കര്‍ഷകന്റെ ആത്മഹത്യ; വില്ലേജ് ഓഫീസര്‍ക്കും അസിസ്റ്റന്റിനും സസ്‌പെന്‍ഷന്‍; വകുപ്പുതല അന്വേഷണത്തിനും ഉത്തരവ്; വില്ലേജ് ഓഫീസില്‍ എത്തുന്നവരെ രണ്ട് തവണയില്‍ കൂടുതല്‍ വരുത്തരുതെന്ന് മന്ത്രി ചന്ദ്രശേഖരന്‍

കോഴിക്കോട്: ഭൂനികുതി സ്വീകരിക്കാത്തതില്‍ മനംനൊന്ത് കര്‍ഷകന്‍ വില്ലേജ് ഓഫീസില്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ വില്ലേജ് ഓഫീസറെയും വില്ലേജ് അസിസ്റ്റന്റിനെയും സസ്‌പെന്‍ഡ് ചെയ്തു. വില്ലേജ് ഓഫീസര്‍ സണ്ണിയെയും അസിസ്റ്റന്റ് സിരീഷിനെയുമാണ് റവന്യൂ മന്ത്രിയുടെ നിര്‍ദേശപ്രകാരം ജില്ലാ കലക്ടര്‍ സസ്‌പെന്‍ഡ് ചെയ്തത്. ഇവര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

ഉത്തരവാദികളായ മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് ശേഷം നടപടിയെടുക്കുമെന്നും ആത്മഹത്യ ചെയ്ത ജോയിയുടെ കൈവശഭൂമിക്ക് നികുതി സ്വീകരിക്കാനുള്ള നടപടികള്‍ ഇന്നു തന്നെ സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

ആത്മഹത്യയില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനും വ്യക്തമാക്കി. ആവശ്യങ്ങളുമായി വില്ലേജ് ഓഫീസില്‍ എത്തുന്നവരെ രണ്ട് തവണയില്‍ കൂടുതല്‍ വരുത്തരുത്. നികുതി അടക്കുന്നതിന് കാലതാമസം വരുത്തരുത്, നികുതി സ്വീകരിക്കാത്തതിന്റെ കാരണം എഴുതി നല്‍കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്കാണ് മന്ത്രിയുടെ നിര്‍ദേശം.
ചെമ്പനോട് താഴത്ത് അങ്ങാടിയിലുള്ള വില്ലേജ് ഓഫീസ് കെട്ടിടത്തില്‍ ഇന്നലെയാണ് ജോയി തൂങ്ങി മരിച്ചത്. ജില്ലാ കളക്ടര്‍ നേരിട്ടെത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുകയും നികുതി അടയ്ക്കാന്‍ അവസരമൊരുക്കുകയും ചെയ്യാതെ മൃതശരീരം നീക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാര്‍.

വിഷയത്തില്‍ കലക്ടറോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു. ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ നേരത്തെയും ഇത്തരത്തില്‍ പെരുമാറിയതായി നാട്ടുകാര്‍ കളക്ടറോട് പരാതി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel