രാംനാഥ് കോവിന്ദിനെ നേരിടാന്‍ മീരാകുമാര്‍; പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു; പിന്തുണയുമായി 16 പാര്‍ട്ടികള്‍

ദില്ലി: ലോക്‌സഭാ മുന്‍ സ്പീക്കര്‍ മീരാകുമാറിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രഖ്യാപിച്ചു. ദില്ലിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ 16 പാര്‍ട്ടികളാണ് പാര്‍ലമെന്റ് ഹൗസില്‍ യോഗം ചേര്‍ന്നത്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്‍ഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യയുടെ ആദ്യത്തെ വനിതാ ലോക്‌സഭാ സ്പീക്കര്‍ ആയിരുന്നു മീരാ കുമാര്‍. 2004 മുതല്‍ മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരില്‍ സാമൂഹ്യനീതിന്യായ വകുപ്പില്‍ സഹമന്ത്രിയായിരുന്നു കോണ്‍ഗ്രസ് നേതാവ് കൂടിയായ മീരാകുമാര്‍. 2009ലെ യുപിഎ സര്‍ക്കാരില്‍ ജലവിഭവമന്ത്രിയായി നിയമിതയായെങ്കിലും സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടതിനെത്തുടര്‍ന്ന് മന്ത്രിസഭയില്‍നിന്ന് രാജിവെച്ചു. മുന്‍ ഉപപ്രധാനമന്ത്രിയും പ്രമുഖ ദളിത് നേതാവുമായിരുന്നു ബാബു ജഗ്ജീവന്‍ റാമിന്റെയും സ്വാതന്ത്യ്രസമരസേനാനി ഇന്ദ്രാണി ദേവിയുടെയും മകളാണ്.

ദില്ലി സര്‍വകലാശാലയില്‍നിന്ന് എംഎ, എല്‍എല്‍ബി ബിരുദങ്ങള്‍ കരസ്ഥമാക്കിയിട്ടുളള മീരാ കുമാര്‍ വിവിധ രാജ്യങ്ങളില്‍ ഹൈക്കമ്മീഷനിലും, എംബസികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1973ല്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ ചേര്‍ന്ന മീരാ കുമാര്‍സ്‌പെയിന്‍, യുകെ, മൌറീഷ്യസ് എന്നീ എംബസികളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്തോമൌറീഷ്യസ് ജോയിന്റ് കമ്മീഷനിലും അംഗമായിരുന്നു. സുപ്രീം കോടതി അഭിഭാഷകനായ മഞ്ജുള്‍ കുമാറാണ് ഭര്‍ത്താവ്. അന്‍ഷുല്‍, സ്വാതി, ദേവാംഗന എന്നിവര്‍ മക്കളാണ്.

ബിഹാര്‍ ഗവര്‍ണറായ രാംനാഥ് കോവിന്ദ് ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News