വില്ലേജ് ഓഫീസുകളില്‍ മിന്നല്‍ പരിശോധന; മണക്കാട് ഓഫീസില്‍ നിന്ന് കണക്കില്‍പ്പെടാത്ത 10,000 രൂപ പിടിച്ചെടുത്തു; കണിമംഗലം ഓഫീസില്‍ ഫയലുകളില്‍ ക്രമക്കേട്

തിരുവനന്തപുരം: കോഴിക്കോട്ടെ കര്‍ഷക ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ വില്ലേജ് ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. പരിശോധനയില്‍ തൊടുപുഴ മണക്കാട് വില്ലേജ് ഓഫീസില്‍ നിന്ന് കണക്കില്‍പ്പെടാത്ത 10,000 രൂപ പിടിച്ചെടുത്തു.

തൃശൂര്‍ കണിമംഗലം വില്ലേജ് ഓഫീസിലെ പരിശോധനയില്‍ രണ്ട് ഫയലുകളില്‍ ക്രമക്കേട് കണ്ടെത്തി. പേട്ട വില്ലേജ് ഓഫീസില്‍ വിജിലന്‍സ് റെയിഡ് നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും ലഭിച്ചില്ലെന്നും ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

മാസത്തിലൊരിക്കല്‍ വില്ലേജ് ഓഫീസുകളില്‍ മിന്നല്‍ പരിശോധന നടത്തണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധന.

അതേസമയം, ചെമ്പനോടയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത വില്ലേജ് ഓഫീസില്‍, രേഖകള്‍ തിരുത്തിയെന്ന പരാതിയില്‍ വിജിലന്‍സ് പരിശോധന നടത്തി. നാലു മണിക്കൂറോളം നീണ്ട പരിശോധനയില്‍ ചില പ്രധാന രേഖകള്‍ സംഘം ഓഫീസില്‍ നിന്ന് കണ്ടെടുത്തു.

വര്‍ഷങ്ങളായി നികുതി അടയ്ക്കാന്‍ കഴിയാത്തവര്‍ കൂട്ടത്തോടെ കരമടക്കാന്‍ എത്തിയതും വലിയ തര്‍ക്കത്തിന് കാരണമായി. പേരാമ്പ്ര സിഐ വില്ലേജ് ഓഫീസില്‍ എത്തിയ ശേഷമാണ് തര്‍ക്കം അവസാനിച്ചത്. ആത്മഹത്യയില്‍ പൊലീസ് അന്വേഷണവും പുരോഗമിക്കുകയാണ്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പേരാമ്പ്ര പൊലീസ് വീട്ടിലെത്തി ജോയിയുടെ ഭാര്യയുടേയും ബന്ധുക്കളുടേയും മൊഴിയെടുത്തു. സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.

ചെമ്പനോടയിലെ കര്‍ഷകന്‍ ജോയ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ റവന്യു ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായാണ് കോഴിക്കോട് ജില്ലാ കളക്ടറുടെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. കരം സ്വീകരിക്കാനുള്ള നടപടി ക്രമങ്ങളില്‍ അനാവശ്യ കാലതാമസം ഉണ്ടായിട്ടുണ്ട്. ഇക്കാര്യത്തില്‍ വില്ലേജ് ഓഫീസര്‍ക്കും, അസിസ്റ്റന്റിനും തുല്യ ഉത്തരവാദിത്തമാണുള്ളത്. സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിലാണ് കളക്ടര്‍ ഇക്കര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്. സംഭവത്തെ കുറിച്ച് ഡപ്യുട്ടി കളക്ടര്‍ വിശദമായ അന്വേഷണം നടത്തും. രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാനും കളക്ടര്‍ യു വി ജോസ് നിര്‍ദ്ദേശം നല്‍കി.

ഇതിനിടെ കരം അടക്കലില്‍ തര്‍ക്കം നിലനിന്ന ജോയിയുടെ ഭാര്യയുടെ പേരിലുള്ള 80 സെന്റ് സ്ഥലത്തിന്റെ നികുതി സഹോദരന്‍ ചെമ്പനോട വില്ലേജ് ഓഫീസില്‍ അടച്ചു. ജോയിയുടെ പേരിലുളള സ്ഥലത്തിന്റെ രേഖകളില്‍ തിരുത്തല്‍ വരുത്തിയെന്ന ആക്ഷേപവും കുടുംബാംഗങ്ങള്‍ ഈ സമയത്ത് ഉന്നയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News