കോട്ടയത്ത് ദമ്പതികളെ കാണാതായതില്‍ ദുരൂഹത തുടരുന്നു; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

കോട്ടയം: കോട്ടയത്ത് രണ്ട് മാസം മുമ്പ് ദുരൂഹസാഹചര്യത്തില്‍ കാണാതായ ദമ്പതികള്‍ക്കുള്ള തിരിച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കി. അന്വേഷണത്തിന് ശാസ്ത്രീയ സംവിധാനങ്ങളും പൊലീസ് തേടിയിട്ടുണ്ട്. ഗവേഷണാവശ്യങ്ങള്‍ക്കുപയോഗിക്കുന്ന യന്ത്ര സഹായത്താല്‍ വേമ്പനാട്ട് കായലിലും മീനച്ചിലാറ്റിലും പൊലീസിന്റെ തിരച്ചില്‍ തുടരുകയാണ്.

കുമരകം അറുപറ ഒറ്റക്കണ്ടത്തില്‍ ഹാഷിം, ഭാര്യ ഹബീബ എന്നിവരെ കാണതായത് സംബന്ധിച്ച അന്വേഷണം രണ്ടരമാസം പിന്നിട്ട സാഹചര്യത്തിലാണ് പൊലീസ് സി ഡാക്കിന്റെ സഹായം തേടിയത്. ക്യാമറ ഘടിപ്പിച്ച യന്ത്രം വെള്ളത്തില്‍ ഇറക്കിയുള്ള പരിശോധനയാണ് തിരുവനന്തപുരത്തെ സി ഡാക്ക് തുടങ്ങിയിരിക്കുന്നത്. ജലാശയത്തിന്റെ അടിത്തട്ട് കൂടുതല്‍ കൃത്യമായി കാണാന്‍ കഴിയുന്ന ഈ യന്ത്രം സാധാരണ ഗവേഷണാവശ്യങ്ങള്‍ക്ക് മാത്രമാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ആദ്യമായിട്ടാണ് ഒരു കേസ് അന്വേഷണത്തിനായി യന്ത്രം പ്രയോജനപ്പെടുത്തുന്നത്.

എപ്രില്‍ 6ന് രാത്രിയാണ് ദമ്പതികളെ കാണാതായത്. മൊബൈല്‍ ഫോണ്‍ വീട്ടില്‍ വച്ചശേഷം കാറില്‍ ഭക്ഷണം കഴിക്കാനായി പോയതായിരുന്നു ഇവര്‍. കായലിലേക്ക് വീഴാന്‍ സാധ്യതയുള്ള 20 സ്ഥലങ്ങളിലാണ് പ്രധാനമായും പരിശോധന നടത്തുന്നത്.

ദമ്പതികളുടെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കാന്‍ 30 അംഗങ്ങളടങ്ങുന്ന പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയും പൊലീസ് തുടരുകയാണ്. അതിനിടയിലാണ് ശാസ്ത്രീയമായ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here