ജനങ്ങളെ ദരിദ്രരെന്ന് ചാപ്പ കുത്താന്‍ ബിജെപിക്ക് എന്ത് അധികാരം; പ്രാകൃത നടപടിക്കെതിരെ രൂക്ഷ പ്രതികരണവുമായി പിണറായി

തിരുവനന്തപുരം: രാജസ്ഥാനില്‍ പാവപ്പെട്ട ജനങ്ങളെ ദരിദ്രരെന്നും അതി ദരിദ്രരെന്നും ചാപ്പ കുത്തുന്ന ബിജെപി സര്‍ക്കാരിന്റെ നടപടി പ്രാകൃതവും അപരിഷ്‌കൃതവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. നാസി അധിനിവേശ പ്രദേശങ്ങളില്‍ ജൂതരും ന്യൂനപക്ഷ വിഭാഗങ്ങളും അടങ്ങുന്നവരെ പ്രത്യേക ചേരികളില്‍ തള്ളിയ ഹിറ്റ്‌ലറുടെ നടപടിയെ ഓര്‍മ്മിപ്പിക്കുന്നതാണിത്.

പൊതുവിതരണ സംവിധാനത്തിന് ജനങ്ങളില്‍ നിന്ന് ശക്തമായ ആവശ്യമുയരുമ്പോഴാണ്, പാര്‍പ്പിടത്തിനു മുന്നില്‍ ഞാന്‍ ദരിദ്രന്‍, ഞാന്‍ അതിദരിദ്രന്‍ എന്നിങ്ങനെ പെയിന്റ് ചെയ്ത് വെച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍ ജനങ്ങളെ വേര്‍തിരിക്കുന്നത്. സ്വന്തം വീട്ടിന്റെ ചുവരില്‍ ദാരിദ്ര്യ പ്രഖ്യാപനം നടത്തിയാല്‍ മാത്രം ഭക്ഷ്യ സബ്‌സിഡി ലഭിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ വലിയ വേര്‍തിരിവും അസന്തുഷ്ടിയുമാണ് സൃഷ്ടിക്കുക പിണറായി വിജയന്‍ പറഞ്ഞു ദരിദ്ര ജനങ്ങള്‍ക്ക് ദാരിദ്ര്യം പതിച്ചുനല്‍കി മാറ്റിനിര്‍ത്തുന്നതാണത്. ദൗസജില്ലയില്‍ ആരംഭിച്ച ഈ ചാപ്പ കുത്തല്‍ സംസ്ഥാനത്താകെ വ്യാപിപ്പിക്കുന്നു എന്നാണു് വാര്‍ത്ത.

കടാശ്വാസം ഒരു ഫാഷനാണെന്ന് കേന്ദ്ര മന്ത്രിയായ ഉന്നത ബി ജെ പി നേതാവു തന്നെ പറഞ്ഞു കഴിഞ്ഞു. എഴുതിത്തള്ളലല്ല; ശാശ്വത പരിഹാരമാണ് വേണ്ടതെന്നും അദ്ദേഹം പറയുന്നുണ്ട്. ആരാണ് പരിഹാരം കാണേണ്ടത്? കര്‍ഷകര്‍ കടം വാങ്ങുന്നതും തിരിച്ചടക്കാനാകാതെ കെണിയിലാകുന്നതും ജീവനൊടുക്കുന്നതും ഫാഷനല്ല. ആ ദുരിതത്തില്‍ അവര്‍ക്ക് കൈത്താങ്ങുനല്‍കുന്നതും ഫാഷനല്ല.

ജനങ്ങളെ എല്ലാ തരത്തിലും കൂടുതല്‍ കൂടുതല്‍ ഭിന്നിപ്പിക്കുകയാണ് സംഘ പരിവാര്‍ അജണ്ട. അതിന്റെ ഭാഗമാണ് ദരിദ്രരെ ചാപ്പ കുത്തുന്നതു മുതല്‍ ഫാഷന്‍ പ്രസ്താവന വരെ. ഈ സമീപനത്തിനെതിരായ ജനകീയ പ്രതിരോധം കൂടുതല്‍ ശക്തമാകേണ്ടതുണ്ട് പിണറായി വിജയന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News