കാലത്തിന്റെ ജീര്‍ണതയെ അതിജീവിച്ച്, ഇന്നും പ്രിയങ്കരമായി തുടരുന്ന ‘നൗതാങ്കി’

‘നൗതാങ്കി’ ഇന്ത്യയുടെ പ്രാചീന നൃത്തശാലകളാണ്. ഉള്‍ഗ്രാമങ്ങളിലും ചെറു നഗരങ്ങളിലും ഇന്നും പ്രിയങ്കരമായി തുടരുന്ന നൃത്തകലകള്‍. സ്മാര്‍ട്ട് ഫോണുകള്‍ കലാവൈവിധ്യങ്ങളുടെ ശ്രേണികള്‍ നിരത്തി വച്ച് അരങ്ങ് തകര്‍ക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇത്തരം കലാരൂപങ്ങള്‍ കാലത്തിന്റെ ജീര്‍ണതയെ അതിജീവിച്ച് നിലനില്‍ക്കുന്നു.

1980കളില്‍ ടെലിവിഷന്‍ ജനപ്രിയ മാധ്യമമാകുന്നതിന് മുന്‍പും മറ്റും വടക്കേ ഇന്ത്യയുടെ സുലഭമായ വിനോദോപാധി കൂടിയായിരുന്നു ഇത്തരം സഞ്ചരിക്കുന്ന നൃത്തശാലകള്‍. ഇന്നും അവിടവിടെയായി പ്രാചീനമായ ഈ സംസ്‌കാരം നിലനിര്‍ത്താന്‍ പരിശ്രമിക്കുന്നു ഒരു കൂട്ടം നര്‍ത്തകര്‍. നാടോടി നാടകശാലകള്‍ എന്നും അറിയപ്പെടുന്ന നൗതാങ്കി കന്നുകാലി മേളകള്‍ നടക്കുമ്പോഴും മറ്റും ജനശ്രദ്ധയാകര്‍ഷിച്ചിരുന്ന കലാരൂപമാണ്.

കഴിഞ്ഞയിടെ വടക്കന്‍ സംസ്ഥാനമായ ബീഹാറിലെ സോനേപൂര്‍ ടൗണില്‍ നടന്ന മേളയിലും ഏറ്റവും കുറഞ്ഞത് എട്ട് വിവിധ നൃത്തശാലകള്‍ അരങ്ങ് തകര്‍ത്തു. നൗതാങ്കി അരങ്ങുകളില്‍ കഥാതന്തുക്കള്‍ നാടോടിക്കഥകളും പുരാണകഥകളും ഒക്കെയാണ്. നൃത്തവും നാടകവും സംഗീതവുമെല്ലാം സമന്വയിപ്പിച്ചാണ് കഥകള്‍ നിര്‍മ്മിക്കുന്നത്. ലളിതമായ കലാരൂപങ്ങളാണിവ. കാഴ്ചക്കാര്‍ക്ക് യഥേഷ്ടം ആസ്വദിക്കാനും അഭിനേതാക്കളോട് സംവദിക്കാനുമൊക്കെയുള്ള സ്വാതന്ത്ര്യവും ഉണ്ട്.

നൗതാങ്കിയുടെ പ്രധാന ആകര്‍ഷണം നാടോടി ഗാനങ്ങള്‍ക്ക് ചുവടു വെയ്ക്കുന്ന നര്‍ത്തകിമാരാണ്. പലപ്പോഴും നന്നായി അവസാനിക്കാറില്ല നൗതാങ്കികള്‍. കാണികളുടെ അമിതാവേശം അവയുടെ സൗന്ദര്യം ഇല്ലാതെയാക്കാറുണ്ടെങ്കിലും വടക്കേ ഇന്ത്യന്‍ ഗ്രാമീണര്‍ക്ക് നൗതാങ്കി ഇന്നും ഒരുത്സവമാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here