വീണ്ടും ശ്രീകാന്ത് വസന്തം; ലോക ഒന്നാംറാങ്കുകാരനെ അട്ടിമറിച്ചത് ഒരാഴ്ച്ചയ്ക്കിടെ രണ്ടാം തവണ

ബാഡ്മിന്റണ്‍ ലോക ഒന്നാം നമ്പര്‍ താരം ദക്ഷിണ കൊറിയയുടെ സണ്‍ വാന്‍ ഹോയെ ഒരാഴ്ച്ചയ്ക്കിടെ രണ്ടാം തവണയും ഇന്ത്യന്‍ താരം കിദിംബി ശ്രീകാന്ത് അട്ടിമറിച്ചു. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസിന്റെ രണ്ടാം റൗണ്ടിലാണ് സണ്‍ വാന്‍ ഹോയെ തകര്‍ത്ത് ശ്രീകാന്ത് ക്വാര്‍ട്ടറിലെത്തിയത്.

ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷം തിരിച്ചടിച്ച ശ്രീകാന്ത് രണ്ടും മൂന്നും ഗെയിം അനായാസം സ്വന്തമാക്കുകയായിരുന്നു. സ്‌കോര്‍: 15-21, 21-13, 21-13. ഞായറാഴ്ച സമാപിച്ച ഇന്തൊനീഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസിന്റെ സെമിയിലും ശ്രീകാന്ത് സണ്‍ വാന്‍ ഹോയെ തോല്‍പ്പിച്ചിരുന്നു. സീസണില്‍ മികച്ച ഫോമില്‍ തുടരുന്ന ശ്രീകാന്തിനായിരുന്നു ഇന്തൊനീഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം. ഇന്തോനേഷ്യന്‍ പ്രീമിയര്‍ വിജയത്തോടെ ലോകറാങ്കിങ്ങില്‍ 11 സ്ഥാനം മെച്ചപ്പെടുത്തിയ ശ്രീകാന്ത് പതിനൊന്നാം റാങ്കിലെത്തുകയും ചെയ്തു.

ചൈനയുടെ ഹുവാങ് യുക്‌സിയാങ്ങിനെ തകര്‍ത്ത് ഇന്ത്യയുടെതന്നെ സായ് പ്രണീതും ക്വാര്‍ട്ടറില്‍ കടന്നു. വനിതാവിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഡി സഖ്യം, ജപ്പാന്റെ കൊഹറു യെനെമോട്ടോ-ഷിഹോ ടനാക സഖ്യത്തോട് തോറ്റു പുറത്തായി. സ്‌കോര്‍: 21-18, 18-21, 13-21

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News