മെട്രോയ്ക്ക് വന്‍ നാശനഷ്ടം; ഉമ്മന്‍ചാണ്ടിക്കെതിരെ പ്രതിഷേധം ഇരമ്പുന്നു; അന്വേഷണവുമായി കൊച്ചി മെട്രോ

കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ മെട്രോയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ യാത്രയ്‌ക്കെതിരെ വിമര്‍ശനം ശക്തമാകുന്നു. മലയാള മനോരമ പത്രം കോണ്‍ഗ്രസിന്റെ പ്രാകൃത നടപടിയ്‌ക്കെതിരെ എഡിറ്റോറിയലിലൂടെ വിമര്‍ശനമുന്നയിച്ചപ്പോള്‍ സമൂഹത്തിന്റെ നാനാതുറകളിലും വിമര്‍ശനം ശക്തമാകുകയാണ്.

കേരളത്തിന്റെ മുഖ്യമന്ത്രി വരെയായിരുന്ന വ്യക്തി ഇത്തരത്തില്‍ പ്രാകൃത നടപടിക്ക് നേതൃത്വം നല്‍കിയത് ഗുരുതരമായ തെറ്റാണെന്ന വിമര്‍ശനമാണ് ഉയരുന്നത്. ഇതിനിടയില്‍ ഉമ്മന്‍ചാണ്ടിയുടെ യാത്രയെക്കുറിച്ച് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍.) മാനേജിങ് ഡയറക്ടര്‍ റിപ്പോര്‍ട്ട് തേടി. മെട്രോ നയങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ യാത്രയിലുണ്ടായതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സ്റ്റേഷനുകളുടെ ചുമതലയുള്ളവരില്‍ നിന്നു ഉള്‍പ്പെടെയാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മെട്രോ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്റ്റേഷനുകളിലെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം ചുമതലയുള്ളവര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ തീരുമാനിക്കുമെന്ന് കൊച്ചി മെട്രോ അധികൃതര്‍ അറിയിച്ചു.

ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ആലുവയില്‍ നിന്ന് പാലാരിവട്ടം വരെയായിരുന്നു ജനകീയ യാത്ര എന്ന് പേരിട്ട അലങ്കോലപരിപാടി.  മെട്രോ ഉദ്ഘാടനത്തില്‍ കോണ്‍ഗ്രസിനെയും യു.ഡി.എഫ്. നേതാക്കളെയും അവഗണിച്ചെന്നാരോപിച്ചായിരുന്നു യാത്ര സംഘടിപ്പിച്ചത്. കൊടി തോരണങ്ങളുമായെത്തിയ പ്രവര്‍ത്തകര്‍ മെട്രോയ്ക്ക് കാര്യമായ നാശനഷ്ടങ്ങളുണ്ടാക്കി. പ്രവര്‍ത്തകരുടെ തള്ളിക്കയറ്റം മൂലം ട്രെയിനില്‍ മറ്റു യാത്രക്കാര്‍ക്കും ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവന്നു.

പാലാരിവട്ടത്ത് ഓട്ടോമാറ്റിക് ഫെയര്‍ കളക്ഷന്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനം പോലും നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. ട്രെയിനിലും സ്റ്റേഷനിലും പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കിയതും മെട്രോ ചട്ടങ്ങളുടെ ലംഘനമാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആലുവയില്‍ നിന്നാണ് ഉമ്മന്‍ചാണ്ടിയുടെ യാത്ര തുടങ്ങിയതെങ്കിലും മറ്റു സ്റ്റേഷനുകളില്‍ നിന്നും പ്രവര്‍ത്തകര്‍ മെട്രോ ട്രെയിനുകളില്‍ തള്ളിക്കയറി.

ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ തള്ളിക്കയറിയെന്നും വ്യക്തമായിട്ടുണ്ട്. പ്രവര്‍ത്തകരുടെ ബാഹുല്യവും മോശം പെരുമാറ്റവും മൂലം കനത്ത നാശനഷ്ടമുണ്ടായത് ഏവരും ചൂണ്ടികാട്ടിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയുടെ ഭാഗത്ത് നിന്നും ഇത്തരത്തില്‍ ഒരു പ്രാകൃത നടപടി ഉണ്ടാകാന്‍ പാടില്ലെന്ന വികാരമാണ് മനോരമ പോലും മുന്നോട്ട് വെയ്ക്കുന്നത്. എന്തായാലും ജനകീയയാത്രയെന്ന പേരില്‍ നടത്തിയ കോലാഹലം ഉമ്മന്‍ചാണ്ടിക്ക് കുരുക്കായി മാറിക്കഴിഞ്ഞു.

ഉമ്മൻചാണ്ടിയുടെ മെട്രോയാത്രയുടെ ദൃശ്യങ്ങള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News