ കണ്ണന്‍ അന്തരിച്ചു എന്നത് കാടിനെ സ്‌നേഹിക്കുന്നവര്‍ ഞെട്ടലോടെയാണ് കേട്ടത്. 55-ാം വയസില്‍ ഹൃദയാഘാതത്തിന്റെ രൂപത്തില്‍ കണ്ണനെ മരണം കൂട്ടിക്കൊണ്ട് പോയി. ഒരിക്കലെങ്കിലും കണ്ണനെ പരിചയപ്പെട്ടവര്‍ക്ക് താങ്ങാനാവുന്നതല്ല കണ്ണന്റെ അകാല വിയോഗം. ഒരിക്കല്‍ പെരിയാര്‍ കടുവാസങ്കേതം കയറിയവര്‍ക്ക് മറക്കാന്‍ കഴിയില്ല കണ്ണന്റെ സൗഹൃദം. കാടിനെ അറിയുന്നവന്‍. കാടിനെ സ്‌നേഹിക്കുന്നവന്‍.
ശരിക്കും ആരായിരുന്നു കണ്ണന്‍. ബോട്ട് ഡ്രൈവര്‍, വയര്‍ലെസ് ഓപ്പറേറ്റര്‍, ടൂറിസ്റ്റ് ഗൈഡ്. 37 വര്‍ഷത്തിലധികമായി കണ്ണന്‍ പെരിയാറിന്റെ ഉടയോനായിട്ട്. പെരിയാര്‍ കടുവാസങ്കേതത്തിന്റെ നെടുംതൂണായിരുന്നു കണ്ണന്‍. പെരിയാര്‍ കടുവാസങ്കേതം നിലനില്‍ക്കുന്നത് തന്നെ കണ്ണന്‍ കാരണമാണെന്ന് പറയാം.
മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മിച്ച കാലത്ത് തൊഴിലാളിയായി വന്ന ബംഗ്ലാദേശ് കുടുംബത്തിന്റെ മൂന്നാം തലമുറക്കാരനാണ് കണ്ണന്‍. ബോട്ട് ഡ്രൈവറായിരുന്നു കണ്ണന്റെ അച്ഛന്‍.
താടിക്കണ്ണന്‍ എന്നായിരുന്നു കണ്ണനെ അടുപ്പമുള്ളവര്‍ വിളിച്ചിരുന്നത്. കാടിനുള്ളിലെ എല്ലാ ജന്തു സസ്യജാലങ്ങളുടേയും ശാസ്ത്രീയ നാമം കണ്ണന് ഹൃദിസ്ഥമായിരുന്നു. ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെയാണ് കണ്ണന്‍ കാടിനെ സ്‌നേഹിക്കുന്നവരെ കാടിന്റെ നിഗൂഢ സൗന്ദര്യത്തിലേക്ക് നയിച്ചിരുന്നത്.
തേക്കടി ബോട്ടു ദുരന്തമുണ്ടായ വേളയില്‍ തുടര്‍ച്ചയായി 48 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ കണ്ണന്‍ ഒടുവില്‍ കുഴഞ്ഞുവീണു. ബോധം വീണ്ടുകിട്ടിയപ്പോഴും രക്ഷാപ്രവര്‍ത്തനം തുടര്‍ന്ന കണ്ണനെ ആര്‍ക്കും മറക്കാന്‍ കഴിയില്ല.
2014ല്‍ ചാള്‍സ് രാജകുമാരന്‍ കേരളത്തിലെത്തിയപ്പോള്‍ നേരിട്ട് കാണാന്‍ താല്‍പര്യപ്പെട്ട വ്യക്തിയായിരുന്നു കണ്ണന്‍. ആനകള്‍ ജനവാസമേഖലയിലിറങ്ങി നാശനഷ്ടമുണ്ടാക്കുന്നതിനെക്കുറിച്ച് അഭിപ്രായമാരാഞ്ഞ രാജകുമാരന് കണ്ണന്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. ആനകളുടെ വാസമേഘലയില്‍ നമ്മള്‍ ജനങ്ങളല്ലെ വസിക്കുന്നതും അവരെ ശല്യം ചെയ്യുന്നതും. ഉത്തരം രാജകുമാരന് നന്നേ ബോധിച്ചു. അന്ന് കണ്ണനൊപ്പം രാജകുമാരനെ സന്ദര്‍ശിച്ച പ്രശസ്ത വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ബാലന്‍ മാധവന്‍ തന്റെ അച്ഛന്റെ പേരിലുള്ള മാധവന്‍പിള്ള ഫൗണ്ടേഷന്‍ പുരസ്‌ക്കാരം കണ്ണന് നല്‍കിയത് കണ്ണന്റെ മഹത്വം മനസിലാക്കി തന്നെയാണ്.
പെരിയാറില്‍ കിടന്ന് മരിക്കണം എന്ന് കണ്ണന്‍ പറയുമായിരുന്നു എന്ന് ബാലന്‍ മാധവന്‍ ഓര്‍ക്കുന്നു. ആടുന്ന വേദിയില്‍ തന്നെ അവസാനവും എന്നത് മഹാത്മാക്കള്‍ക്ക് മാത്രം സംഭവിക്കുന്ന ഒന്നാണെന്നും ബാലന്‍ മാധവന്‍.
കണ്ണനോടൊപ്പമുള്ള ഓരോ കാടുകയറ്റവും തനിക്ക് ഓരോ പഠന പുസ്തകമാണെന്നാണ് കാടിന്റെ ഹൃദയമറിയുന്ന പ്രശസ്ത വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ എന്‍എ നസീര്‍ പറയുന്നു. പൂമ്പാറ്റകളെയും പുല്‍ച്ചാടികളെയും മരങ്ങളെയും വേഴാമ്പലുകളെയും ആനയെയും കടുവയെയും കരടിയെയും. മത്സ്യങ്ങളെയുമൊക്കെ കണ്ണന്‍ ജീവിതചക്രങ്ങളോടെയാണ് പരിചയപ്പെടുത്തി തരിക എന്നും എന്‍എ നസീര്‍ ഓര്‍ക്കുന്നു. എന്‍എ നസീറിന്റെ കാട്ടിലൊപ്പം നടന്നവരും പൊഴിഞ്ഞ് പോയവരും, എന്ന പുസ്തകത്തിലെ ഒരധ്യായം കണ്ണനെക്കുറിച്ചുള്ളതാണ്.
തമിഴ്‌നാട്ടില്‍ നിന്നും മറ്റും എത്തുന്ന കടുവാ വേട്ടക്കാരുടെ മേച്ചില്‍ പുറമായിരുന്നു ഒരിക്കല്‍ പെരിയാര്‍. പെരിയാറിനെ വേട്ടക്കാരില്‍ നിന്നും മോചിപ്പിച്ചതില്‍ കണ്ണന്റെ സ്ഥാനം എന്നും മുന്നില്‍ തന്നെയാണ്. രണ്‍തംഭോര്‍ ടൈഗര്‍ ഫൗണ്ടേഷന്റെ ‘ടൈഗര്‍ ലിങ്ക് അവാര്‍ഡ്’ സാങ്ച്വറി ഏഷ്യ മാസികയുടെ ‘ടൈഗര്‍ കണ്‍സര്‍വേഷന്‍ അവാര്‍ഡ്’, തുടങ്ങിയ പുരസ്‌ക്കാരങ്ങളും കണ്ണനെ തേടിയെത്തിയിട്ടുണ്ട്.
കാട് കാക്കുന്ന കണ്ണന്റെ കഥ ‘ലൈഫ് ഫോര്‍ ലൈവ്‌സ്’ എന്ന ഡോക്യുമെന്ററിയിലൂടെ രോഷ്‌നി റോസ് ചിത്രീകരിച്ചിട്ടുണ്ട്്. രാവും പകലും ജാഗരൂഗനായിരുന്ന് കാടിനെ പരിപാലിക്കുന്ന കണ്ണന്റെ സേവനം പരിഗണിച്ച് സര്‍ക്കാര്‍ രണ്ട് വര്‍ഷം മുന്‍പ് വാച്ചര്‍ തസ്തികയില്‍ സ്ഥിരനിയമനം നല്‍കി.
കാടേറുന്നവരുടെ പ്രിയ സുഹൃത്തായിരുന്നു കണ്ണന്‍. കാടുമായി നമ്മളെ തൊടുവിക്കുന്ന ഒരു വിരലാണ് കണ്ണന്റെ മരണത്തോടെ നഷ്ടമായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here