
ദില്ലി: 10 വര്‍ഷത്തെ യു പി എ ഭരണത്തിന്റെ അവസാന ഘട്ടത്തിലാണ് നരേന്ദ്രമോദിയെ ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. വികസനത്തിന്റെ ഗുജറാത്ത് മോഡല്‍ എന്ന പൊള്ളയായ അവകാശ വാദങ്ങളെ മുന്‍ നിര്‍ത്തിയായിരുന്നു അത്. വേദികളില്‍ നിന്നും വേദികളിലേക്ക് പറന്നിറങ്ങിയ മോദി വികസനത്തിന്റെ സ്വപ്‌നകഥകളായിരുന്നു തെരഞ്ഞെടുപ്പ് വേദികളില്‍ പാടി പറഞ്ഞത്.
അറുപത് വര്‍ഷം കോണ്‍ഗ്രസിന് ചെയ്യാനാകാത്തത് കേവലം അറുപത് മാസം കൊണ്ട് താന്‍ ചെയ്യുമെന്ന് പറഞ്ഞു തുടങ്ങിയ വചനഘോഷങ്ങള്‍ എല്ലാവരുടെയും അക്കൗണ്ടില്‍ ലക്ഷങ്ങള്‍ എത്തിക്കുമെന്നതുവരെയെത്തി. പറഞ്ഞതില്‍ പകുതി മാത്രം കേട്ട ജനങ്ങള്‍ മോദിയെ അധികാരത്തിലുമേറ്റി. അധികാരവഴികളില്‍ മൂന്ന് വര്‍ഷങ്ങള്‍ പിന്നിട്ട് നില്‍ക്കുമ്പോള്‍ മോദിക്കാലം എന്തു നല്‍കിയെന്നതാണ് പ്രമുഖ സാമ്പത്തിക മാഗസീനായ ദി എക്കണോമിസ്റ്റ് വരച്ചുകാട്ടുന്നത്.
മോദിയെ നിങ്ങള്‍ സാമ്പത്തിക പരിഷ്‌കര്‍ത്താവ് എന്ന് വിളിച്ചോളു, പക്ഷെ യാഥാര്‍ത്ഥ്യം മോദി കേവലം ഷോവനിസ്റ്റ് മാത്രമാണെന്നതാണ് എക്കണോമിസ്റ്റ് ഒറ്റ വാക്യത്തില്‍ പറയുന്നത്. മോദിയെ സാമ്പത്തിക പരിഷ്‌കര്‍ത്താവ് എന്ന് ചിലരൊക്കെ വിശേഷിപ്പിക്കുന്നത് കൃത്യമായ അജണ്ടയുടെ ഭാഗം മാത്രമാണെന്നും അവര്‍ ചൂണ്ടികാട്ടുന്നു. മതത്തിന്റെ കെട്ടുപാടുകളില്‍ പിടഞ്ഞ് കിടക്കുന്ന ക്രാന്തദര്‍ശിയല്ലാത്ത കേവലം ഒരു ഷോവനിസ്റ്റ് മാത്രമാണ് മോദിയെന്നും കാര്യ കാരണങ്ങള്‍ നിരത്തി എക്കണോമിസ്റ്റ് വിശദീകരിച്ചിട്ടുണ്ട്.
സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ സ്വീകരിക്കുന്നതി മോദി ഏറ്റവും പിന്നിലെന്നാണ് എക്കണോമിസ്റ്റിന്റെ പക്ഷം. സാമ്പത്തികത്തെക്കുറിച്ച് ബോധമില്ലാത്തവര്‍ മാത്രമാണ് മോദി പരിഷ്‌കാരിയാണെന്ന് പറയുന്നതെന്നും തീവ്രദേശീയതയും വര്‍ഗീയതയും ഇളക്കിവിട്ട് ധ്രുവീകരണമുണ്ടാക്കി തിരഞ്ഞെടുപ്പുകള്‍ ജയിക്കുന്ന ഒരു ഷോവനിസ്റ്റാണ് മോദിയെന്നും വിലയിരുത്തലുണ്ട്. മോദിയുടെ മുതലാളിത്ത സാമ്പത്തിക പരിഷ്‌കാര നടപടികള്‍ ദുര്‍ബലമാണെന്നും വിമര്‍ശിക്കുന്നുണ്ട്.
പ്രധാനമന്ത്രിയെന്ന നിലയില്‍ മോദി ഹിന്ദു തീവ്രവാദികളെയാണ് പ്രോത്സാഹിപ്പിക്കുന്നത്. അധികാരം മാത്രമാണ് മോദിയുടെ ലക്ഷ്യം. സാമ്പത്തിക വളര്‍ച്ച പിന്നോക്കം പോകുമ്പോളും വര്‍ഗീയ ധ്രുവീകരണം ശക്തമാക്കി സ്വന്തം ആധിപത്യം നിലനിര്‍ത്താനാണ് മോദി ശ്രമിക്കുന്നത്. കന്നുകാലി വില്‍പ്പന നിയന്ത്രണത്തിന്റെ പേരില്‍ ബീഫ് കയറ്റുമതി അടക്കമുള്ള അനുബന്ധ വ്യവസായങ്ങളില്‍ മോദിയും സംഘവും സൃഷ്ടിച്ച പ്രതിസന്ധി എക്കണോമിസ്റ്റ് എടുത്തുകാട്ടിയിട്ടുണ്ട്.
കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ക്കും വ്യക്തികള്‍ക്കും നേരേയുണ്ടാകുന്ന ആക്രമണങ്ങള്‍ മോദിയുടെ ശൈലി വ്യക്തമാക്കുന്നതാണെന്നും എക്കണോമിസ്റ്റ് ചൂണ്ടികാട്ടി. സി ബി ഐ- ആദായ നികുതി റെയ്ഡുകള്‍ ഇതിന്റെ മറ്റൊരു രൂപം മാത്രമാണ്. കെട്ടിഘോഷിച്ച മോദിയുടെ നോട്ട് നിരോധനം സാമ്പത്തിക വളര്‍ച്ചയ്ക്ക് വലിയ തിരിച്ചടി ഉണ്ടാക്കി. വ്യക്തിപൂജയും ആത്മരതിയും ആഘോഷിക്കുന്ന ഒരു സൈക്കോഫാന്റിക് കൂടിയാണ് മോദിയെന്നും എക്കണോമിസ്റ്റ് പറയുന്നു.
ഇന്ത്യയുടെ ശക്തി ലോകത്തിന് കാട്ടികൊടുത്ത നേതാവെന്നാണ് അണികളും സംഘപരിവാറും മോദിയെ ചിത്രീകരിക്കുന്നത്. എന്നാല്‍ ചരിത്രം ഇന്ത്യയുടെ വളര്‍ച്ചയും സുസ്ഥിര വികസനവും തടഞ്ഞ നേതാവെന്ന് വിശേഷണമാകും മോദിക്ക് ചരിത്രം കാത്ത് വെച്ചിരിക്കുന്നതെന്നും എക്കണോമിസ്റ്റ് പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here