പകര്‍ച്ചപ്പനി തടയാന്‍ ഊര്‍ജ്ജിത നടപടികളുമായി പിണറായി സര്‍ക്കാര്‍; പ്രത്യേക ക്ലിനിക്കുകളും മൊബൈല്‍ ക്ലിനിക്കുകളും തയ്യാര്‍; ആശുപത്രികളില്‍ കൂടുതല്‍ വാര്‍ഡുകള്‍; ഉച്ചയ്ക്ക് രണ്ടു മണിക്ക് ശേഷവും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ ഉച്ചയ്ക്ക് ശേഷവും ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കാന്‍ സര്‍വ്വകക്ഷിയോഗ തീരുമാനം. റിട്ട. ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വകാര്യ ആശുപത്രികളിലെ പനി ബാധിതരുടെ കണക്ക് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. പനി ബാധിതരുടെ കിടത്തി ചികിത്സ ഉറപ്പാക്കാന്‍ കൂടുതല്‍ വാര്‍ഡുകള്‍ ആരംഭിക്കും. കൂടാതെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സര്‍വകക്ഷിയോഗം വിളിക്കാനും തീരുമാനിച്ചു.

പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നാടാകെ ഒന്നിച്ചു നീങ്ങണമെന്ന സമീപനത്തോടെയാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വ്വകക്ഷിയോഗം ചേര്‍ന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഉച്ചയ്ക്ക് രണ്ടു മണിക്ക് ശേഷം ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും. റിട്ട. ചെയ്തവരുടെ സേവനവും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ആശുപത്രികളില്‍ എത്തുന്ന രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ വാര്‍ഡുകള്‍ ആരംഭിച്ച് കിടത്തി ചികിത്സ ഉറപ്പാക്കും. സ്വകാര്യ ആശുപത്രികളിലും പ്രത്യേക വാര്‍ഡുകള്‍ ഒരുക്കണമെന്ന് അഭ്യര്‍ത്ഥിക്കും. പനി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പഞ്ചായത്തുകള്‍ക്ക് ഫണ്ട് നല്‍കുന്നതില്‍ യാതൊരു പ്രശ്‌നവുമില്ലെന്നും പണത്തിന്റെ ക്ഷാമമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്വകാര്യ ആശുപത്രികളിലെ പനി ബാധിതരുടെ കണക്ക് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. കൂടാതെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഈ മാസം 27ന് മുന്‍പ് സര്‍വകക്ഷിയോഗം വിളിക്കാനും തീരുമാനിച്ചു.

ശുചീകരണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. സര്‍ക്കാര്‍ ഉണര്‍ന്ന പ്രവര്‍ത്തിക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. മന്ത്രിമാരായ കെ.കെ ശൈലജ, കെ.ടി ജലീല്‍, എല്‍ഡിഎഫ്, യുഡിഎഫ് പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

സര്‍ക്കാര്‍ ആശുപത്രികള്‍ പനി ചികില്‍സയ്ക്കായി മാത്രം പ്രത്യേക ക്ലിനിക്കുകള്‍ ആരംഭിച്ചു കഴിഞ്ഞെന്നും പനി സാധ്യത കൂടുതലുള്ള പ്രദേശങ്ങളില്‍ മൊബൈല്‍ ക്ലിനിക്കുകളും ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു. മടുപ്പില്ലാതെയും വിശ്രമമില്ലാതെയും സേവനം നടത്തുന്ന ഡോക്റ്റര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകരെ മുഖ്യമന്ത്രി അഭിനന്ദിച്ചു. പകര്‍ച്ചപ്പനി ചികില്‍സയെ സംബന്ധിച്ചുള്ള ശാസ്ത്രീയാടിത്തറയില്ലാത്ത പ്രചാരണങ്ങള്‍ നിലവിലെ സ്ഥിതി വഷളാക്കുവാനേ ഉപകരിക്കൂ. അത്തരം പ്രചാരണങ്ങളില്‍ നിന്നും പൊതുജനങ്ങള്‍ വിട്ടുനില്‍ക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

പകര്‍ച്ചപ്പനി നിയന്ത്രണവിധേയമാക്കുവാന്‍ ചികില്‍സയോടൊപ്പം പ്രധാനപ്പെട്ടതാണ് മാലിന്യനിര്‍മാജനം പോലെയുള്ള പ്രവര്‍ത്തനങ്ങളും. കൊതുകുകള്‍ പെരുകുവാനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കുകയാണ് ഇതില്‍ പ്രധാനം. ഇതിനായി നാം ഓരോരുത്തരും മുന്നിട്ടിറങ്ങേണ്ടതായിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളും സന്നദ്ധസംഘടനകളും ക്ലബ്ബുകളും അടക്കം സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവര്‍ ഈ മാസം 27 മുതല്‍ മൂന്നു ദിവസം നടക്കുന്ന ശുചീകരണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും. ചുറ്റുപാടുകള്‍ വൃത്തിയായി സൂക്ഷിക്കുക എന്നത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണ്.

സാമൂഹ്യമാധ്യമങ്ങളില്‍ ഇടപെടുന്നവര്‍ക്ക് പകര്‍ച്ചപനിക്കെതിരായുള്ള പ്രവര്‍ത്തനങ്ങളില്‍ വളരെ വലിയ പങ്കാണുള്ളത്. സാമൂഹികനന്മ ലക്ഷ്യം വെച്ചാണ് ബഹുഭൂരിപക്ഷം പേരും സാമൂഹികമാധ്യമങ്ങളില്‍ ഇടപെടുന്നത്. അത്തരക്കാര്‍ക്ക് ശുചീകരണപ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കെടുക്കുവാനും മറ്റുള്ളവരെ ഈ പ്രവര്‍ത്തനങ്ങളെ പറ്റി ബോധവല്‍ക്കരിക്കുവാനും സാധിക്കും എന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News