മെട്രോയാത്രയില്‍ ഖേദം പ്രകടിപ്പിച്ച് ചെന്നിത്തല; മൗനം പാലിച്ച് ഉമ്മന്‍ ചാണ്ടി

കൊച്ചി: ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിക്കൊണ്ട് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയെ മെട്രോയാത്രയില്‍ ഖേദം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നാല്‍ ഉമ്മന്‍ ചാണ്ടി ഈ വിഷയത്തില്‍ ഇതു വരെ പ്രതികരിച്ചിട്ടില്ല.

യാത്രയെക്കുറിച്ച് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍.) മാനേജിങ് ഡയറക്ടര്‍ റിപ്പോര്‍ട്ട് തേടി.  മെട്രോ നയങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ യാത്രയിലുണ്ടായതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സ്റ്റേഷനുകളുടെ ചുമതലയുള്ളവരില്‍ നിന്നു ഉള്‍പ്പെടെയാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.

മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മെട്രോ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്റ്റേഷനുകളിലെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം ചുമതലയുള്ളവര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ തീരുമാനിക്കുമെന്ന് കൊച്ചി മെട്രോ അധികൃതര്‍ അറിയിച്ചു.

ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടത്തിയ യാത്രക്കെതിരെ വന്‍ പ്രതിഷേധമായിരുന്നു ഉയര്‍ന്നത്. മെട്രോചട്ടങ്ങള്‍ പൂര്‍ണമായി ലംഘിച്ചുകൊണ്ടായിരുന്നു, യാത്ര നടത്തിയത്. ആയിരം രൂപ പിഴയും ആറ് മാസം തടവ് ശിക്ഷ വരെ ലഭിക്കാന്‍ സാധ്യതയുള്ള ചട്ടലംഘനമാണ് യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും നടത്തിയതെന്ന് മെട്രോ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

ആലുവയില്‍ നിന്ന് പാലാരിവട്ടം വരെയായിരുന്നു ജനകീയ യാത്ര എന്ന് പേരിട്ട അലങ്കോലപരിപാടി. മെട്രോ ഉദ്ഘാടനത്തില്‍ കോണ്‍ഗ്രസിനെയും യു.ഡി.എഫ്. നേതാക്കളെയും അവഗണിച്ചെന്നാരോപിച്ചായിരുന്നു യാത്ര സംഘടിപ്പിച്ചത്. കൊടി തോരണങ്ങളുമായെത്തിയ പ്രവര്‍ത്തകര്‍ മെട്രോയ്ക്ക് കാര്യമായ നാശനഷ്ടങ്ങളുണ്ടാക്കി. പ്രവര്‍ത്തകരുടെ തള്ളിക്കയറ്റം മൂലം ട്രെയിനില്‍ മറ്റു യാത്രക്കാര്‍ക്കും ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here