കുല്‍ഭൂഷന്‍ ജാദവ് പാക് സൈനിക മേധാവിക്ക് ദയാ ഹര്‍ജി സമര്‍പ്പിച്ചു; തെറ്റുകള്‍ പൊറുത്ത് വധശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യം; ചാരവൃത്തിയില്‍ കുല്‍ഭൂഷണ്‍ കുറ്റം സമ്മതിച്ചെന്ന് പാകിസ്ഥാന്‍ വാദം

ദില്ലി: പാകിസ്ഥാന്‍ വധശിക്ഷക്ക് വിധിച്ച മുന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ ജാദവ് ദയാ ഹര്‍ജി സമര്‍പ്പിച്ചു. പാക്ക് സൈനിക മേധാവി മുമ്പാകെയാണ് കുല്‍ഭൂഷന്‍ ദയാഹര്‍ജി സമര്‍പ്പിച്ചത്. വധശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്ന അപേക്ഷയുമായി കുല്‍ഭൂഷണ്‍ സമര്‍പ്പിച്ച ഹര്‍ജി സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയ്ക്കു ലഭിച്ചെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു.

കുല്‍ഭൂഷന്‍ കുറ്റം സമ്മതിക്കുന്ന വീഡിയോയും പാകിസ്ഥാന്‍ പുറത്തുവിട്ടിട്ടുണ്ട്. താന്‍ നടത്തിയ തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ കുല്‍ഭൂഷന്‍ ഖേദം പ്രകടിപ്പിച്ചുവെന്നും പാകിസ്ഥാന്‍ അവകാശപ്പെട്ടു. തെറ്റായ പ്രവര്‍ത്തനങ്ങള്‍ ചെയ്തതില്‍ പശ്ചാത്താപമുണ്ട്. തെറ്റുകള്‍ പൊറുക്കണമെന്നും വധശിക്ഷ ഒഴിവാക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.

നേരത്തെ, ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുല്‍ഭൂഷണ്‍ സൈനിക കോടതിയെ സമീപിച്ചിരുന്നെങ്കിലും അപേക്ഷ തള്ളുകയായിരുന്നു. ഈ ഹര്‍ജി തള്ളിയാല്‍ പ്രസിഡന്റിന് കൂടി ഹര്‍ജി നല്‍കാനുള്ള അവസരമുണ്ട്.

ചാരവൃത്തിയുടെ പേരില്‍ ഏപ്രില്‍ മാസത്തിലാണ് പാക് സൈനിക കോടതി കുല്‍ഭൂഷണിനെ വധശിക്ഷയ്ക്ക് വിധിച്ചത്. തുടര്‍ന്ന് വിധിക്കെതിരെ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വധശിക്ഷ നടപ്പാക്കരുതെന്നാണ് അന്താരാഷ്ട്ര കോടതി പാകിസ്ഥാനോട് നിര്‍ദേശിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here