കോട്ടയത്ത് സിപിഐഎം പ്രവര്‍ത്തകരുടെ വീടുകള്‍ ആര്‍എസ്എസ് ഗുണ്ടകള്‍ അടിച്ചു തകര്‍ത്തു

കോട്ടയം: കുലശേഖരമംഗലം, ചെമ്മനാകരി പ്രദേശങ്ങളിലെ സിപിഐഎം, ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ നേതാക്കളുടെ വീടുകള്‍ ആര്‍എസ്എസ് ക്രിമിനല്‍ സംഘം അടിച്ചു തകര്‍ത്തു. അഞ്ച് വീടുകള്‍ക്ക് നേരേയാണ് ആക്രമണം ഉണ്ടായത്.

ആക്രമണത്തില്‍ വീടുകളുടെ ജനല്‍ചില്ലുകളും വാതിലുകളും ലൈറ്റുകളും തകര്‍ന്നു. സിപിഐഎം ടോള്‍ ബ്രാഞ്ചംഗവും ഡിവൈഎഫ്‌ഐ കുലശേഖര മംഗലം ഈസ്റ്റ് മേഖലാ സെക്രട്ടറിയുമായ പ്ലാവുങ്കല്‍ പിഎസ് നൗഫല്‍, എസ്എഫ്‌ഐ ജില്ലാ കമ്മറ്റിയംഗവും തലയോലപ്പറമ്പ് ഏരിയ സെക്രട്ടറിയുമായ ചെമ്മനാകരി മുക്കുതല വീട്ടില്‍ എംഎസ് ശ്യാംലാല്‍, ഡിവൈഎഫ്‌ഐ വെസ്റ്റ് മേഖലാ കമ്മിറ്റിയുടെ ജോ. സെക്രട്ടറി പടന്നയില്‍ അഖില്‍ സാബു, മേഖലാ കമ്മിറ്റിയംഗം കുളങ്ങരയില്‍ രാഹുല്‍ രമേശന്‍, സിപിഐഎം ശാരദാമഠം ബ്രഞ്ചംഗം എമ്രാട്ട് ഷാജി എന്നിവരുടെ വീടുകളാണ് ആര്‍എസ്എസ് ക്രിമിനല്‍ സംഘം ആക്രമിച്ചു തകര്‍ത്തത്.

നൗഫലിന്റെ പിതാവ് ഷംസുദ്ദീനും ശ്യാലാലിന്റെ പിതാവ് ശശിധരനും രാഹുലിന്റെ പിതാവ് രമേശനും സിപിഐഎമ്മിന്റെ വിവിധ ബ്രാഞ്ചംഗങ്ങളാണ്. വ്യഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. മാരകായുധങ്ങളുമായി ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ആദ്യം നൗഫലിന്റെ വീടാണ് ആക്രമിച്ചത്. തുടര്‍ന്ന് ചെമ്മനാ കരി മേഖലയിലെ വീടുകള്‍ തകര്‍ക്കുകയായിരുന്നു. ജനല്‍ചില്ലുകള്‍ പൊട്ടുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് ബഹളം വച്ചതിനെ തുടര്‍ന്നാണ് മാരകായുധങ്ങളുമായി വീടുകള്‍ക്ക് മുന്നില്‍ നിന്നിരുന്ന അക്രമിസംഘം പിന്‍വാങ്ങിയത്.

വൈക്കം മഹാദേവക്ഷേത്രത്തിന്റെ വടക്കേ ഗോപുരത്തിന്റെ വാതില്‍ വ്യാഴാഴ്ച്ച രാത്രി തകര്‍ന്നത് കുലശേഖരമംഗലത്തെ ആക്രമണശേഷം അമിതവേഗതയില്‍പോയ അക്രമി സംഘത്തിന്റെ ബൈക്കിടിച്ചാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ആര്‍എസ്എസ് ക്രിമിനലുകളായ ചെമ്മനാകരി സ്വദേശി ശ്യാംകുമാര്‍, അക്കരപ്പാടം രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഐഎം ആരോപിച്ചു.

ഏതാനും ദിവസം മുന്‍പ് സിപിഐഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും ഈ പ്രദേശത്തെ മുഴുവന്‍ കൊടിമരങ്ങളും ആര്‍എസ്എസ് സംഘം നശിപ്പിച്ചിരുന്നു. ആക്രമത്തിനിരയായ വീടുകള്‍ ഫോറന്‍സിക് വിദഗ്ധ ശാലു വി നായരുടെ നേതൃത്വത്തിലുള സംഘം സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തി. വൈക്കം പോലീസും സ്ഥലത്തെത്തി. സംഭവസ്ഥലം സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി വിഎന്‍ വാസവന്‍, എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍, സിപിഐഎം ജില്ലാ കമ്മറ്റി അംഗം ഇഎം കുഞ്ഞുമുഹമ്മദ്, തലയോലപ്പറമ്പ് ഏരിയ സെക്രട്ടറി കെ ശെല്‍വരാജ് എന്നിവര്‍ സന്ദര്‍ശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News